കോഴിക്കോട്: ഭര്‍ത്താവ് മരിച്ചിട്ട് 25 വര്‍ഷം. മൂന്നുപെണ്‍മക്കള്‍. കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തുമാണ് എല്ലാവരെയും വളര്‍ത്തി വലുതാക്കിയത്. അന്നൊക്കെ നഫീസുമ്മ സന്തോഷം എന്തെന്ന് അറിഞ്ഞിട്ടില്ല. ഇപ്പോള്‍ മൂന്നുപെണ്മക്കളെയും വിവാഹം കഴിപ്പിച്ച് അയച്ച് സ്വസ്ഥയാണ് ഉമ്മ. അടുത്തിടെ മകള്‍ ജിഫ്‌നയ്‌ക്കൊപ്പം കോഴിക്കോട് സ്വദേശിനി നഫീസുമ്മ മനാലിയില്‍ ടൂറ് പോയി. സന്തോഷം നിറഞ്ഞ യാത്രയ്ക്കിടയില്‍ ആദ്യമായ് മഞ്ഞു കണ്ട ഉമ്മ മഞ്ഞ് വാരി കളിച്ചു. അതൊരു റീലായി പുറത്ത് വന്നു. 'ഇന്ന് ഞാന്‍ ഹാപ്പിയാണ്. ഇനിയും യാത്ര ചെയ്യണം. ഒരു പതിനാറുകാരിയെന്ന തോന്നലാണ്. നിങ്ങളുടെ കയ്യില്‍ പത്ത് സെന്റ് ഭൂമിയുണ്ടെങ്കില്‍ അതില്‍ നിന്നും രണ്ട് സെന്റ് വിറ്റിട്ടാണെങ്കിലും നിങ്ങള്‍ യാത്ര ചെയ്യണം. സന്തോഷിക്കണം.' നഫീസുമ്മ ആഹ്ലാദം പങ്കുവയ്ക്കുന്ന വീഡിയോ വൈറലായി. മണിക്കൂറുകള്‍ക്കകം 50 ലക്ഷത്തിന് മേലേ ആളുകള്‍ റീല്‍ കണ്ടു. എന്നാല്‍, അവിടെ കൊണ്ട് തീര്‍ന്നില്ല സംഭവം. പിന്നാലെ, തെറിയഭിഷേകവും, അടക്കം പറച്ചിലും, കുറ്റപ്പെടുത്തലും. എല്ലാറ്റിനും മുകളില്‍ ആണിയടിച്ചുകൊണ്ട് കാന്തപുരം വിഭാഗം നേതാവും സുന്നി വോയ്‌സിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജുമായ ഇബ്രാഹിം സഖാഫി പുഴക്കാട്ടിരി നഫീസുമ്മയെയും അവരുടെ യാത്രയെയും അധിക്ഷേപിച്ച് രംഗത്തെത്തി.

'25 വര്‍ഷം മുമ്പ് ഭര്‍ത്താവ് മരിച്ച ഒരു വല്യുമ്മ ഏതെങ്കിലും മൂലയിലിരുന്ന് സ്വലാത്തും ദിഖ്റും ചൊല്ലുന്നതിനു പകരം ഏതോ ഒരു അന്യസ്റ്റേറ്റിലേക്ക് മഞ്ഞില്‍ കളിക്കാന്‍ പോയി, മഞ്ഞ് വാരിയിങ്ങനെ ഇടുകയാണ് മൂപ്പത്തി' എന്നായിരുന്നു വിമര്‍ശനം. പ്രസംഗം വൈറലായതിന് പിന്നാലെ കാന്തപുരം വിഭാഗം നേതാവിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. അതിനിടയിലാണ് ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ എന്ന ചോദ്യവുമായി മകള്‍ ജിഫ്‌ന രംഗത്തെത്തിയത്. ലോകം പുരുഷന് കാണാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ? ഒരു വിധവക്ക് ലോകം കാണാന്‍ വിലക്കുണ്ടോ? ഉമ്മയുടെ കണ്ണീരിന് നിങ്ങള്‍ സമാധാനം പറഞ്ഞേതീരുവെന്നും ജിഫ്‌ന പറയുന്നുണ്ട്.

നഫീസുമ്മയുടെ യാത്രയും റീലും ആഴ്ചകള്‍ക്ക് മുമ്പ് വൈറലായിരുന്നു. 'ഞമ്മളെ ഫ്രണ്ട്‌സ് ഹാജറ, ഷഫിയ,നസീമ, സക്കീന നിങ്ങളൊക്കെ വീട്ടില്‍ ഇരുന്നോ മക്കളെ.. എന്താ രസം ഇതാ ഇച്ചൂന്റെ കൂടെ വന്നിട്ട് അടിപൊളി അല്ലേ, വന്നോളിം മക്കളെ എന്ന് മണാലിയിലെ മഞ്ഞ് മലയില്‍ ഇരുന്ന് നഫീസുമ്മ വിളിച്ച് പറയുന്നതായിരുന്നു റീല്‍. എന്നാല്‍, ഉ്മ്മയുടെ സന്തോഷം കെടുത്തുന്ന ഉസ്താദിന്റെ അധിക്ഷേപത്തിന് എതിരെ മകള്‍ ജിഫ്‌ന ശക്തമായ ചോദ്യങ്ങള്‍ ഉയര്‍ത്തി.


പടച്ചോന്റെ സൃഷ്ടികള്‍ കാണാനായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഞാനും എന്റെ ഉമ്മയും നടത്തിയ തീര്‍ത്തും ആനന്ദകരമായ യാത്രയ്ക്കിടയില്‍ ആദ്യമായ് മഞ്ഞു കണ്ട ആഹ്ലാദത്തില്‍ നിഷ്‌കളങ്കയായ എന്റുമ്മച്ചി മഞ്ഞില്‍ അത്യാഹ്ലാദത്തോടെ സന്തോഷിക്കുകയും അതൊരു റീലായി പുറത്ത് വരുകയുമുണ്ടായി. അതിന് പിന്നാലെയായി തെറിയഭിഷേകവും, അടക്കം പറച്ചിലും തുടങ്ങിയെങ്കിലും ഉമ്മയെ സമാധാനിപ്പിച്ച് പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ട് വരാന്‍ എനിക്കന്ന് കഴിഞ്ഞിരുന്നു. എന്നാല്‍ അത് ഒരിക്കലും മതപരമായ രീതിയിലേക്ക് വളച്ചൊടിച്ച് ഗുരുതര പ്രശ്‌നമായി ചിത്രീകരിക്കപ്പെടുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ലെന്നും പോസ്റ്റില്‍ പറയുന്നു.

പ്രമുഖ പണ്ഡിതന്‍ ആ പ്രഭാഷണത്തിലൂടെ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആര്‍ക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണില്‍ നിന്ന് ഒരുതുള്ളി കണ്ണുനീര്‍ വീണിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ. ഞങ്ങളുടെ ശരിയും തെറ്റും ആരെയും ബോധിപ്പിക്കേണ്ടതുമില്ല.ആരോടും പ്രതികരിക്കാനോ മനസിലാക്കി തരാനോ എനിക്കുദ്ദേശമില്ല. എന്നാല്‍ കൂടിയും ആ പ്രസംഗം കാരണം ഇന്ന് എന്റുമ്മക്ക് മരണവീട്ടില്‍ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും മകളുടെ കുറിപ്പില്‍ പറയുന്നു.

ഒരു വിധവക്ക് ലോകം കാണാന്‍ വിലക്കുണ്ടോ? അല്ലെങ്കില്‍ ലോകം പുരുഷന് കാണാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ? അല്ലെങ്കില്‍ തന്നെ ആണുങ്ങള്‍ക്ക് ഈ പറഞ്ഞ സ്വലാത്തൊന്നും ബാധകമല്ലെന്നാണോ? ഇബാദത്ത് പടച്ചോനും പടപ്പും തമ്മില്‍ ആവില്ലേ നിങ്ങക്കെന്തിനാ ഇത്ര ബേജാര്‍? എന്റെ ഉമ്മാന്റെ അമലുകളും നന്മകളും പടച്ച റബ്ബിനറിയുന്നിടത്തോളം പടപ്പായ നമ്മള്‍ അതില്‍ തല പുകക്കേണ്ടതുണ്ടോ, ആയുസിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച എന്റുമ്മ ഇന്നൊന്ന് ഒരു യാത്ര പോയതാണോ നിങ്ങള്‍ കണ്ട കൊടും പാപമെന്നും മകള്‍ ചോദിക്കുന്നു.

ജിഫ്‌നയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം

25 വര്‍ഷം മുന്നെ ഭര്‍ത്താവ് നഷ്ടപ്പെട്ട സ്ത്രീക്ക് ലോകം കാണാന്‍ അവകാശമില്ലേ?

യാത്രകള്‍ പുതിയ അനുഭവങ്ങള്‍ സമ്മാനിക്കുമെന്ന് പറയാറുണ്ട്. അതേ പോലെ പരന്നു കിടക്കുന്ന പടച്ചോന്റെ സൃഷ്ടികള്‍ കാണാനായി കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ഞാനും എന്റെ ഉമ്മയും ''അന്യ സംസ്ഥാനമായ മഞ്ഞ് വീഴുന്ന മണാലിയിലേക്ക്'' പോയിരുന്നു. തീര്‍ത്തും ആനന്ദകരമായ യാത്രയ്ക്കിടയില്‍ ആദ്യമായ് മഞ്ഞു കണ്ട ആഹ്ലാദത്തില്‍ നിഷ്‌കളങ്കയായ എന്റുമ്മച്ചി മഞ്ഞില്‍ അത്യാഹ്ലാദത്തോടെ സന്തോഷിക്കുകയും അതൊരു റീലായി പുറത്ത് വരുകയുമുണ്ടായി. അതിന് പിന്നാലെയായി തെറിയഭിഷേകവും,അടക്കം പറച്ചിലും നിരവധി ഞങ്ങളിലേക്ക് എത്തിയപ്പോഴും ഉമ്മാനെ സമാധാനിപ്പിച്ച് പഴയ അവസ്ഥയിലേക്ക് തിരികെ കൊണ്ട് വരാന്‍ എനിക്കന്ന് കഴിഞ്ഞിരുന്നു. എന്നാല്‍ അത് ഒരിക്കലും മതപരമായ രീതിയിലേക്ക് വളച്ചൊടിച്ച് ഗുരുതര പ്രശ്‌നമായി ചിത്രീകരിക്കപ്പെടുമെന്ന് ഒരിക്കല്‍ പോലും ചിന്തിച്ചിരുന്നില്ല.

ഒരു പ്രമുഖ പണ്ഡിതന്‍ ഒരു പ്രഭാഷണത്തിലൂടെ തകര്‍ത്തത് ഒരു കുടുംബത്തിന്റെ സമാധാനമാണ്. എന്തിന് വേണ്ടിയാണോ ആര്‍ക്ക് വേണ്ടിയാണോ ആ ഉസ്താദ് അത് ചെയ്തതെന്ന് എനിക്കറിയില്ല. അത് മൂലം എന്റെ ഉമ്മാന്റെ കണ്ണില്‍ നിന്ന് ഒരുതുള്ളി കണ്ണുനീര്‍ വീണിട്ടുണ്ടെങ്കില്‍ തീര്‍ച്ചയായും നിങ്ങളതിന് സമാധാനം പറഞ്ഞേ തീരൂ. എനിക്കൊരു വിഭാഗത്തോടും വെറുപ്പോ വിദ്വേഷമോ ഇല്ല. അതെ പോലെ ഞങ്ങളുടെ ശരിയും തെറ്റും ആരെയും ബോധിപ്പിക്കേണ്ടതുമില്ല.ആരോടും പ്രതികരിക്കാനോ മനസിലാക്കി തരാനോ എനിക്കുദ്ദേശമില്ല. എന്നാല്‍ കൂടിയും ആ പ്രസംഗം കാരണം ഇന്ന് എന്റുമ്മക്ക് മരണവീട്ടില്‍ പോലും പോകാന്‍ സാധിക്കാത്ത അവസ്ഥയാണ്. നിങ്ങളത് കൊണ്ട് എന്ത് നേടി?? അവരെ പിന്തുണക്കുന്നവര്‍ക്ക് അത് കൊണ്ട് എന്ത് കിട്ടി?

അതിലാ ഉസ്താദ് പറയുന്ന ഒരു കാര്യമുണ്ട് ''ഇരുപത്തിയഞ്ച് വര്‍ഷമായി ഭര്‍ത്താവ് മരണപ്പെട്ട വലിയുമ്മാക്ക് ഏതെങ്കിലും മൂലയ്ക്കിരുന്ന് ദിക്‌റും സ്വലാത്തും ചൊല്ലിയാല്‍ പോരെ എന്ന്'' എന്ത് കൊണ്ടാണ് അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്ന് എനിക്ക് മനസിലാവുന്നില്ല. എന്തേയ് ഒരു വിധവക്ക് ലോകം കാണാന്‍ വിലക്കുണ്ടോ?അല്ലെങ്കില്‍ ലോകം പുരുഷന് കാണാന്‍ വേണ്ടി മാത്രം സൃഷ്ടിക്കപ്പെട്ടതാണോ?? അല്ലെങ്കില്‍ തന്നെ ആണുങ്ങള്‍ക്ക് ഈ പറഞ്ഞ സ്വലാത്തൊന്നും ബാധകമല്ലെന്നാണോ? ഇബാദത്ത് പടച്ചോനും പടപ്പും തമ്മില്‍ ആവില്ലേ നിങ്ങക്കെന്തിനാ ഇത്ര ബേജാര്‍?

എന്റെ ഉമ്മാന്റെ അമലുകളും നന്മകളും പടച്ച റബ്ബിനറിയുന്നിടത്തോളം പടപ്പായ നമ്മള്‍ അതില്‍ തല പുകക്കേണ്ടതുണ്ടോ?

ഉസ്താദ് പറഞ്ഞ പോലെ പത്തിരുപത്തിനാല് കൊല്ലത്തോളം എന്റുമ്മ ജീവിച്ചിട്ടുണ്ട്. നിങ്ങള്‍ക്ക് ഊഹിക്കാവുന്നതിലും അപ്പുറത്തെ ദാരിദ്ര്യത്തിലൂടെ കടന്ന് പോയിട്ടുണ്ട്. എല്ലാ കൂലിവേലകളും ചെയ്തിട്ടുണ്ട്. താന്‍ പൂര്‍ണഗര്‍ഭിണിയായ ദിവസം,അതായത് എന്നെ പ്രസവിക്കുന്നന്ന് പോലും എന്റെയുമ്മ ഞങ്ങളുടെ വിശപ്പടക്കാന്‍, വീട് പണി നടക്കുന്ന സമയത്ത് പണിക്കാര്‍ക്ക് ഭക്ഷണം പാകം ചെയ്ത് കൊടുക്കാനുമായി എന്റെയുമ്മക്ക് പോവേണ്ടി വന്നിട്ടുണ്ട് ..

ഒരു സ്ത്രീ വിധവയാകുമ്പോള്‍ അവള്‍ കടന്നു പോകുന്ന സാഹചര്യം ഈ പറഞ്ഞ ആളുകള്‍ക്ക് മനസ്സിലാകുമോ എന്നെനിക്ക് അറിയില്ല. മൂന്ന് പെണ്‍മക്കളെയും, കാഴ്ചനഷ്ടപ്പെട്ട നടക്കാന്‍ കഴിയാത്ത ഉമ്മയെയും, വൃദ്ധയായ ബാപ്പയെയും ദിവസത്തില്‍ ഒരു നേരമെങ്കിലും ഭക്ഷണം കൊടുക്കാന്‍ സാധിച്ചെങ്കിലന്നോര്‍ത്ത് വീടുകള്‍ തോറും കൈ നീട്ടേണ്ടി വന്ന പെണ്ണിന്റെ അവസ്ഥ നിങ്ങള്‍ക്ക് മനസ്സിലാവില്ല. ആയുസിന്റെ പകുതിയോളം കഷ്ടപാടും ദുരിതവും അനുഭവിച്ച എന്റുമ്മ ഇന്നൊന്ന് ഒരു യാത്ര പോയതാണോ നിങ്ങള്‍ കണ്ട കൊടും പാപം.

ഇവരെ അനുകൂലിക്കുന്ന മനുഷ്യരെ ഇനി നിങ്ങളോടാണ്..! പ്രയാസത്തിന്റെ പടുകുഴിയില്‍ കൂപ്പ് കുത്തിയപ്പോഴും തളരാതെ എന്റുമ്മ അന്ന് പിടിച്ച് നിന്നത് ഞങ്ങള്‍ മക്കളെയോര്‍ത്താണ്...കാരണം ഒരു മനുഷ്യന്‍ ശരിക്കും യത്തീമാവുന്നത് ഉപ്പ മരിക്കുമ്പോഴല്ല ,അവന്റെ മാതാവിനെ നഷ്ടപ്പെടുമ്പോഴാണ്. ദുഃഖഭാരത്തിന്റെ അങ്ങേ തലയ്ക്കല്‍ ആയുസിന്റെ നല്ലൊരു ഭാഗവും നഷ്ടമായപ്പോള്‍ ഇന്നൊരു യാത്ര പോയതാണോ എന്റുമ്മ ചെയ്ത തെറ്റ്? ഈ പ്രതിസന്ധി ഘട്ടത്തിലും മറ്റൊന്നും പ്രതീക്ഷിക്കാതെ കൂടെ നിന്ന നില്‍ക്കുന്ന ഒത്തിരി നല്ല മനുഷ്യരുണ്ട്.... ആ മനുഷ്യരോടാണിനി പറയാന്‍ ഉള്ളത്.. നന്ദിയുണ്ട് ഒരുപാട് - എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

വിഷയത്തില്‍ ജംഷിദ് പള്ളിപ്രത്തിന്റെ പോസ്റ്റ് കൂടി വായിക്കാം:

മണിക്കൂറുകള്‍ക്കകം അഞ്ച് മില്യണിന് മുകളില്‍ വ്യൂവര്‍സ് ഉണ്ടായിരുന്നു നഫീസുമ്മയുടെ വീഡിയോക്ക്. വീഡിയോ വൈറലായതിന് ശേഷം ചിരിച്ചുകൊണ്ട് ഉമ്മ അനുഭവം പറയുമ്പോള്‍ കേള്‍ക്കുന്നവര്‍ക്ക് ആദ്യമൊന്ന് കണ്ണ് നിറയും. 'എന്റെ ഭര്‍ത്താവ് മരിച്ചിട്ട് ഇരുപത്തി രണ്ട് വര്‍ഷമായി. ചെറിയ മകള്‍ക്ക് ഏഴ് മാസം പ്രായമുള്ളപ്പോള്‍ മരിച്ചതാണ്. മൂന്ന് പെണ്‍മക്കളുണ്ട്. സ്വന്തമായി വീടില്ല. എട്ട് സെന്റ് ഭൂമിയാണുള്ളത്. വിശ്രമമില്ലാതെ ജോലി ചെയ്തു. കുറിക്ക് കൂടിയും കുറച്ച് ലോണെടുത്തും ചെറിയൊരു വീടുണ്ടാക്കി. മക്കള് കൂടാതെ വീട്ടില്‍ പ്രായമായ ഉപ്പയും ഉമ്മയുമുണ്ട്. വളരെ ദാരിദ്യം നിറഞ്ഞ സാഹചര്യമായിരുന്നു. കൂലിപ്പണിയെടുത്തും വീട്ടുജോലി ചെയ്തുമാണ് എല്ലാവരെയും നോക്കിയത്.

റമദാന്‍ നോമ്പിനും വീട്ടിലിരുന്നില്ല. വിശ്രമമില്ലാതെ ജോലി ചെയ്തു. അന്ന് ഞാന്‍ സന്തോഷം എന്താണെന്ന് അറിഞ്ഞിട്ടില്ല. ഇപ്പോള്‍ മൂന്നാളുകളുടെയും വിവാഹം കഴിഞ്ഞു. ഉപ്പയില്ലാത്ത മൂന്ന് മക്കളെ വളര്‍ത്തി വലുതാക്കി കല്യാണം കഴിപ്പിച്ചയക്കുക എന്നുപറയുന്നത് തന്നെ പടച്ചോന്റെ വലിയ അനുഗ്രഹമാണ്. മക്കളാണ് എന്നെ യാത്ര കൊണ്ടുപോവുന്നത്. ഉമ്മയുടെ സന്തോഷം വീണ്ടെടുക്കുമെന്ന് അവര്‍ പറഞ്ഞു.

ഇന്ന് ഞാന്‍ ഹാപ്പിയാണ്. ഇനിയും യാത്ര ചെയ്യണം. ഒരു പതിനാറുകാരിയെന്ന തോന്നലാണ്. നിങ്ങളുടെ കയ്യില്‍ പത്ത് സെന്റ് ഭൂമിയുണ്ടെങ്കില്‍ അതില്‍ നിന്നും രണ്ട് സെന്റ് വിറ്റിട്ടാണെങ്കിലും നിങ്ങള്‍ യാത്ര ചെയ്യണം. സന്തോഷിക്കണം. '

നഫീസുമ്മക്ക് പ്രായം അമ്പത്തിയഞ്ചായി. മുപ്പതുകളുടെ തുടക്കത്തിലാവണം ഭര്‍ത്താവ് മരിക്കുന്നത്. രണ്ടാംകെട്ട് അപമാനമായും കഴപ്പായും കാണുന്ന സമൂഹത്തില്‍ മക്കളുള്ള ഒരു സ്ത്രീക്ക് ആഗ്രഹമുണ്ടായാലും വീണ്ടും ഒരു വിവാഹത്തെ കുറിച്ച് ആലോചിക്കുക തന്നെ സാധ്യമല്ല.ജീവിതത്തിന്റെ വലിയൊരു ഭാഗവും സന്തോഷം അനുഭവച്ചിട്ടില്ലാത്ത സ്ത്രീ. അവര്‍ അവരുടെ അമ്പത്തിയഞ്ചാം വയസ്സില്‍ മകളോടൊപ്പം മണാലിയിലേക്ക് യാത്ര പോകുന്നു. സന്തോഷം കണ്ടെത്തുന്നു. റീല്‍ ചെയ്യുന്നു.

ആ റീല്‍ കണ്ടാണ് നഗരത്തിലെ പ്രധാന ഉസ്താദുമാര്‍ക്ക് അസ്വസ്ഥത അനുഭവ്വപ്പെടുന്നത്. അവരുടെ കാഴ്ചപാടില്‍ ഭര്‍ത്താവ് മരിച്ചാല്‍ സ്ത്രീകള്‍ വീടിന്റെ മൂലയിലിരിക്കണം. സ്വലാത്തും ദിഖ്‌റും ചൊല്ലണം. മണാലിയും മഞ്ഞുമലയും ബീച്ചുകളും അവര്‍ക്ക് വിലക്കപ്പെട്ട സ്ഥലങ്ങളാണ്. ഇനി ഭര്‍ത്താവ് മരിക്കാത്ത സ്ത്രീകള്‍ക്കായാലും സിംഗിള്‍ സ്ത്രീകള്‍ക്കായാലും പ്രത്യേകിച്ച് ഇളവുകള്‍ ലഭിക്കുമെന്ന് കരുതേണ്ട.

എവിടെയെങ്കിലും മനുഷ്യര് ( പ്രത്യേകിച്ച് മുസ്ലിം സ്ത്രീകള്‍) സന്തോഷിക്കുന്നത് കാണുമ്പോള്‍ സന്തോഷങ്ങളില്‍ കണ്ണിടുകയും മനുഷ്യരെ അപമാനിക്കുകയും ചെയ്യുന്നവര്‍. മനുഷ്യന്റെ ആഗ്രഹങ്ങള്‍ക്ക് വിലക്കുതീര്‍ക്കുന്നവര്‍. ജീവിതം വരണ്ടതാക്കുന്നവര്‍.

പടച്ചോന്‍ ഈ ഭൂമി സൃഷ്ടിച്ചതും ആ ഭൂമിയില്‍ അനേകായിരം അത്ഭുതങ്ങളുണ്ടാക്കിയതും മനുഷ്യര്‍ക്ക് കാണാന്‍ വേണ്ടിയാണ്. നഫീസുമ്മ പറഞ്ഞപോലെ രണ്ട് സെന്റ് വിറ്റിട്ടാണെങ്കിലും യാത്ര ചെയ്യുക. സ്ഥലങ്ങള്‍ കാണുക. വ്യതസ്ത ആളുകളെയും അവരുടെ ജീവിതത്തെയും കാണുക . അനുഭവിക്കുക. ആസ്വദിക്കുക. നഫീസുമ്മയുടെ അനുഭവങ്ങള്‍ അറിഞ്ഞ ശേഷം അവരുടെ റീല്‍ കാണുമ്പോള്‍ ഒന്നൂടെ ഭംഗികൂടും. ജീവിതത്തോട് എല്ലായ്‌പോഴും പൊരുതി നിന്ന ഒരു സ്ത്രീ കുലോമീറ്ററുകള്‍ താണ്ടി മണാലിയില്‍ നിന്നും ആനന്ദത്തിന്റെ മഞ്ഞുതരികള്‍ വരിയെടുക്കുമ്പോള്‍ നമ്മുടെയും മനസ്സൊന്ന് കുളിരും.

she is a gem