- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അയാള്‍ അഴിമതിയില്ലാത്ത ഉദ്യോഗസ്ഥനാണ്, വളരെ മാന്യമായ രീതിയില്‍ ജോലി ചെയ്തിരുന്ന നല്ല മനുഷ്യന്‍; സത്യസന്ധനാണ്, രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ്'; നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ നൊമ്പരത്തോടെ വാക്കുകള്‍ ഇടറി സുഹൃത്തുക്കള്‍
നവീന്‍ ബാബുവിന്റെ വിയോഗത്തില്‍ നൊമ്പരത്തോടെ വാക്കുകള്‍ ഇടറി സുഹൃത്തുക്കള്‍
ചെങ്ങന്നൂര്‍: ശുദ്ധനും സാധുവുമായി മനുഷ്യന്‍.. ഇത്രയും വലിയ ആരോപണം അദ്ദേഹത്തിന് താങ്ങാന്‍ കഴിഞ്ഞു കാണില്ല. എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യ ചെയ്‌തെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ മുതല്‍ സുഹൃത്തുക്കള്‍ വലിയ ആഘാതത്തിലാണ്. സിപിഎം അനുഭാവി കൂടിയാണ് അദ്ദേഹം. പി പി ദിവ്യയുടെ അനവസരത്തിലെ പ്രതികരണത്തെ തുടര്‍ന്ന് സങ്കടം സഹിക്കാന്‍ കഴിയാതെയാണ് നവീന്‍ ബാബു ആത്മഹത്യ ചെയ്തത്.
'അയാള്‍ അഴിമതിയില്ലാത്ത ഉദ്യോഗസ്ഥനാണ്, വളരെ മാന്യമായ രീതിയില്‍ ജോലി ചെയ്തിരുന്ന നല്ല മനുഷ്യന്‍, ഇടതുപക്ഷ സഹയാത്രികനാണ്, എല്ലാവര്‍ക്കും നല്ല അഭിപ്രായം മാത്രമെ ആ മനുഷ്യനെ പറ്റിയുള്ളു, ഭാര്യയും സര്‍ക്കാര്‍ ജോലിക്കാരിയാണ്, രണ്ട് പെണ്‍കുട്ടികളാണ് ആ മനുഷ്യനുള്ളത്'. കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ പറ്റി സുഹൃത്ത് മലയാലപ്പുഴ ശശി പറഞ്ഞത്, വാക്കുകള്‍ ഇടറിക്കൊണ്ടാണ് അദ്ദേഹം ഇത് പ്രതികരിച്ചത്.
എല്ലാവര്‍ക്കും നവീനെ കുറിച്ച് നല്ലതു മാത്രമാണ് പറയാന്‍ ഉണ്ടായിരുന്നത്. ജോലിയെ സ്‌നേഹിച്ചിരുന്ന നല്ലവനായ ഉദ്യോഗസ്ഥനായിരുന്നു എന്നാണ് എല്ലാവരും നവീനെ പറ്റി പറയുന്നത്. സിപിഎം അനുഭാവിയായ ഉദ്യോഗസ്ഥന്റെ മരണത്തില്‍ സിപിഎം നേതാവാണ് പ്രതിക്കൂട്ടില്‍. അതുകൊണ്ടു തന്നെ പാര്‍ട്ടിക്കുള്ളിലും അവര്‍ക്കെതിരെ രോഷം ഇരമ്പുകയാണ്.
കണ്ണൂര്‍ പള്ളിക്കുന്നിലുള്ള ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങി മരിച്ചനിലയിലായിരുന്നു നവീനെ കാണപ്പെട്ടത്. നവീനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഴിമതി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് സംഭവം. കണ്ണൂരില്‍നിന്നു സ്ഥലംമാറ്റം ലഭിച്ച് സ്വദേശമായ പത്തനംതിട്ടയില്‍ അടുത്ത ദിവസം ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു.
ഇന്നലെ വൈകിട്ട് കണ്ണൂര്‍ കലക്ടറേറ്റില്‍ നടന്ന യാത്രയയപ്പ് ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ എഡിഎമ്മിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചെങ്ങളായില്‍ പെട്രോള്‍ പമ്പിന് നിരാക്ഷേപ പത്രം നല്‍കുന്നത് മാസങ്ങള്‍ വൈകിച്ചുവെന്നും അവസാനം എങ്ങനെ കൊടുത്തുവെന്ന് അറിയാമെന്നുമാണു ദിവ്യ പറഞ്ഞത്. രണ്ടു ദിവസത്തിനകം കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നും പറഞ്ഞാണ് ദിവ്യ ചടങ്ങില്‍നിന്ന് ഇറങ്ങിപ്പോയത്.
നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെ ക്ഷണിക്കാതിരുന്നിട്ടും അവിടേക്ക് നാടകീയമായി കടന്നുവന്നാണ് അവര്‍ ജില്ലാ കലക്ടറുള്‍പ്പെടെ ഉണ്ടായിരുന്ന വേദിയില്‍വച്ച് നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചത്. ഉപഹാരം നല്‍കുന്ന സമയത്ത് തന്റെ സാന്നിധ്യം ഉണ്ടാവരുതെന്ന് ആഗ്രഹിക്കുന്നു എന്നു പറഞ്ഞ് വേദി വിടുകയും ചെയ്തു.
യാത്രയയപ്പ് യോഗത്തിനുശേഷം ഔദ്യോഗിക വാഹനത്തില്‍ താമസസ്ഥലത്തേക്ക് തിരിച്ച എഡിഎം വഴിയില്‍ വണ്ടിനിര്‍ത്താന്‍ ആവശ്യപ്പെട്ട്, ഇറങ്ങിയെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. ഇന്നു പുലര്‍ച്ചെ പത്തനംതിട്ടയില്‍ എത്തേണ്ട നവീന്‍ ബാബുവിനെ കാത്ത് ബന്ധുക്കള്‍ ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ട്രെയിന്‍ എത്തിയിട്ടും നവീന്‍ ബാബു ഇറങ്ങാത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ണൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.