- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദങ്ങള്‍ക്കിടെ എന്‍ പ്രശാന്ത് മനോരമയുടെ ന്യൂസ് മേക്കര്‍ പട്ടികയില്‍; ഈയുള്ളവന്‍ സത്യത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്ന ടൈപ്പല്ല! അക്കമിട്ട ചോദ്യങ്ങളുമായി വീണ്ടും ഫേസ്ബുക്ക് പോസ്റ്റ്; ന്യൂസ് മേക്കറിലൂടെ സുതാര്യമായ ബ്യൂറോക്രസിയും, നീതിബോധവും, വ്യക്തിഗത സ്വാതന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടട്ടെയെന്ന് കലക്ടര്‍ ബ്രോ!
വിവാദങ്ങള്‍ക്കിടെ എന്‍ പ്രശാന്ത് മനോരമയുടെ ന്യൂസ് മേക്കര്‍ പട്ടികയില്‍
തിരുവനന്തപുരം: അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലകിനെ വിമര്‍ശിച്ച് സാമൂഹ്യമാദ്ധ്യമങ്ങളില്‍ പോസ്റ്റിട്ട കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍.പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തിട്ട് 20 ദിവസമായി. മുതിര്‍ന്ന ഉദ്യോസ്ഥന്റെ അഴിമതികള്‍ തെളിവുകള്‍ സഹിതം ചൂണ്ടിക്കാട്ടിയ പ്രശാന്ത് രണ്ടും കല്‍പ്പിച്ചാണ് മുന്നോട്ടു പോകുന്നത്. സംഭവത്തില്‍ സസ്‌പെന്‍ഷന്‍ കഴിഞ്ഞ് 20 ദിവസം കഴിഞ്ഞിട്ടും ചാര്‍ജ് മെമ്മോ നല്‍കിയിട്ടില്ല സര്‍ക്കാര്‍.
ചാര്‍ജ് മെമ്മോ നല്‍കിയാലേ മറുപടി നല്‍കാന്‍ പ്രശാന്തിനാവൂ. മറുപടി അനുസരിച്ച് സര്‍ക്കാരിന് തുടര്‍നടപടികളിലേക്ക് കടക്കാം. അതിനിടെ ചാര്‍ജ്‌മെമ്മോ നല്‍കിയാല്‍ വീണ്ടും ജയതിലകിനെതിരെ കടുത്തഭാഷയില്‍ ആരോപണങ്ങള്‍ നിരത്തുമെന്ന ആശങ്ക ഉദ്യോഗസ്ഥ തലത്തില്‍ തന്നെയുണ്ട്. ചാര്‍ജ് മെമ്മോയും മറുപടിയും വിവാദം വഴിമാറ്റുമെന്നാണ് ഐ.എ.എസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പറയുന്നത്. പ്രശാന്തും മെമ്മോയ്ക്കായി കാത്തിരിക്കുന്നതായണ് വിവരം.
ഇതിനിടെയാണ് എന്‍ പ്രശാന്ത് മനോരമ ന്യൂസ് ചാനലിന്റെ ന്യൂസ് മേക്കര്‍ ഓഫ് ദ ഇയര്‍ പുരസ്‌ക്കാര പട്ടികയിലെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിച്ചത്. ഇതേക്കുറിച്ചു ഫേസ്ബുക്കില്‍ പോസ്റ്റുമായി കലക്ടര്‍ ബ്രോ രംഗത്തുവന്നു. ഈയുള്ളവന്‍ സത്യത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്ന ടൈപ്പല്ല! എന്നു പറഞ്ഞാണ് പ്രശാന്തിന്റെ കുറിപ്പ്. തുടര്‍ന്ന് അക്കമിട്ടു നിരത്തി കൊണ്ടുള്ള 11 ചോദ്യങ്ങളും പ്രശാന്ത് സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു. മനോരമ ന്യൂസ് മേക്കറിലൂടെ സുതാര്യമായ ബ്യൂറോക്രസിയും, നീതിബോധവും, വ്യക്തിഗത സ്വാതാന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ആശിക്കുന്നുതായും പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചു.
എന്‍ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ഈയുള്ളവന്‍ സത്യത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്ന ടൈപ്പല്ല! ഏതാണ്ട് 10 കൊല്ലം മുന്‍പ് ജില്ലാകലക്ടറായിരിക്കെ ജോലിയുടെ ഭാഗമായി കൂടുതല്‍ ജനസമ്പര്‍ക്കം വേണ്ടി വന്ന കാലമൊഴിച്ചാല്‍, എന്റെ ചെറിയ പെഴ്‌സണല്‍ സ്‌പേസില്‍ സ്വസ്ഥമായിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണ്. ജില്ലാകലക്ടറായിരുന്നതിന് മുന്‍പും ശേഷവും നിങ്ങളില്‍ പലരും എന്നെ കണ്ടുകാണില്ല. വര്‍ഷങ്ങള്‍ക്ക് ശേഷം ഷെല്ലിന്റെ പുറത്തിറങ്ങാന്‍ എന്നെ നിര്‍ബന്ധിച്ച സാഹചര്യം അറിയാമല്ലോ:
1. മറ്റുദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി അഴിമതി ചെയ്യിക്കാന്‍ മേലുദ്യോഗസ്ഥര്‍ക്ക് അവകാശമുണ്ടോ?
2. ഗൂഢാലോചന നടത്തി വ്യാജമായ കാര്യങ്ങള്‍ ഫയലില്‍ എഴുതിപ്പിടിപ്പിക്കാമോ?
3. നിയമങ്ങളും ചട്ടങ്ങളും തോന്നും പോലെ ചിലര്‍ക്ക് ലംഘിക്കാമോ? സെക്രട്ടേറിയറ്റ് മാന്വല്‍, റൂള്‍സ് ഓഫ് ബിസിനസ് - ഇവയൊക്കെ ഇന്നും നിലവിലുണ്ടോ?
4. തിരഞ്ഞെടുക്കപ്പെട്ട മന്ത്രി അറിയാതെ സര്‍ക്കാര്‍ ഉത്തരവുകള്‍ ഇറക്കാമോ?
5. മന്ത്രിയുടെ ഉത്തരവിന് കടകവിരുദ്ധമായി, ഫയലില്‍ അഭിപ്രായം എഴുതുന്നത് വിലക്കാന്‍ സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടോ? മേലുദ്യോഗസ്ഥന്റെ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി, ഫയലില്‍ ഗുരുതരമായ അഴിമതി ചൂണ്ടിക്കാട്ടുന്നത് തെറ്റാണോ?
6. കൈവശമുള്ള ഫയലുകള്‍ കാണ്മാനില്ലെന്ന് വ്യാജമായ കത്ത് നല്‍കുന്നതും വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം താനൊന്നും അറിഞ്ഞില്ലെന്ന് പോലീസില്‍ മൊഴി കൊടുക്കുന്നതുമായ ഒരു ഉദ്യോഗസ്ഥന്‍, പ്രൊഫഷനല്‍ ഈഗോ തീര്‍ക്കാന്‍ ഇയാളെ കൂട്ടുപിടിക്കുന്ന മേലുദ്യോഗസ്ഥന്‍ - ഇവരാണോ മാതൃകകള്‍?
7. നിയമലംഘനങ്ങള്‍ കൃത്യമായി ചൂണ്ടിക്കാട്ടി തെളിവ് സഹിതം സമര്‍പ്പിക്കപ്പെടുന്ന ഫയലുകളില്‍ ഒരു വര്‍ഷമായിട്ടും നടപടി ഒന്നും ഉണ്ടാവാത്തതിന്റെ കാരണം എന്ത്?
8. സത്യം, നീതി, ധര്‍മ്മം, നിയമം - ഇവയെ അടിസ്ഥാനപ്പെടുത്തിയാണോ നടപടികള്‍? അതോ സീനിയോറിറ്റിയും സ്വാധീനവും മറ്റ് പലതും നോക്കിയാണോ ഫയലുകള്‍ തീര്‍പ്പാവുന്നത്? വാദിയെ പ്രതിയാക്കുന്നതും, ആടിനെ പട്ടിയാക്കുന്നതും അംഗീകരിക്കപ്പെട്ട രീതികളായി മാറിയോ?
9. ഭരണഘടന ഓരോ പൗരനും ഉറപ്പ് നല്‍കുന്ന വ്യക്തിസ്വാതന്ത്ര്യവും സംസാരസ്വാതന്ത്ര്യവും ചിലര്‍ക്ക് മാത്രം സൗകര്യപൂര്‍വ്വം നിഷേധിക്കാന്‍ സാധിക്കുമോ?
10. പിച്ചി, നുള്ളി, മാന്തി എന്ന വേസ്റ്റ് ചര്‍ച്ചക്കപ്പുറം ബ്യൂറോക്രസിയെ ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടേ? നികുതിപ്പണം പറ്റി ഉദ്യോഗസ്ഥര്‍ എന്താണ് കാട്ടിക്കൂട്ടുന്നതെന്ന് ജനങ്ങള്‍ അറിയേണ്ടേ?
11. 'സത്യമേവ ജയതെ' ക്ക് പകരം 'ന്നാ താന്‍ പോയി കേസ് കൊട്' എന്നത് ആപ്തവാക്യമാവുന്നത് ഒരു ജനാധിപത്യത്തിന് എത്രത്തോളം ഭൂഷണമാണ്?
മനോരമ ന്യൂസ് മേക്കറിലൂടെ സുതാര്യമായ ബ്യൂറോക്രസിയും, നീതിബോധവും, വ്യക്തിഗത സ്വാതാന്ത്ര്യവും ചര്‍ച്ച ചെയ്യപ്പെടുമെന്ന് ആശിക്കുന്നു.