- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
കുതിച്ചുയര്‍ന്ന് നാസയുടെ ചാന്ദ്ര ദൗത്യം; 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക്; ആര്‍ട്ടിമിസ് 2വില്‍ യാത്ര തിരിച്ചത് ഒരു വനിതയടക്കം നാലു പേര്: ഇത് ചരിത്ര നിമിഷം
കുതിച്ചുയര്‍ന്ന് നാസയുടെ ചാന്ദ്ര ദൗത്യം

ഫ്‌ലോറിഡ: നാസയുടെ ചാന്ദ്രദൗത്യം ആര്‍ട്ടിമിസ് 2 നാല് മനുഷ്യരുമായി യാത്ര തിരിച്ചു. 54 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മനുഷ്യന്‍ വീണ്ടും ചന്ദ്രനിലേക്ക് പോകുന്നത്. ഇന്ത്യന്‍ സമയം പുലര്‍ച്ചെ 4.06ന് ആയിരുന്നു നാസയുടെ ആര്‍ട്ടിമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം. നാല് പേരെ വഹിച്ച് എസ്എല്‍എസ് റോക്കറ്റ് ഫ്‌ലോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്നാണ് കുതിച്ചുയര്‍ന്നത്. എസ്എല്‍എസ് എന്ന ഭീമന്‍ റോക്കറ്റില്‍ ഒറയോണ്‍ എന്ന യാത്രാപേടകത്തിലാണ് യാത്ര. ചന്ദ്രനില്‍ അവസാനമായി മനുഷ്യനെ ഇറക്കിയ അപ്പോളോ 17 ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യര്‍ ആഴത്തിലുള്ള ബഹിരാകാശത്തേക്ക് യാത്ര തിരിച്ചത്.
ക്രിസ്റ്റീന കോച്ച്, വിക്ടര്‍ ഗ്ലോവര്‍, റീഡ് വീസ്മാന്‍, ജെറമി ഹാന്‍സണ്‍ എന്നിവരാണ് പേടകത്തിലെ യാത്രക്കാര്‍. ഒരു സ്ത്രീയും ഒരു കറുത്ത വര്‍ഗ്ഗക്കാരനും ഭാഗമായ ചരിത്രത്തിലെ ആദ്യ മനുഷ്യ ചാന്ദ്ര ദൗത്യമാണിത്. മനുഷ്യരെ വഹിക്കുന്ന ഒരു പേടകം നീണ്ട 54 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ചന്ദ്രനെ ലക്ഷ്യമാക്കി പുറപ്പെടുന്നത്. പത്ത് ദിവസം കൊണ്ട് ചന്ദ്രനെ ചുറ്റി തിരിച്ചുവരികയാണ് ദൗത്യ ലക്ഷ്യം. എന്നാല്‍ 10 ദിവസത്തെ ദൗത്യത്തിനിടെ സംഘാംഗങ്ങള്‍ ചന്ദ്രനില്‍ ഇറങ്ങില്ല. പേടകത്തിന്റെ ജീവന്‍രക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായി ചന്ദ്രന് ചുറ്റും പേടകത്തില്‍ അതിവേഗം കറങ്ങും
ഒരു ബഹിരാകാശ വാഹനവും മനുഷ്യരുമായി ചെന്നിട്ടില്ലാത്ത അത്രയും ദൂരത്തില്‍ ഒറയോണെത്തും. യാത്രയില്‍ നാല് പേര്‍ക്കും കൂട്ടായി റൈസ് എന്ന ചെറു പാവയുമുണ്ട്. ചന്ദ്രനിലേക്ക് യാത്ര തിരിച്ച നാല് പേരും കെന്നഡി സ്‌പേസ് സെന്ററിലെ പ്രത്യേക ക്വാറന്റീന്‍ സംവിധാനത്തിലായിരുന്നു. ഉറക്കവും ഭക്ഷണവും ജലപാനവും പോലും കര്‍ശന നിയന്ത്രണത്തിലായിരുന്നു. ചാന്ദ്ര ദൗത്യത്തിന്റെ ഭാഗമാകുന്ന ആദ്യ സ്ത്രീയാണ് ക്രിസ്റ്റീന കോച്ച്. വിക്ടര്‍ ഗ്ലോവര്‍ ആദ്യ കറുത്ത വര്‍ഗക്കാരനും. ജെറെമി ഹാന്‍സണാകട്ടെ ആദ്യ അമേരിക്കന്‍ ഇതര സഞ്ചാരിയും.
32 നിലകള്‍ ഉള്ളതാണ് സ്പേസ് ലോഞ്ച് സിസ്റ്റം (ടഘട) റോക്കറ്റ്. ഫെബ്രുവരിയില്‍ ഹൈഡ്രജന്‍ ഇന്ധന ചോര്‍ച്ചയും ഹീലിയം പ്രഷറൈസേഷന്‍ ലൈന്‍ തടസപ്പെട്ടതും കാരണം ഉണ്ടായ സാങ്കേതിക കാലതാമസം മറികടന്നാണ് ആര്‍ട്ടമിസ് കക ദൗത്യം പറന്നുയര്‍ന്നത്. അറ്റകുറ്റപ്പണികള്‍ വിജയകരമായി പൂര്‍ത്തിയാക്കിയാണ് റോക്കറ്റ് ലോഞ്ച് പാഡിലേക്ക് തിരിച്ചെത്തിച്ചത്.
ഭാവിയിലെ ചന്ദ്രനിലേക്കുള്ള യാത്രകള്‍ക്കുള്ള നിര്‍ണായകമായ പരിശീലനമായി കണക്കാക്കപ്പെടുന്നതാണ് ഈ ദൗത്യം. ലാന്‍ഡിങ് മിഷനേക്കാള്‍ ഒരു ഫ്ളൈബൈ മിഷനായി കണക്കാക്കപ്പെടുന്നതാണിത്. ഓറിയോണ്‍ കാപ്സ്യൂള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിയതിനുശേഷം ചന്ദ്രനെ ലക്ഷ്യമാക്കി ആയിരക്കണക്കിന് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും. ഡീപ് സ്പേസ് സാഹചര്യങ്ങളില്‍ പേടകത്തിന്റെ നിയന്ത്രണം, ആശയവിനിമയം, ജീവന്‍രക്ഷാ സംവിധാനങ്ങള്‍ എന്നിവ വിലയിരുത്തുന്നത് ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളില്‍ ഉള്‍പ്പെടുന്നു. ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഉവീണ്ടും പ്രവേശിക്കുന്നതോടെ 10 ദിവസത്തെ പറക്കല്‍ അവസാനിക്കും. തുടര്‍ന്ന് പസഫിക് സമുദ്രത്തില്‍ പതിക്കുന്നതിന് മുമ്പ് ബഹിരാകാശ പേടകത്തിന്റെ ഹീറ്റ് ഷീല്‍ഡിന്റെ പ്രകടനം വിദഗ്ധര്‍ പരിശോധിച്ച് ഉറപ്പുവരുത്തും.
1972-ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് മനുഷ്യനെ വഹിച്ചുകൊണ്ട് പോകുന്ന ആദ്യ ദൗത്യമാണ് ആര്‍ട്ടെമിസ് 2. അപ്പോളോ 17 സംഘം ചന്ദ്രോപരിതലത്തില്‍ കാല്‍ കുത്തിയെങ്കില്‍ ആര്‍ട്ടെമിസ് 2 അംഗങ്ങളെ വഹിക്കുന്ന ഒറെയോണ്‍ പേടകം 10 ദിവസം കൊണ്ട് ചന്ദ്രനെ വലംവച്ച് ഭൂമിയിലേക്ക് തിരിച്ചുവരികയാണ് ലക്ഷ്യമിടുന്നത്. 2022 അവസാനം നടന്ന ആളില്ലാ ചാന്ദ്ര ദൗത്യമായ ആര്‍ട്ടെമിസ് 1 വിജയമായിരുന്നു. അന്ന് ഒറയോണ്‍ പേടകം യാത്രികരെ വഹിക്കാതെ ചന്ദ്രനെ വിജയകരമായി ചുറ്റി ഭൂമിയിലേക്ക് മടങ്ങിവരികയായിരുന്നു. ചൈനയ്ക്കും മുന്‍പേ മനുഷ്യനെ ചന്ദ്രനില്‍ വീണ്ടും ഇറക്കുകയെന്നതാണ് അമേരിക്കയുടെ പ്രഖ്യാപിത ലക്ഷ്യം.
പുതിയ പദ്ധതി അനുസരിച്ച് ആര്‍ട്ടെമിസ് നാലാം ദൗത്യത്തിലാകും ആ കാല്‍വെയ്പ്പ്. അതെല്ലാം ആര്‍ട്ടെമിസ് രണ്ടിന്റെ വിജയത്തെ ആശ്രയിച്ചിരിക്കുന്നു. ദീര്‍ഘദൂര മനുഷ്യ ബഹിരാകാശ ദൗത്യങ്ങള്‍ നടത്താനായി വികസിപ്പിച്ച സാങ്കേതിക വിദ്യയുടെ കാര്യക്ഷമത ഉറപ്പാക്കണം. അതിന് ആര്‍ട്ടെമിസ് 2 സമ്പൂര്‍ണ്ണ വിജയമാകണം. ലോകം കണ്ണ് നട്ട് കാത്തിരിക്കുകയാണ് ഈ ചന്ദ്രനെ ചുറ്റി വരവിന്.


