നടി നവ്യാ നയാര്‍ക്ക് പിഴ നല്‍കി ഓസ്‌ട്രേലിയ. മുല്ലപ്പൂ കൈവശം വച്ചതിനാണ് നവ്യക്ക് ഓസ്‌ട്രേലിയ പിഴ നല്‍കിയത്. മെല്‍ബണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ 15 സെന്റിമീറ്റര്‍ നീളമുള്ള മുല്ലപ്പൂ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. ഓസ്‌ട്രേലിയന്‍ കൃഷിവകുപ്പ് 1980 ഓസ്‌ട്രേലിയന്‍ ഡോളര്‍ (ഏകദേശം 1.1 ലക്ഷം രൂപ) പിഴ ഈടാക്കി. വിക്ടോറിയ മലയാളി അസോസിയേഷന്റെ ഓണാഘോഷത്തില്‍ പങ്കെടുക്കാനായിരുന്നു നവ്യയുടെ ഓസ്‌ട്രേലിയന്‍ യാത്ര. പരിപാടിയില്‍ സംസാരിക്കവെയാണ് അവര്‍ വിമാനത്താവളത്തിലെ അനുഭവം സദസ്സുമായി പങ്കുവെച്ചത്.

മുല്ലപ്പൂ കൊണ്ടുപോകാന്‍ പാടില്ല എന്ന നിയമം തനിക്ക് അറിയില്ലായിരുന്നു എന്ന് പറഞ്ഞ താരം പക്ഷേ അറിവില്ലായ്മ ഒഴികഴിവല്ലെന്നും സമ്മതിച്ചു. 'ഇങ്ങോട്ട് വരുന്നതിന് മുമ്പ് എന്റെ അച്ഛനാണ് എനിക്ക് മുല്ലപ്പൂ വാങ്ങിത്തന്നത്. അത് രണ്ട് കഷ്ണമായി മുറിച്ചാണ് എനിക്ക് തന്നത്. കൊച്ചി മുതല്‍ സിങ്കപ്പൂര്‍ വരെ ഒരു കഷ്ണം മുടിയില്‍ അണിയാന്‍ അച്ഛന്‍ പറഞ്ഞു. സിങ്കപ്പൂരെത്തുമ്പോഴേക്ക് അത് വാടിപ്പോകും. സിങ്കപ്പൂരില്‍ നിന്ന് അണിയാനായി രണ്ടാമത്തെ കഷ്ണം ഹാന്‍ഡ്ബാഗില്‍ വെക്കാനും അദ്ദേഹം പറഞ്ഞു. ഒരു ക്യാരിബാഗിലാക്കി ഞാന്‍ അത് എന്റെ ഹാന്‍ഡ് ബാഗില്‍ വെച്ചു.' -നവ്യാ നായര്‍ പറഞ്ഞു.

'ഞാന്‍ അതുപോലെ തന്നെ ചെയ്തു. എന്നാല്‍ ഞാന്‍ ചെയ്തത് നിയമവിരുദ്ധമായ കാര്യമായിരുന്നു. അറിയാതെ ചെയ്ത തെറ്റ്. അറിവില്ലായ്മ ഒഴികഴിവല്ല എന്ന് എനിക്കറിയാം. 15 സെന്റിമീറ്റര്‍ മുല്ലപ്പൂ കൊണ്ടുവന്നതിന് അധികൃതര്‍ എന്നോട് 1980 ഡോളര്‍ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടു. തെറ്റ് തെറ്റ് തന്നെയാണ് എന്ന് എനിക്കറിയാം. പക്ഷേ അത് മനഃപൂര്‍വമായിരുന്നില്ല. 28 ദിവസത്തിനകം പിഴ അടയ്ക്കണമെന്നാണ് അവര്‍ എന്നോട് പറഞ്ഞത് എന്നും നവ്യ പറഞ്ഞു. ഒരുലക്ഷം രൂപയുടെ മുല്ലപ്പൂവും വെച്ചാണ് താനിങ്ങോട്ട് വന്നതെന്നും തമാശയായി നവ്യ പറഞ്ഞു. നവ്യയ്ക്കുണ്ടായ രസകരമായ അനുഭവം പൊട്ടിച്ചിരിയോടെയാണ് സദസ്സ് കേട്ടത്. മെല്‍ബണില്‍ പോകുന്ന വിവരം നവ്യ ഇന്‍സ്റ്റായിലൂടെ പങ്കുവെച്ചിരുന്നു.

ഓസ്‌ട്രേലിയയില്‍ കൃഷിക്കും തദ്ദേശീയ പരിസ്ഥിതിക്കും ഭീഷണിയാകുന്ന സൂക്ഷ്മജീവികള്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നത് തടയുന്നതിനാണ് ഇത്തരം കര്‍ശന നിയമങ്ങള്‍ നടപ്പിലാക്കുന്നത്. വിദേശരാജ്യങ്ങളില്‍നിന്നുള്ള ചെടികള്‍, പൂക്കള്‍ എന്നിവ കൊണ്ടുവരുന്നതിനെതിരെ കര്‍ശന നടപടിയെടുക്കുന്നതും പതിവാണ്. ഇത്തരത്തില്‍ ഓസ്ട്രേലിയയ്ക്ക് പണി കിട്ടിയ പല അനുഭവങ്ങളും മുമ്പുണ്ടായിട്ടുണ്ട്. 1859-ല്‍ ഏതാനും മുയലുകളെ വിനോദത്തിനായി യൂറോപ്പില്‍ എത്തിച്ചതാണ് അതിലൊന്ന്. ഓസ്ട്രേലിയയില്‍ മുയലുകള്‍ക്ക് സ്വാഭാവിക ശത്രുക്കളില്ലാത്തതിനാല്‍ അവ പെറ്റ് പെരുകുകുകയും കൃഷിഭൂമികള്‍ വന്‍തോതില്‍ നശിപ്പിക്കുകയും ചെയ്തു. തദ്ദേശീയ സസ്യങ്ങളെ മുയലുകള്‍ തിന്നുതീര്‍ത്തതോടെ അവയെ ആശ്രയിച്ചുകഴിയുന്ന ജീവികളുടെ ആവാസവ്യവസ്ഥയും തകര്‍ന്നു.

കരിമ്പ് കൃഷി നശിപ്പിക്കുന്ന വണ്ടുകളെ നിയന്ത്രിക്കാനായി കൊണ്ടുവന്ന കരിമ്പന്‍ പോക്കാന്തവള, വേലി കെട്ടാനായി കൊണ്ടുവന്ന ഒരുതരം കള്ളിമുള്‍ ചെടി എന്നിവയും ഓസ്ട്രേലിയയ്ക്ക് വലിയ തലവേദനയായി മാറിയ ചരിത്രമുണ്ട്. ന്യൂസീലാന്‍ഡ്, യുഎസ്, ജപ്പാന്‍, കാനഡ, യൂറോപ്യന്‍ യൂണിയന്‍ എന്നിവിടങ്ങളിലും കര്‍ശനമായ ബയോസെക്യൂരിറ്റി നിയമങ്ങളുണ്ട്.