- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2022 മുതല്‍ ഏരിയാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി; ഡെപ്യൂട്ടി തഹസില്‍ദാര്‍ നല്‍കിയ കുടിശിക പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ഏരിയ സെക്രട്ടറി; ഔദ്യോഗിക ഉത്തരവാദിത്തം നിര്‍വ്വഹിച്ചതിന് തെറിവിളിയും ഭീഷണിയും; നാരങ്ങാനം മോഡല്‍ കേരളത്തിന് അപമാനം; വില്ലേജ് ഓഫീസറിനെ മറ്റൊരു 'നവീന്‍ ബാബു' ആക്കാന്‍ അഴിമതി ക്യാപ്സ്യൂള്‍; ഇതും കണ്ണൂര്‍ മോഡല്‍!
പത്തനംതിട്ട: സിപിഎം ഏരിയ സെക്രട്ടറിയുമായുള്ള ഫോണ്‍വിളിയുടെ ശബ്ദരേഖ പുറത്തു വന്നതിനു ശേഷം അജ്ഞാത ഭീഷണി ഫോണ്‍ കോള്‍ വന്നതായി നാരങ്ങാനം വില്ലേജ് ഓഫിസര്‍. വില്ലേജ് ഓഫിസര്‍ ജോസഫ് ജോര്‍ജ് ഇന്നലെ കലക്ടര്‍ക്കു പരാതി നല്‍കി. പരാതി കലക്ടര്‍ ആറന്മുള പൊലീസിനു കൈമാറി. പൊലീസ് ഇനി മൊഴിയെടുക്കും. ഇതേ സ്ഥലത്തു ജോലിയില്‍ തുടരാന്‍ പ്രയാസമാണെന്ന് വില്ലേജ് ഓഫിസര്‍ മേലധികാരികളെ അറിയിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളില്‍ വില്ലേജ് ഓഫിസര്‍ അവധിക്ക് അപേക്ഷ നല്‍കി. നാരങ്ങാനത്ത് ജോലി ചെയ്യാന്‍ ഭയമാണെന്നാണ് ജോസഫ് ജോര്‍ജ് പറയുന്നത്.
വീടിന്റെ നികുതി കുടിശിക അടച്ചു തീര്‍ക്കണമെന്നാവശ്യപ്പെട്ടാണ് കഴിഞ്ഞ ദിവസം നാരങ്ങാനം വില്ലേജ് ഓഫിസര്‍ സിപിഎം പത്തനംതിട്ട ഏരിയ സെക്രട്ടറി എം.വി. സഞ്ജുവിനെ ഫോണ്‍ വിളിച്ചത്. സംസാരത്തിനൊടുവില്‍ പ്രകോപിതനായ ഏരിയ സെക്രട്ടറി വില്ലേജ് ഓഫിസറെ വീട്ടില്‍ കയറി വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ പുറത്തു വന്നു. ഇതോടെ പ്രതികാരം കൂടി. സഞ്ജുവിനോട് വിരോധം ഇല്ലെന്നും പെട്ടെന്നുള്ള പ്രകോപനത്തില്‍ സംസാരിച്ചതാണെന്നും വില്ലേജ് ഓഫിസര്‍ പറഞ്ഞു. സേവ് ചെയ്യപ്പെടാത്ത നമ്പറുകളില്‍ നിന്നുള്ള സംഭാഷണം റിക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് ഫോണിലെ ക്രമീകരണം. സംഭാഷണം റെക്കോര്‍ഡ് ചെയ്ത് മനഃപൂര്‍വം പ്രചരിപ്പിച്ചെന്നാണ് ആരോപണം. ഭീഷണി കോളുകള്‍ തുടര്‍ന്നതോടെ വില്ലേജ് ഓഫിസര്‍ ഔദ്യോഗിക നമ്പറിന്റെ സിംകാര്‍ഡ് ഓഫിസില്‍ വച്ച ശേഷം പരാതി നല്‍കാനായി കലക്ടറേറ്റിലേക്ക് പോയി. റവന്യു ഉദ്യോഗസ്ഥര്‍ മറ്റൊരു വാഹനത്തില്‍ ഇദ്ദേഹത്തെ അനുഗമിച്ചു.
വില്ലേജ് ഓഫിസര്‍ ജോസഫ് അഴിമതിക്കാരനാണെന്നു ഏരിയ സെക്രട്ടറി എം.വി. സഞ്ജു ആരോപിച്ചു. മര്യാദകെട്ട നിലയിലാണ് തന്നോട് സംസാരിച്ചതെന്നും വിവാദമുണ്ടാക്കാന്‍ ബോധപൂര്‍വം സംഭാഷണം റിക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നെന്നും സഞ്ജു പറഞ്ഞു. സഞ്ജുവും ജോര്‍ജ് ജോസഫും തമ്മിലുള്ള സംഭാഷണമാണ് കഴിഞ്ഞ ദിവസം പ്രചരിച്ചത്. ഭീഷണികള്‍ തുടര്‍ന്നതോടെ വില്ലേജ് ഓഫീസര്‍ ഔദ്യോഗിക ഫോണ്‍ ഉപയോഗിക്കാതെയായി. ഇന്നലെ ഉച്ചവരെ ജോര്‍ജ് ജോസഫ് വില്ലേജ് ഫീസില്‍ ഉണ്ടായിരുന്നു. ഔദ്യോഗിക മൊബൈല്‍ സിംകാര്‍ഡ് ഓഫീസില്‍ വച്ചശേഷം ഉച്ചയോടെ ഓഫീസില്‍ നിന്ന് മടങ്ങി.
വില്ലേജ് ഓഫീസര്‍ ദീര്‍ഘാവധിക്ക് അപേക്ഷ നല്‍കിയതായും അറിയുന്നു. വീടിന്റെ കെട്ടിട നികുതി അടയ്ക്കണമെന്ന് ആവശ്യപ്പെട്ട് 2022 മുതല്‍ ഏരിയെ സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയിരുന്നു. ഡെപ്യൂട്ടി തഹസില്‍ദാര്‍ നല്‍കിയ കുടിശിക പട്ടികയിലെ ആദ്യ പേരുകാരനായിരുന്നു ഏരിയ സെക്രട്ടറി. ഇത് ലഭിച്ച ശേഷം ഏരിയെ സെക്രട്ടറിയെ ഫോണില്‍ വിളിച്ച് കുടിശിക അടയ്ക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് വാക്കുതര്‍ക്കവും ഭീഷണിയുമുണ്ടായത്. വില്ലേജ് ഓഫീസര്‍ അപമര്യാദയായി സംസാരിച്ചതിനാലാണ് പ്രതികരിക്കേണ്ടി വന്നതെന്ന് ഏരിയ സെക്രട്ടറി എം.വി സഞ്ജു പറഞ്ഞു.
വിവാദമുണ്ടാക്കാന്‍ ബോധപൂര്‍വ്വം സംഭാഷണം റെക്കോര്‍ഡ് ചെയ്ത് പ്രചരിപ്പിക്കുകയായിരുന്നു. വില്ലേജ് ഓഫീസര്‍ നാരങ്ങാനത്ത് വന്ന് പതിനഞ്ച് ദിവസം തികയുന്നതിന് മുന്‍പ് രണ്ടു പേരില്‍ നിന്ന് കൈക്കൂലി വാങ്ങിയതായി സഞ്ജു ആരോപിച്ചു. ഇതിനിടെ വില്ലേജ് ഓഫീസര്‍ക്കെതിരെ സമൂഹമാദ്ധ്യമങ്ങളില്‍ സി.പി.എം പ്രവര്‍ത്തകര്‍ വ്യാപകമായ പ്രചരണം ആരംഭിച്ചിട്ടുണ്ട്. കൈക്കൂലിയെന്നത് സിപിഎം ക്യാപ്‌സ്യൂളാണെന്നും സമാനമായാണ് കണ്ണൂരിലെ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിനെ ആത്മഹത്യയ്ക്ക് ഇട്ടുകൊടുത്തതെന്നും വാദമുയരുന്നുണ്ട്. ജോര്‍ജ് ജോസഫും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്നാണ് സൂചന.
പെട്രോള്‍ പമ്പില്‍ അഴിമതിക്ക് കൂട്ടു നില്‍ക്കാത്തതാണ് നവീന്‍ ബാബുവിനെ ശത്രുവാക്കിയത്. ഇതിന്റെ പ്രതികാരമായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവിയിലിരുന്ന് പിപി ദിവ്യ തീര്‍ത്തത്. അതു താങ്ങാന്‍ കഴിയാതെയാണ് നവീന്‍ ബാബു ജീവനൊടുക്കിയത്. അത് ഏറെ ചര്‍ച്ചയായി. അതേ കണ്ണൂര്‍ മോഡല്‍ വീണ്ടും കേരളം ദര്‍ശിക്കുകയാണ് നാരങ്ങാനത്തിലൂടെ.