- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- SPECIAL REPORT
മക്കളെ പഠിപ്പിക്കാന്‍ കഷ്ടപ്പെട്ട അമ്മയ്ക്ക് തന്റെ ആദ്യ ശമ്പളം നല്‍കണമെന്ന് ഉറപ്പിച്ച നവനീത്; ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയപ്പോല്‍ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം; വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാന്‍ കഴിയാതെ സുഹൃത്തുക്കളും ബന്ധുക്കളും
തലയോലപ്പറമ്പ്: കോട്ടയം മെഡിക്കല്‍ കോളേജ് അപകടത്തിലെ ബിന്ദുവിന്റെ മരണം നാടിനെ നടുക്കുന്നതായി. അധികാരികളുടെ അനാസ്ഥായാണ് ആ കുടുംബത്തെ തീരാക്കണ്ണിരിലേക്ക് നയിച്ചത്. മക്കള്‍ക്ക് നല്ല വിദ്യാഭ്യാസം നല്‍കി ജീവിതം കരുപ്പിടിപ്പിക്കാന്‍ ത്രാണി നല്‍കിയ അമ്മയായിരുന്നു ബിന്ദു. ആ ബിന്ദുന് തന്റെ മകന് ജോലി ലഭിച്ചു എന്നറിഞ്ഞപ്പോള്‍ വലിയ സന്തോഷമായിരുന്നു. അമ്മയ്ക്ക് തന്നെ തന്റെ സമ്പാദ്യമായ ആദ്യ ശമ്പളം നല്‍കണമെന്നായിരുന്നു മകന്‍ നവനീതിന്റെ ആഗ്രഹം. ആ ആഗ്രഹം സഫലമാകുന്നതിന് മുമ്പാണ് ദുരന്തം ആ കുടുംബത്തില്‍ എത്തിയത്.
ആദ്യശമ്പളം അമ്മയ്ക്കു നല്‍കാന്‍ ആശുപത്രിയിലേക്ക് എത്തിയ മകനെ കാത്തിരുന്നത് അമ്മയുടെ ചലനമറ്റ ശരീരം. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ച ബിന്ദുവിന്റെ മകനായ നവനീതിനു കഴിഞ്ഞ മാസമാണ് എറണാകുളത്തു ജോലി ലഭിച്ചത്. ആദ്യശമ്പളം കഴിഞ്ഞ ദിവസം കിട്ടിയെങ്കിലും അമ്മയും സഹോദരിയും ആശുപത്രിയിലായതിനാല്‍ അത് അമ്മയെ ഏല്‍പ്പിക്കാന്‍ കഴിഞ്ഞില്ല.
തുടര്‍ന്നാണ് ഇന്നലെ ആശുപത്രിയിലെത്തിയത്. അമ്മയുടെ മൃതദേഹത്തിനരികെ വിങ്ങിപ്പൊട്ടിയ നവനീതിനെ ആശ്വസിപ്പിക്കാന്‍ കണ്ടുനിന്നവര്‍ക്കു വാക്കുകളില്ലായിരുന്നു. അപകടത്തില്‍ മരിച്ചയാളെ ആദ്യം തിരിച്ചറിഞ്ഞതും നവനീതാണ്. കുടുംബസ്വത്തായി ലഭിച്ച 5 സെന്റ് സ്ഥലത്തു നിര്‍മാണം പൂര്‍ത്തിയാകാത്ത ചെറിയ വീട്ടിലാണ് ബിന്ദുവും ഭര്‍ത്താവ് വിശ്രുതനും മക്കളായ നവമിയും നവനീതും ബിന്ദുവിന്റെ അമ്മ സീതാലക്ഷ്മിയും താമസിക്കുന്നത്.
മേസ്തിരിപ്പണിക്കാരനായ വിശ്രുതന്റെയും തലയോലപ്പറമ്പിലെ വസ്ത്രശാലയില്‍ ജോലി ചെയ്യുന്ന ബിന്ദുവിന്റെയും വരുമാനം കൊണ്ടാണു കുടുംബം കഴിഞ്ഞുപോന്നിരുന്നത്. ആന്ധ്രയില്‍ അപ്പോളോ നഴ്‌സിങ് കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയായ നവമിക്ക് (21) ന്യൂറോ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് മെഡിക്കല്‍ കോളജില്‍ ചൊവ്വാഴ്ച ചികിത്സയ്ക്ക് എത്തിയത്.
തൊട്ടരികില്‍ രണ്ട് മന്ത്രിമാരും പരിവാരങ്ങളും പൊലീസ് സംഘവുമുണ്ടായിരുന്നിട്ടും ആ നേരമത്രയും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ ജീവനുവേണ്ടി പിടയുകയായിരുന്നു ബിന്ദു. ശസ്ത്രക്രിയ കഴിഞ്ഞ മകളുടെ കൂട്ടിരിപ്പുകാരിയായ അവര്‍ കുളിക്കാന്‍ കയറിയത് ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലേക്കായിരുന്നു. ഒരുപക്ഷേ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാര്‍ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കില്‍ ഒരുജീവന്‍ രക്ഷിക്കാനാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെ.
മെഡിക്കല്‍ കോളജിലെ മൂന്നുനിലകളിലായാണ് 10, 11, 14 വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ഈ മൂന്നുനിലകളുടെയും ശൗചാലയങ്ങള്‍ പ്രധാന കെട്ടിടത്തില്‍നിന്ന് പുറത്തേക്ക് തള്ളിയ നിലയിലാണ് സ്ഥിതിചെയ്തിരുന്നത്. പ്രധാന കെട്ടിടത്തോട് പില്‍ക്കാലത്ത് കൂട്ടിച്ചേര്‍ത്തതാണിവ. ഇതില്‍ 10ാം വാര്‍ഡിനോട് ചേര്‍ന്നുള്ള ശൗചാലയത്തില്‍ കുളിക്കാന്‍ കയറിയപ്പോഴാണ് മൂന്നുനിലകളിലെയും ടോയ്‌ലറ്റുകള്‍ ഒന്നടങ്കം ഇടിഞ്ഞുവീണത്.
തകര്‍ന്നുവീണ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് പ്രാഥമികാന്വേഷണംപോലും നടത്താതെ പ്രഖ്യാപിച്ചതാണ് പ്രശ്‌നം ഗുരുതരമാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മന്‍ എം.എല്‍.എയാണ്, ഒരുസ്ത്രീയെ കാണാനില്ലെന്നും അവശിഷ്ടങ്ങള്‍ക്കിടയില്‍ അവര്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും തറപ്പിച്ചുപറഞ്ഞത്.
നാലുവശവും കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ടതിനു നടുവിലെ മുറ്റംപോലുള്ള ഭാഗത്തേക്കാണ് കെട്ടിടം ഇടിഞ്ഞുവീണത്. സംഭവം നടന്നയുടന്‍ നാട്ടുകാരും രോഗികളുടെ കൂട്ടിരിപ്പുകാരും രക്ഷാപ്രവര്‍ത്തനത്തിനിറങ്ങി. അങ്ങനെയാണ് പരിക്കേറ്റ 11 വയസ്സുകാരി അലീനയെ രക്ഷപ്പെടുത്തിയത്. രോഗികളെ ഒഴിപ്പിക്കുന്നതിനിടെ കാഷ്വാലിറ്റി ജീവനക്കാരന്‍ അമല്‍ പ്രദീപിന് ട്രോളി വന്നിടിച്ച് നിസ്സാര പരിക്കുമേറ്റു.
അഗ്‌നിരക്ഷാസേനയും മറ്റും രംഗത്തുവന്നെങ്കിലും മണ്ണുമാന്തിയന്ത്രം എത്തിക്കാതെ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. ഒരുമണിയോടെയാണ് രക്തബാങ്കും അനസ്‌തേഷ്യ ക്ലിനിക്കും ഐ.സി.യു ബ്ലോക്കുമൊക്കെ സ്ഥിതിചെയ്യുന്ന വാര്‍ഡുകള്‍ക്കിടയിലെ ഇടുങ്ങിയ വരാന്തയിലൂടെ ഏറെ പണിപ്പെട്ട് മൂന്ന് മണ്ണുമാന്തി യന്ത്രങ്ങള്‍ കൊണ്ടുവന്നത്.വാര്‍ഡുകള്‍ക്കിടയിലെ വരാന്തയിലെ ഗ്രില്ലുകള്‍ കട്ടര്‍ ഉപയോഗിച്ച് മുറിച്ചുമാറ്റി യന്ത്രങ്ങള്‍ക്ക് വഴിയൊരുക്കി.
അവശിഷ്ടങ്ങള്‍ നീക്കിത്തുടങ്ങിയപ്പോള്‍തന്നെ മരിച്ച നിലയില്‍ ബിന്ദുവിന്റെ ശരീരം കണ്ടെത്തി. അപ്പോഴേക്കും വിലപ്പെട്ട രണ്ടരമണിക്കൂര്‍ കഴിഞ്ഞിരുന്നു. കൂടുതല്‍ പേര്‍ കുടുങ്ങിയിട്ടില്ലെന്ന് ഉറപ്പാക്കുന്നതുവരെ മൂന്ന് യന്ത്രങ്ങള്‍ ഉപയോഗിച്ച് അവശിഷ്ടങ്ങള്‍ നീക്കംചെയ്തു.