കോഴിക്കോട്: നവകേരള ബസ് ഓട്ടം നിര്‍ത്തി! ജൂലൈ 21ന് ശേഷം സര്‍വീസ് നടത്തിയിട്ടില്ല. കോഴിക്കോട് കെഎസ്ആര്‍ടിസി റീജനല്‍ വര്‍ക്ക് ഷോപ്പില്‍ കട്ടപ്പുറത്ത് പൊടിപിടിച്ചു കിടക്കുകയാണ് ബസ്. അറ്റകുറ്റപ്പണിക്കായാണ് ബസ് വര്‍ക്ക് ഷോപ്പില്‍ കയറ്റിയത്.

കോഴിക്കോടു നിന്നാണ് ബസ് സര്‍വീസ് നടത്തുന്നതെങ്കിലും തീരുമാനങ്ങളെല്ലാം എടുക്കുന്നത് തിരുവനന്തപുരത്തു നിന്നാണ്. ശുചിമുറി ഒഴിവാക്കി ആ ഭാഗത്തുകൂടി സീറ്റ് പിടിപ്പിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ബസ് വര്‍ക്ക് ഷോപ്പില്‍ കയറ്റിയതെന്നാണ് വിവരം. എന്നാല്‍ ഇതിനൊന്നും ആരും സ്ഥിരീകരണം നല്‍കുന്നുമില്ല. പക്ഷേ ബസ് ഓടുന്നില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് പുറപ്പെട്ട് ഉച്ചയോടെ ബെംഗളൂരു എത്തി. ഉച്ചതിരിഞ്ഞ് 2.30ന് തിരിച്ചു പോരുന്ന രീതിയിലാണ് സമയക്രമം. ഉയര്‍ന്ന ടിക്കറ്റ് നിരക്കും സൗകര്യപ്രദമല്ലാത്ത സമയക്രമവുമാണ് യാത്രക്കാരെ നവകേരള ബസ് ഉപേക്ഷിക്കാന്‍ കാരണമാക്കിയത്.

എസി സെമി സ്ലീപ്പര്‍ ബസുകള്‍ക്ക് 800 രൂപയില്‍ താഴെയാണ് കോഴിക്കോട് ബെംഗളൂരു ടിക്കറ്റ് ചാര്‍ജ്. ഒരു ദിവസം 40000 രൂപയെങ്കിലും വരുമാനം ലഭിച്ചാലേ ബസ് നഷ്ടമില്ലാതെ ഓടിക്കാനാകൂ. എന്നാല്‍ പല ദിവസങ്ങളിലും അഞ്ചും ആറും യാത്രക്കാരുമായി നവകേരള ബസിന് സര്‍വീസ് നടത്തേണ്ടി വന്നു. ഇതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചതെന്നാണ് സൂചന. നവകേരള ബസില്‍ 1250 രൂപയോളമാണ് ടിക്കറ്റ് ചാര്‍ജ്. എവിടെ നിന്ന് എവിടേക്ക് കയറിയാലും ഇതേ ചാര്‍ജ് നല്‍കണം. 26 സീറ്റുകളാണ് ബസിലുള്ളത്. നിരക്ക് കുറച്ച് സീറ്റ് കൂട്ടി യാത്ര തുടരാനാണ് നീക്കമെന്നാണ് സൂചന. എങ്കിലും ആ ചരിത്ര ശുചിമുറി എടുത്തു മാറ്റുന്നത് പലവിധ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കും.

ബാത്ത് റൂം ഒഴിവാക്കി ആ ഭാഗത്ത് കൂടി സീറ്റ് ക്രമീകരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്കായാണ് ബസ് വര്‍ക്ക് ഷോപ്പിലേക്ക് മാറ്റിയിരുന്നതെന്നാണ് വിവരം. എന്നാല്‍, പണി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് പിന്നീട് ഒരു ഉത്തരവും കെ.എസ്.ആര്‍.ടി.സി ആസ്ഥാനത്തുനിന്ന് ഉണ്ടായില്ല. ഇതിനാല്‍ വര്‍ക്ക് ഷോപ്പിന്റെ മൂലയില്‍ പൊടിപിടിച്ച് കിടക്കുകയാണ് ബസ്. കോടികള്‍ മുടക്കി വാങ്ങിയ ബസ് നവകേരള യാത്ര കഴിഞ്ഞ് മറ്റ് സര്‍വിസുകള്‍ക്കൊന്നും ഉപയോഗിച്ചിരുന്നില്ല. ബസ് മ്യൂസിയത്തിലേക്ക് മാറ്റുമെന്ന വിമര്‍ശനം ശക്തമായതോടെ മേയ് അഞ്ചു മുതല്‍ കോഴിക്കോട് -ബംഗളൂരു റൂട്ടില്‍ ഓടിക്കുകയായിരുന്നു. ഇതിനിടെ ബാത്ത് റൂം ടാങ്കിന് ചോര്‍ച്ച, യാത്രക്കാര്‍ ഇല്ലാതത്തതും മൂലം നിരവധി തവണ സര്‍വിസ് മുടങ്ങി.

ആദ്യ ദിനങ്ങളില്‍ ടിക്കറ്റ് ബുക്കിങ്ങിന് വന്‍ തിരക്ക് അനുഭവപ്പെട്ടു. പിന്നീട് വാരാന്ത്യങ്ങളിലും ആരംഭിത്തിലും മാത്രമാണ് ബസില്‍ മുഴുവന്‍ സീറ്റുകളിലും ആളുകളുമായി യാത്ര ചെയ്തിരുന്നത്. ഈ ബസില്‍ എന്ന് പണി തുടങ്ങുമെന്നോ തിരികെ റോഡില്‍ ഇറക്കുമെന്നത് സംബന്ധിച്ചോ കെ.എസ്.ആര്‍.ടി.സി ഡിപ്പോ അധികൃതര്‍ക്കോ വര്‍ക്ക് ഷോപ്പ് അധികൃതര്‍ക്കോ മറുപടിയില്ല. ബസ് നിരത്തില്‍നിന്നു പിന്‍വിലിക്കാനാണ് കട്ടപ്പുറത്ത് കയറ്റിയിരിക്കുന്നതെന്നും ആരോപണമുണ്ട്.

നവകേരള യാത്രയ്ക്ക് ഉപയോഗിച്ച സമയത്തുള്ള നിറത്തിലോ ബോഡിയിലോ മാറ്റം വരുത്താതെയാണ് ബസ് സര്‍വീസ് ആരംഭിച്ചത്. അന്ന് മുഖ്യമന്ത്രിക്ക് ഇരിക്കാന്‍ ഒരുക്കിയ ചെയര്‍ മാറ്റി ഡബിള്‍ സീറ്റാക്കിയിരുന്നു.