തലശ്ശേരി: കണ്ണൂര്‍ എഡിഎമ്മായിരുന്ന കെ. നവീന്‍ ബാബുവിന്റെ മരണത്തിലെ തുടരന്വേഷണം അവസാനിപ്പിച്ചു പോലീസ്. കേസില്‍ തുടരന്വേഷണത്തിന്റെ ആവശ്യമില്ലെന്നാണ് പോലീസിന്റെ റിപ്പോര്‍ട്ട്. കണ്ണൂര്‍ ടൗണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ബിനു മോഹന്‍ ഇത് സംബന്ധിച്ച വിവരം തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി (രണ്ട്) ജഡ്ജി ടിറ്റി ജോര്‍ജ് മുമ്പാകെ നല്‍കി. നവീന്‍ ബാബുവിന്റെ ഭാര്യ കെ. മഞ്ജുഷയാണ് തുടരന്വേഷണം ആവശ്യപ്പെട്ട് കണ്ണൂര്‍ മജിസ്‌ട്രേറ്റ് മുമ്പാകെയും പിന്നീട് തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതിയിലും ഹര്‍ജി നല്‍കിയത്. പ്രതി പി.പി. ദിവ്യ തിങ്കളാഴ്ച കോടതിയില്‍ ഹാജരായിരുന്നു. കേസ് ഫെബ്രുവരി 19-ന് പരിഗണിക്കും.

കേസില്‍ ഏക പ്രതിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയുടെ മൊബൈല്‍ഫോണ്‍ ശാസ്ത്രീയ പരിശോധന തിരുവനന്തപുരത്തെ ലാബിലും മറ്റുള്ളവ കണ്ണൂരിലെ ലാബിലും നടത്തിയതിന്റെ ഫലം കോടതിയില്‍ നല്‍കി. ശാസ്ത്രീയപരിശോധന നടത്തിയില്ലെന്ന പരാതിക്കാരിയുടെ വാദം നിലനില്‍ക്കില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തളിപ്പറമ്പ് താലൂക്കിലെ ചുഴലി വില്ലേജില്‍ ചേരംകുന്ന് ടി.വി. പ്രശാന്തിന് ബിപിസിഎല്‍ പെട്രോള്‍പമ്പ് അനുവദിച്ചിരുന്നു. പെട്രോള്‍പമ്പ് അനുമതിക്കായി നല്‍കിയ നോട്ട് ഫയല്‍ ബന്തവസിലെടുത്ത് രേഖകള്‍ പരിശോധിച്ചതില്‍ പെട്രോള്‍പമ്പിന് പാര്‍ട്ട്ണര്‍ഷിപ്പ് ഇല്ലെന്ന് കണ്ടെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബു ആത്മഹത്യ ചെയ്യാന്‍ പ്രേരണയായത് സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി.പി.ദിവ്യയുടെ വാക്കുകളാണെന്ന് പോലീസ് കുറ്റപത്രം അടുത്തിടെ സമര്‍പ്പിച്ചിരുന്നു. ദിവ്യയാണ് കേസിലെ ഏക പ്രതിയെന്നും അന്വേഷണത്തില്‍ വ്യക്തമായതെന്നും കുറ്റപത്രത്തില്‍ പറയുന്നു. നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് നേരിട്ട് തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്നും ഇതില്‍ പറയുന്നുണ്ട്. നേരത്തെ റവന്യൂ വകുപ്പിന്റെ അന്വേഷണത്തില്‍ തെളിവില്ലെന്ന് കണ്ടെത്തിയിരുന്നു.

അതിനിടെ കണ്ണൂര്‍ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് സിപിഎം അടുത്തിടെ ഒഴിവാക്കിയിരുന്നു. സി.പി.എം നേതൃത്വത്തിന്റെ കര്‍ശന നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനം പാര്‍ട്ടി കൈക്കൊണ്ടത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുണ്ടായ തിരിച്ചടിക്ക് കാരണമായ പ്രധാന കാരണങ്ങളില്‍ ഒന്ന് നവീന്‍ ബാബുവിന്റെ ആത്മഹത്യയും തുടര്‍ന്നുണ്ടായ വിവാദങ്ങളുമാണെന്ന് പാര്‍ട്ടി നേതൃത്വം വിലയിരുത്തിയിരുന്നു. പി.പി. ദിവ്യ വീണ്ടും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ഭാരവാഹി ആയാല്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യ വീണ്ടും ചര്‍ച്ചയാകുമോയെന്ന ആശങ്ക സി.പി.എം നേതൃത്വത്തിനുണ്ട്. ഇതിനെ തുടര്‍ന്നാണ് ദിവ്യയെ ഒഴിവാക്കിയത്.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റായ പി.പി. ദിവ്യയെ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്നാണ് മാറ്റിയത്. ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് സി.പി.എം സംസ്ഥാന നേതൃത്വം മഹിളാ അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പി.പി. ദിവ്യയുടെ സ്ഥാനചലനം. ജനാധിപത്യ മഹിള അസോസിയേഷന്റെ കണ്ണൂര്‍ ജില്ല സമ്മേളനത്തില്‍ പി.പി. ദിവ്യയെ ജില്ല ജോയിന്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തിരുന്നു. സംസ്ഥാന സമ്മേളനത്തില്‍ പി.പി. ദിവ്യ സംസ്ഥാന ഭാരവാഹിത്വത്തില്‍ തുടരുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ സി.പി.എം നേതൃത്വം നേരിട്ട് ഇടപെട്ടാണ് പി.പി. ദിവ്യയെ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്ന് മാറ്റുകയായിരുന്നു.

ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്ന് നീക്കിയത് വാര്‍ത്തയായതോടെ, ദിവ്യ ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കണമെന്ന് വ്യക്തിപരമായി ആവശ്യപ്പെട്ടതാണെന്ന വിശദീകരണവുമായി നേതൃത്വം രംഗത്ത് എത്തിയിട്ടുണ്ട്. പി.പി. ദിവ്യ ആവശ്യപ്പെട്ടതിനനുസരിച്ചാണ് ഭാരവാഹിത്വത്തില്‍ നിന്ന് ഒഴിവാക്കിയത് എന്ന് പി.കെ. ശ്രീമതി വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ നവീന്‍ ബാബുവിന്റെ ആത്മഹത്യ ചര്‍ച്ച ആവാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് ദിവ്യയെ ഭാരവാഹിത്വത്തില്‍ നിന്ന് പാര്‍ട്ടി നേതൃത്വം മാറ്റി നിര്‍ത്താന്‍ തീരുമാനിച്ചതിന്റെ പിന്നിലെ കാരണം. ദിവ്യ ഭാരവാഹിയായാല്‍ പ്രതിപക്ഷം നവീന്‍ ബാബുവിന്റെ ആത്മഹത്യ ചൂണ്ടിക്കാട്ടി പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുമെന്ന് സി.പി.എം നേതൃത്വം കരുതുന്നുണ്ട്.

ആ പ്രചാരണത്തിന്റെ മൂര്‍ച്ച കുറയ്ക്കാനാണ് പി.പി. ദിവ്യയെ മാറ്റി നിര്‍ത്താനുള്ള തീരുമാനം. കണ്ണൂര്‍ എ.ഡി.എം ആയിരുന്ന നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്നാണ് പി.പി. ദിവ്യയെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കിയത്. നവീന്‍ ബാബുവിന്റെ ആത്മഹത്യയെ തുടര്‍ന്ന് വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെ പി.പി. ദിവ്യയെ സി.പി.എം ജില്ലാ കമ്മിറ്റി അംഗത്വത്തില്‍ നിന്ന് ഇരിണാവ് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനുള്ള ശ്രമവും നേതൃത്വം നേരത്തെ നടത്തിയിരുന്നു.

നവീന്‍ ബാബു ആത്മഹത്യ ചെയ്ത കേസില്‍ ഏക പ്രതിയാണ് പി.പി. ദിവ്യ. പി.പി. ദിവ്യയ്ക്കെതിരെ പാര്‍ട്ടി നടപടി എടുത്തിട്ടും നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരളീയ പൊതുസമൂഹം സി.പി.എം നേതൃത്വത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയാണ്.