- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'വളരെ ആശ്വാസകരമായ വാര്‍ത്ത; കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ; പൊലീസ് നടപടികളില്‍ വിശ്വാസമുണ്ട്'; ദിവ്യയുടെ കസ്റ്റഡില്‍ പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ
അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷയെന്ന് മഞ്ജുഷ
പത്തനംതിട്ട: നവീന്‍ ബാബുവിന്റെ ആത്മഹത്യ കേസില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയെ കസ്റ്റഡയിലെടുത്ത വാര്‍ത്ത ആശ്വാസം തരുന്നതാണെന്ന് എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കാര്യക്ഷമമായ അന്വേഷണം നടക്കുമെന്നാണ് പ്രതീക്ഷ. അന്വേഷണം കാര്യക്ഷമമായി മുന്നോട്ട് പോകണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് മഞ്ജുഷ പ്രതികരിച്ചു. പൊലീസ് നടപടികളില്‍ വിശ്വാസമുണ്ട്. കൂടുതല്‍ പ്രതികരിക്കാനില്ലെന്നും അവര്‍ പറഞ്ഞു. പി.പി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവര്‍.
തങ്ങളുടെ ജീവിതം നശിപ്പിച്ച പ്രതിയെ അറസ്റ്റ് ചെയ്യണമെന്നും അതിന് വേണ്ടി ഏതറ്റംവരെയും പോകുമെന്നും നേരത്തെ മഞ്ജുഷ പ്രതികരിച്ചിരുന്നു. ഇതിനിടെയായിരുന്നു ദിവ്യയെ കസ്റ്റഡിയിലെടുത്തത്. കുടംബാംഗങ്ങള്‍ വരുന്നതിന് മുമ്പ് ഇന്‍ക്വസ്റ്റ് നടത്തിയതും ഭീഷണി പ്രസംഗത്തില്‍ കളക്ടര്‍ ഇടപെടാത്തതും പ്രാദേശിക ചാനലിനെ കൊണ്ട് പി പി ദിവ്യ വീഡിയോ എടുപ്പിച്ചതും സംശയാസ്പദമാണെന്നും മഞ്ജുഷ പറഞ്ഞിരുന്നു. തങ്ങളുടെ ജീവിതം നശിപ്പിച്ച പി പി ദിവ്യയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും നീതി തേടി ഏതറ്റം വരെയും പോകുമെന്നും അവര്‍ പറഞ്ഞു.
കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി പി ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കണ്ണപുരത്ത് നിന്നാണ് പിടികൂടിയത്. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ കീഴടങ്ങാന്‍ പോകുന്നതിനിടെയാണ് ദിവ്യ പൊലീസിന്റെ പിടിയിലായത്. തുടര്‍ന്ന് ദിവ്യയെ ചോദ്യം ചെയ്യുന്നതിന് വേണ്ടി ക്രൈം ബ്രാഞ്ച് ഓഫീസിലെത്തിച്ചു. ദിവ്യയെ പൊലീസ് വാഹനത്തില്‍ കണ്ണൂരിലേക്ക് കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.
അതേസമയം തുടര്‍ നടപടികള്‍ക്ക് ശേഷം വിശദമായി പ്രതികരിക്കാമെന്നും കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ പറഞ്ഞു. ദിവ്യയെ ചോദ്യം ചെയ്ത് നടപടികള്‍ പൂര്‍ത്തീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോടതി പരിണനയിലുള്ള വിഷയമായതിനാലാണ് നേരത്തെ നടപടി സ്വീകരിക്കാന്‍ സാധിക്കാതിരുന്നതെന്നും ദിവ്യ നിരീക്ഷണത്തിലായിരുന്നെന്നും കമ്മീഷണര്‍ പറഞ്ഞു.
തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയായിരുന്നു ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറഞ്ഞത്. ഒറ്റവാക്കിലായിരുന്നു കോടതി ഉത്തരവ്. ആത്മഹത്യാപ്രേരണക്കുറ്റം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താന്‍ തക്ക പ്രവര്‍ത്തി താന്‍ ചെയ്തിട്ടില്ലെന്നായിരുന്നു ദിവ്യയുടെ പ്രധാന വാദം. ഏത് ഉപാധികളും അംഗീകരിക്കാം എന്നും സ്ത്രീയെന്ന പരിഗണന നല്‍കി മുന്‍കൂര്‍ ജാമ്യം നല്‍കണമെന്നും ദിവ്യ കോടതിയില്‍ അപേക്ഷിച്ചിരുന്നു. പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബ അഭിഭാഷകനും ദിവ്യയുടെ വാദങ്ങളെ കോടതിയില്‍ എതിര്‍ത്തിരുന്നു.
കോടതി ജാമ്യം നിഷേധിച്ചതോടെ ദിവ്യയെ അറസ്റ്റുചെയ്യുക മാത്രമായിരുന്നു പോലീസിന്റെ മുന്നിലെ മാര്‍ഗം. കോടതി വിധിക്ക് പിന്നാലെ ഇവരുടെ വീട്ടില്‍ പോലീസ് എത്തിയിരുന്നുവെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ടവര്‍ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ ദിവ്യ പയ്യന്നൂരിലാണുള്ളതെന്ന വിവരവും പുറത്തുവന്നിരുന്നു.
കോടതി ജാമ്യം തള്ളിയിട്ടും അറസ്റ്റ് ചെയ്യാത്തതില്‍ പോലീസിനെതിരേ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. ചേലക്കര, പാലക്കാട്, വയനാട് ഉപതിരഞ്ഞെടുപ്പ് കൂടി വന്നെത്തിയ സാഹചര്യത്തില്‍ ഇനിയും കീഴടങ്ങള്‍ നീട്ടിക്കൊണ്ട് പോവുന്നത് തിരിച്ചടിയാവുമെന്ന് കണ്ടതോടെയാണ് നടപടിയെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യക്കെതിരെ പൊലീസ് കേസെടുത്തത്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് ചടങ്ങില്‍ എത്തിയായിരുന്നു ദിവ്യ ആരോപണം ഉന്നയിച്ചത്. ഇതിന് പിന്നാലെ താമസ സ്ഥലത്തേക്ക് മടങ്ങിയ നവീന്‍ ബാബു ജീവനൊടുക്കുകയായിരുന്നു.