- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇവിടെ വെടിക്കോപ്പുകള്‍ സൂക്ഷിച്ചത് ആദ്യമായി; ക്ഷേത്രത്തിനുള്ളില്‍ വെടിക്കോപ്പുണ്ടെന്ന കാര്യം തെയ്യം കാണാനെത്തിയവര്‍ക്ക് അറിയില്ലായിരുന്നു; ആളുകള്‍ കൂട്ടം കൂടി നിന്നത് തോറ്റം നന്നായി കാണാന്‍ അതിനടുത്തും; വെള്ളാട്ടം ഉറഞ്ഞാടിയപ്പോള്‍ തീഗോളം; ഇപ്പോഴും ദുരന്ത നടുക്കത്തില്‍ അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍
നീലേശ്വരം: നീലേശ്വരം തരുവിലെ അഞ്ഞൂറ്റമ്പലം വീരര്‍കാവില്‍ തിങ്കളാഴ്ച അര്‍ധരാത്രി പടക്കശേഖരത്തിന് തീപിടിച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ 200-ലേറെപ്പേര്‍ക്ക് പരിക്ക്. ഇവരില്‍ 158 പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നിലവില്‍ 104 പേര്‍ ചികിത്സയിലാണ്. സാരമായി പൊള്ളലേറ്റ ഏഴുപേരെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ക്ഷേത്ര ഭാരവാഹികള്‍ ഉള്‍പ്പെടെ എട്ട് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതില്‍ മൂന്ന് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
സംഭവത്തില്‍ ക്ഷേത്രഭാരവാഹികളായ ചന്ദ്രശേഖരന്‍, ഭരതന്‍, പടക്കം പൊട്ടിച്ച രാജേഷ് എന്നിവരെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു. അനുമതിയില്ലാതെ സ്‌ഫോടകവസ്തു സൂക്ഷിച്ചതിന് ഇവരുള്‍പ്പെടെ ക്ഷേത്രഭാരവാഹികളായ എട്ടുപേര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തു. ജില്ലാ പോലീസ് മേധാവി ഡി. ശില്പയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തി. ഫൊറന്‍സിക് വിദഗ്ധര്‍ സ്‌ഫോടനം നടന്ന സ്ഥലത്ത് പരിശോധന നടത്തി സാമ്പിള്‍ ശേഖരിച്ചു. പോലീസ് ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി.
ഉത്തരമലബാറില്‍ തെയ്യാട്ടക്കാലം തുടങ്ങിയാല്‍ ആദ്യം കളിയാട്ടം നടക്കുന്ന കാവുകളിലൊന്നാണ് അഞ്ഞൂറ്റമ്പലം വീരര്‍കാവ്. തിങ്കളാഴ്ച സന്ധ്യയോടെയാണ് കളിയാട്ടവിളക്ക് തെളിഞ്ഞത്. പടവീരന്റെയും ചൂളിയാര്‍ ഭഗവതിയുടെയും വെള്ളാട്ടമാണ് ആദ്യം അരങ്ങിലെത്തിയത്. രാത്രി 11.50-ഓടെ മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചുതോറ്റം (വെള്ളാട്ടം) പുറപ്പെട്ടു. വൈകാതെ വെള്ളാട്ടം ഉറഞ്ഞാടിത്തുടങ്ങി. ഇതിനിടയിലാണ് മീറ്ററുകള്‍ക്കപ്പുറത്ത് വെടിപ്പുരയില്‍നിന്ന് തീഗോളം ഉയര്‍ന്നത്. വെള്ളാട്ടം ഉറഞ്ഞുതുള്ളുമ്പോള്‍ പടക്കം പൊട്ടിക്കുന്നത് പതിവാണ്.
മാലപ്പടക്കത്തില്‍നിന്നുള്ള തീപ്പൊരി വെടിപ്പുരയ്ക്കകത്തെത്തുകയും അവിടെയുള്ള മുഴുവന്‍ പടക്കങ്ങളും ഒന്നിച്ച് പൊട്ടിത്തെറിക്കുകയുമായിരുന്നു. ഭിത്തിയില്‍ വിള്ളല്‍ വീഴുകയും മേല്‍ക്കൂരയുടെ ഷീറ്റ് തെറിച്ചുപോകുകയും ചെയ്തു. ആദ്യമായാണ് ഇവിടെ വെടിക്കോപ്പുകള്‍ സൂക്ഷിച്ചത്. അതിനാല്‍ ഇതിനുള്ളില്‍ വെടിക്കോപ്പുണ്ടെന്ന കാര്യം തെയ്യം കാണാനെത്തിയവര്‍ക്ക് അറിയില്ലായിരുന്നു. ഇതിന് അടുത്തുള്ള സ്ഥലത്താണ് ആളുകള്‍ തിങ്ങിക്കൂടിനിന്നത്. ഇതാണ് കൂടുതല്‍ പേര്‍ക്ക് പരിക്കേല്‍ക്കാന്‍ കാരണം.
സംഭവത്തെക്കുറിച്ച് കാസര്‍കോട് അഡീഷണല്‍ എസ്.പി. പി. ബാലകൃഷ്ണന്‍ നായരുടെ മേല്‍നോട്ടത്തില്‍ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി. ബാബു പെരിങ്ങേത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി ഡി. ശില്പ അറിയിച്ചു. കളിയാട്ടസ്ഥലത്ത് പടക്കശേഖരത്തിന് തീപിടിച്ച് അപകടമുണ്ടായ സാഹചര്യം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ എ.ഡി.എം. പി. അഖിലിനെ ചുമതലപ്പെടുത്തിയതായി കളക്ടര്‍ കെ. ഇമ്പശേഖര്‍ അറിയിച്ചു.