ചെന്നൈ: തെന്നിന്ത്യന്‍ താരറാണി നയന്‍താരക്കെതിരെ നിയമയുദ്ധവുമായ നടന്‍ ധനുഷ്. നയന്‍താരയുടെ ജീവിതം പറയുന്ന 'നയന്‍താര ബിയോണ്ട് ദ ഫെയറി ടെയ്ല്‍' എന്ന ഡോക്യുമെന്ററില്‍ നാനും റൗഡി താന്‍ എന്ന തമിഴ് സിനിമയിലെ ഭാഗങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചുവെന്ന് കാണിച്ച് ധനുഷ് മദ്രാസ് ഹൈകോടതിയില്‍ ഹരജി നല്‍കി. ഈ ചിത്രത്തിന്റെ നിര്‍മാതാവാണ് ധനുഷ്. ഡോക്യുമെന്ററി നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് തുടരുകയാണ്.

പകര്‍പ്പവകാശം ലംഘിച്ച് ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് നയന്‍താര, സംവിധായകനും ഭര്‍ത്താവുമായ വിഘ്‌നേശ് ശിവന്‍, അവരുടെ റൗഡി പിക്‌ചേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവക്കെതിരെയാണ് ധനുഷും കെ. രാജയുടെ വണ്ടര്‍ബാര്‍ ഫിലിംസ് പ്രൈവറ്റ് ലിമിറ്റഡും മദ്രാസ് ഹൈകോടതിയെ സമീപിച്ചത്.

ഡോക്യുമെന്ററിയില്‍ നാനും റൗഡി താന്‍ ചിത്രത്തില്‍ മൂന്ന് സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള അണിയറ ദൃശ്യങ്ങള്‍ ഉപയോഗിച്ചതിന് 10 കോടി രൂപ നഷ്ടപരിഹാരമാവശ്യപ്പെട്ട് ധനുഷ് നയന്‍താരക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ മൂന്ന് സെക്കന്‍ഡ് മാത്രമുള്ള ദൃശ്യത്തിന് 10 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ടതിലെ അനൗചിത്യം ചോദ്യം ചെയ്ത നയന്‍താര ധനുഷിന് മറുപടിയായി മൂന്നുപേജുള്ള കുറിപ്പ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഇതോടെയാണ് ഇരുവരും തമ്മിലുള്ള പോര് പുറംലോകമറിഞ്ഞത്. നയന്‍താരക്ക് നിരവധി താരങ്ങള്‍ പിന്തുണ അറിയിക്കുകയും ചെയ്തു.

നാനും റൗഡി താന്‍ എന്ന സിനിമയുടെ സെറ്റില്‍ വെച്ചാണ് നയനും വിഘ്‌നേശും പ്രണയത്തിലായത്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനസംഭവത്തിന് സിനിമ കാരണമായതിനാലാണ് അതിലെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്താന്‍ നയന്‍താര ധനുഷിന്റെ അനുമതി തേടിയത്. എന്നാല്‍ ധനുഷ് അതിന് അനുമതി നല്‍കാതെ വന്നതോടെ അണിയറ ദൃശ്യങ്ങള്‍ മാത്രം ഉള്‍ക്കൊള്ളിച്ച് ഡോക്യുമെന്ററി പുറത്തിറക്കുകയായിരുന്നു. ഡോക്യുമെന്ററി അനന്തമായി വൈകാന്‍ കാരണം ധനുഷ് ആണെന്നും നയന്‍താര ആരോപിച്ചിരുന്നു.

2014ല്‍ നയന്‍താരയെ നായികയാക്കി ധനുഷ് നിര്‍മിച്ച ചിത്രമാണ് 'നാനും റൗഡി താന്‍'. നയന്‍താരയുടെ ജീവിതപങ്കാളി വിഘ്നേഷ് ശിവന്‍ ആയിരുന്നു സിനിമയുടെ സംവിധായകന്‍. താനും വിഘ്നേഷും ഇഷ്ടപ്പെടുന്നതും പ്രണയത്തിലായതും ഈ സിനിമയുടെ സെറ്റില്‍വച്ചാണെന്ന് നയന്‍താര പിന്നീട് പറഞ്ഞിട്ടുണ്ട്. ഈ അനുഭവങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്താനാണ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടത്.