- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്തീകളുടെ മുടി കത്തി, പലരുടെയും ദേഹത്തെ തൊലി ഇളകി മാറി; പൊട്ടിത്തെറിയുണ്ടായിട്ടും തെയ്യവും ചെണ്ടമേളവും തുടര്‍ന്നു; ക്ഷേത്രഭാരവാഹികള്‍ ആദ്യം സംഭവത്തെ ഗൗരവമായി കണ്ടില്ല; പടക്കം പൊട്ടിച്ച സ്ഥലം മാറ്റിയതടക്കം ഗുരുതര അനാസ്ഥ
സ്തീകളുടെ മുടി കത്തി, പലരുടെയും ദേഹത്തെ തൊലി ഇളകി മാറി;
കാസര്‍കോഡ്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ട മഹോത്സവത്തിനിടെ വെടിക്കെട്ട് അപകടത്തില്‍ പൊള്ളലേറ്റത് പടക്കങ്ങള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം നിന്നവര്‍ക്ക്. ക്ഷേത്രമതിലിനോട് ചേര്‍ന്നുള്ള ഷീറ്റ് പാകിയ കെട്ടിടത്തിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഇതിനുസമീപം സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവര്‍ കൂടിനിന്നിരുന്നു. ഇവര്‍ക്കെല്ലാം പൊള്ളലേറ്റു.
വലിയ തീഗോളം പോലെ പടക്കശേഖരം പൊട്ടിത്തെറിക്കുകയായിരുന്നു. പലര്‍ക്കും മുഖത്തും കൈകള്‍ക്കുമാണ് പൊള്ളലേറ്റത്. വസ്ത്രങ്ങളും കത്തിപ്പോയി. ''സാധാരണ ക്ഷേത്രത്തിന്റെ പുറകു വശത്താണ് പടക്കം പൊട്ടിക്കുന്നത്. ഇത്തവണ സ്ഥലം മാറ്റിയത് ആദ്യമേ അനാസ്ഥയായി തോന്നിയിരുന്നു. ഇത്ര അടുത്ത് പടക്കം പൊട്ടിക്കുന്നത് എന്തിനെന്ന് ചോദിച്ചിരുന്നു. വലിയ ശബ്ദമാണ് കേട്ടത്. സിനിമയിലെ സ്‌ഫോടനരംഗം പോലെയായിരുന്നു. ഭാഗ്യത്തിനാണ് രക്ഷപ്പെട്ടത്. കയ്യിലാണ് പരുക്കേറ്റത്.' ദൃക്‌സാക്ഷിയായ രാമചന്ദ്രന്‍ പറഞ്ഞു.
''എല്ലാവരെയും സ്വകാര്യ വാഹനങ്ങളില്‍ വേഗം ആശുപത്രിയിലാക്കി. കാസര്‍കോട് നല്ല ആശുപത്രിയില്ല. എല്ലാവരും ആശ്രയിക്കുന്നത് മംഗലാപുരത്താണ്. സ്തീകളുടെ മുടി കത്തി. പലരുടെയും ദേഹത്തെ തൊലി ഇളകി മാറി. സാധാരണ കാവിന്റെ ഭാഗത്തുനിന്നാണ് വെടിക്കെട്ട്. അവിടെ ആളുകള്‍ നില്‍ക്കാറില്ല. ഇത്തവണ സ്ഥലം മാറ്റിയാണ് പടക്കം കത്തിച്ചത്. തോറ്റത്തിന് മാലപ്പടക്കാണ് പൊട്ടിച്ചത്. അതില്‍നിന്ന് തീപ്പൊരി വീണതെന്നാണ് കരുതുന്നത്.''ദൃക്‌സാക്ഷികള്‍ പറയുന്നു.
ഇന്നു കത്തിക്കേണ്ട നാടന്‍ പടക്കത്തിലേക്ക് മാലപ്പടക്കത്തില്‍ നിന്ന് തീപ്പൊരി വീണാണ് സ്‌ഫോടനം ഉണ്ടായതെന്നാണ് കരുതുന്നത്. വെടിക്കെട്ട് അല്ല നടന്നതെന്നും വിഷുവിനൊക്കെ പൊട്ടിക്കുന്നപോലെ കുറച്ച് പടക്കങ്ങള്‍ മാത്രമാണ് ഇവിടെ സൂക്ഷിച്ചിരുന്നതെന്നും തെയ്യത്തിനിടെ പൊട്ടിക്കുന്നതിനായാണ് ഇത് കൊണ്ടുവന്നതെന്നും ദൃക്‌സാക്ഷികള്‍ പറഞ്ഞു.
കൈയ്ക്കും കാലിനുമാണ് പരിക്കേറ്റതെന്നും മാലപടക്കം പൊട്ടുന്നതിനിടെ തീപ്പൊരി വീണ് പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്ത് വലിയ പൊട്ടിത്തെറിയുണ്ടാകുകയായിരുന്നുവെന്ന് ആശുപത്രിയില്‍ ചികിത്സയിലുള്ളവര്‍ പറയുന്നത്.
പടക്കം പൊട്ടിയപ്പോള്‍ അതിന്റെ തീപ്പൊരി വീണാണ് അപകടമുണ്ടായതെന്നാണ് കരുതുന്നതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എല്ലാരും കൂടി ഓടുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസിലായില്ല. 1500ലധികം പേര്‍ സ്ഥലത്തുണ്ടായിരുന്നു. ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ അപകടം നടന്നപ്പോള്‍ സംഭവത്തെ ഗൗരവമായി കണ്ടില്ലെന്ന് ദൃക്‌സാക്ഷികള്‍ ആരോപിച്ചു.
പൊട്ടിത്തെറിയുണ്ടായിട്ടും അവിടെ തെയ്യവും ചെണ്ടമേളവും നടക്കുന്നുണ്ടായിരുന്നു. പിന്നീട് പുറത്ത് നിന്ന് അനൗണ്‍സ്‌മെന്റ് നടത്തിയശേഷമാണ് ക്ഷേത്രം ഭാരവാഹികള്‍ സംഭവത്തെ ഗൗരവമായി കണ്ടതെന്നും അവരുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്നും ദൃക്്‌സാക്ഷികള്‍ ആരോപിച്ചു.