- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നവകേരള സദസ്സിന് ഇന്ന് തുടക്കം: ഉദ്ഘാടനം കാസർകോട് പൈവളിഗെയിൽ വൈകീട്ട് 3.30ന്; രണ്ട് ദിവസം കാസർകോട് തലസ്ഥാനമാകും; 1.05 കോടിയുടെ ബസിൽ 140 മണ്ഡലങ്ങളിലും മന്ത്രിസഭയുടെ പര്യടനം; നവകേരള സദസ്സിൽ എൽഡിഎഫ് ലക്ഷ്യം ലോക്സഭാ തെരഞ്ഞെടുപ്പ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സംസ്ഥാന മന്ത്രിസഭ ഒന്നടങ്കം കേരളമാകെ സഞ്ചരിച്ച് നടത്തുന്ന നവകേരള സദസ്സിന് ശനിയാഴ്ച കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തെ പൈവളിഗെയിൽ തുടക്കം. വൈകീട്ട് മൂന്നരക്ക് പൈവളിഗെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടി ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. ഒരു മാസത്തോളം നീളുന്ന പര്യടനത്്തിന് ശേഷം ഡിസംബർ 23ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് പരിപാടി സമാപിക്കുക.
മുഖ്യമന്ത്രിയും മന്ത്രിമാരുമെല്ലാം ഒരുമിച്ചെത്തുന്നതോടെ രണ്ട് ദിവസം കാസർകോട് ഇനി കേരളത്തിന്റെ തലസ്ഥാനമാകും. ശനി, ഞായർ ദിവസങ്ങളിലാണ് സംസ്ഥാനത്തിന്റെ ഭരണയന്ത്രം ചലിപ്പിക്കുന്നവർ ജില്ലയിലെത്തുന്നത്. പ്രത്യേകം സജ്ജീകരിച്ച ബസിൽ 'മന്ത്രിസഭ' ജനങ്ങൾക്കിടയിലൂടെ സഞ്ചരിക്കും. 36 ദിവസത്തെ പര്യടനത്തിനിടയിൽ ചീഫ് സെക്രട്ടറിയും പലകുറി യാത്രയിൽ ഒപ്പംചേരും.
ജനകീയ പ്രശ്നങ്ങൾ പരിഹരിക്കാൻ താലൂക്കുതല അദാലത്തുകളും മേഖലാ അവലോകനയോഗങ്ങളും പൂർത്തിയാക്കിയതിന്റെ അടുത്തഘട്ടമെന്നാണ് നവകേരളസദസ്സിനെ മുഖ്യമന്ത്രി വിശേഷിപ്പിക്കുന്നത്. ഓരോ സദസ്സിലും പൊതുജനങ്ങളിൽനിന്ന് പരാതി സ്വീകരിക്കാൻ കൗണ്ടറുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.
ജില്ലയുടെ ചുമതലയുള്ള മന്ത്രി അഹമ്മദ് ദേവർകോവിൽ വെള്ളിയാഴ്ച എത്തി ഒരുക്കങ്ങൾ വിലയിരുത്തി. മന്ത്രിമാരായ ജെ.ചിഞ്ചുറാണി, എ.കെ.ശശീന്ദ്രൻ, എം.ബി.രാജേഷ്, സജി ചെറിയാൻ എന്നിവരും വെള്ളിയാഴ്ച ജില്ലയിലെത്തി. മന്ത്രിമാരായ കെ.രാധാകൃഷ്ണൻ, ആർ.ബിന്ദു, പി.പ്രസാദ്, വി.ശിവൻകുട്ടി എന്നിവർ ശനിയാഴ്ച പുലർച്ചെയെത്തും.
മന്ത്രിമാരായ വി.എൻ.വാസവൻ, വി.അബ്ദുറഹിമാൻ, കെ.കൃഷ്ണൻകുട്ടി, കെ.രാജൻ, റോഷി അഗസ്റ്റിൻ, ആന്റണി രാജു, പി.എ.മുഹമ്മദ് റിയാസ്, പി.രാജീവ് എന്നിവർ ശനിയാഴ്ച രാവിലെയും വീണാജോർജ് ഉച്ചയ്ക്കും ജില്ലയിലെത്തും. മന്ത്രിമാരായ ജി.ആർ.അനിൽ, കെ.എൻ.ബാലഗോപാൽ എന്നിവർ കണ്ണൂർവരെ വിമാനത്തിലെത്തും. തുടർന്ന് ഔദ്യോഗിക വാഹനത്തിൽ ജില്ലയിലെത്തും. ചീഫ് സെക്രട്ടറി ഡോ. വി.വേണു ശനിയാഴ്ച പുലർച്ചെയെത്തി. മന്ത്രിമാരും നേതാക്കളും എത്തുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന റോഡുകളിലെ കുഴികൾ നികത്തിയിട്ടുണ്ട്. റോഡരികിലെ കാടും വൃത്തിയാക്കി. നഗരത്തിൽ അലങ്കാരവിളക്കുകൾ തൂക്കിയിട്ടുണ്ട്.
സർക്കാർ നടപ്പാക്കുന്നതും ലക്ഷ്യമിടുന്നതുമായ പദ്ധതികൾ ജനങ്ങളിലെത്തിക്കാനും സംവദിക്കാനും പരാതികൾക്ക് പരിഹാരം കാണാനും ലക്ഷ്യമിട്ടാണ് നവകേരള സദസ്സ് സംഘടിപ്പിക്കുന്നതെങ്കിലും രാഷ്ട്രീയ നേട്ടവും സർക്കാറും ഇടതുമുന്നണിയും ലക്ഷ്യമിടുന്നുണ്ട്. ഏതാനും മാസങ്ങൾക്കകം ലോക്സഭ തെരഞ്ഞെടുപ്പ് വരാനിരിക്കെയാണ് പരിപാടിയുടെ സംഘാടനം. പരിപാടി രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂർത്താണെന്നും ആരോപിച്ച് യു.ഡി.എഫ് നവകേരള സദസ്സ് ബഹിഷ്കരിക്കും.
നവകേരള നിർമ്മിതിയുടെ ഭാഗമായി സർക്കാർ നടത്തിയ മുന്നേറ്റങ്ങളെക്കുറിച്ച് ജനങ്ങളുമായി സംവദിക്കുന്നതിനും സമൂഹത്തിന്റെ ചിന്താഗതികൾ അടുത്തറിയുന്നതിനുമായാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നാണ് സർക്കാർ പറയുന്നത്.
140 മണ്ഡലങ്ങളിലും മുഖ്യമന്ത്രിയും മന്ത്രിമാരും പര്യടനം നടത്തും. 1.05 കോടി രൂപ ചെലവഴിച്ച് പ്രത്യേകമായി തയാറാക്കിയ ബെൻസ് ബസിലായിരിക്കും യാത്ര. ബംഗളൂരുവിൽനിന്ന് പുറപ്പെട്ട ബസ് കാസർകോട് എത്തിച്ചേരും. മുഖ്യമന്ത്രിയായിരിക്കെ ഉമ്മൻ ചാണ്ടി ജില്ല ആസ്ഥാനങ്ങളിൽ നടത്തിയ ജനസമ്പർക്ക പരിപാടിയാണ് ഇതിന് മുമ്പുള്ള ജനകീയ പ്രശ്ന പരിഹാരത്തിനുള്ള കേരളീയ മാതൃക. എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭ യോഗം നവകേരള സദസ്സിനിടെ വിവിധ മണ്ഡലങ്ങളിൽ നടക്കും.
നവംബർ 22ന് തലശ്ശേരിയിലും 28ന് വള്ളിക്കുന്നിലും ഡിസംബർ ആറിന് തൃശൂരിലും 12ന് പീരുമേട്ടിലും 20ന് കൊല്ലത്തുമാണ് മന്ത്രിസഭ യോഗങ്ങൾ.
മറുനാടന് മലയാളി ബ്യൂറോ