പത്തനംതിട്ട: വ്യാജ ഹാള്‍ ടിക്കറ്റുമായി നീറ്റ് പരീക്ഷയ്ക്ക് വിദ്യാര്‍ഥി എത്തിയതിലെ ദുരൂഹത നീങ്ങുന്നു. കേസില്‍ അക്ഷയ സെന്റര്‍ ജീവനക്കാരി കസ്റ്റഡിയില്‍. തിരുപുറം സ്വദേശിനിയായ ഗ്രീഷ്മയെ അന്വേഷണസംഘം നെയ്യാറ്റിന്‍കരയിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.

ഗ്രീഷ്മ പൊലീസിനോട് കുറ്റം സമ്മതിച്ചു. വിദ്യാര്‍ത്ഥിയുടെ അമ്മ നീറ്റിന് അപേക്ഷ നല്‍കാന്‍ ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അപേക്ഷിക്കാന്‍ താന്‍ മറന്നുപോയി. പിന്നീട് വ്യാജ ഹാള്‍ടിക്കറ്റ് തയ്യാറാക്കി നല്‍കുകയായിരുന്നു എന്നാണ് ഗ്രീഷ്മയുടെ മൊഴി. പത്തനംതിട്ട പൊലീസാണ് നെയ്യാറ്റിന്‍കര സ്വദേശിയെ കസ്റ്റഡിയിലെടുത്തത്.

വ്യാജ ഹാള്‍ ടിക്കറ്റെന്ന് തിരിച്ചറിയാതെയാണ് വിദ്യാര്‍ഥി പരീക്ഷയെഴുതാനായി എത്തിയതെന്നും പൊലീസ് പറയുന്നു. പരീക്ഷ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ 20 കാരനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. നീറ്റിന് അപേക്ഷ നല്‍കാന്‍ സമീപിച്ച അക്ഷയ കേന്ദ്രം ജീവനക്കാരിയാണ് വ്യാജ ഹാള്‍ടിക്കറ്റ് അയച്ചു നല്‍കിയതെന്നും കൃത്രിമം നടന്ന കാര്യം അറിഞ്ഞില്ലെന്നുമാണ് വിദ്യാര്‍ഥിയും അമ്മയും ഇന്നലെ മൊഴി നല്‍കിയത്. മൊഴിയുടെ അടിസ്ഥാനത്തിലാണ് നെയ്യാറ്റിന്‍കരയിലെ അക്ഷയ കേന്ദ്രത്തില്‍ പൊലീസ് പരിശോധനയ്ക്ക് ശേഷം ജീനക്കാരിയെ വിശദമായി ചോദ്യം ചെയ്തത്.

പത്തനംതിട്ട നഗരത്തിലെ തൈക്കാവ് സ്‌കൂളിലാണ് വ്യാജ ഹാള്‍ടിക്കറ്റുമായി തിരുവനന്തപുരം പാറശ്ശാല സ്വദേശിയായ വിദ്യാര്‍ത്ഥി എത്തിയത്.

ക്ലെറിക്കല്‍ പിഴവാണ് എന്നു കരുതി ആദ്യം വിദ്യാര്‍ഥിയെ പരീക്ഷ എഴുതാന്‍ അനുവദിച്ചു. പരീക്ഷാസെന്ററും അഡ്മിറ്റ് കാര്‍ഡും നമ്പരും സഹിതം സംശയത്തിന് ഇട നല്‍കിയിരുന്നു. ആളില്ലാതിരുന്ന സീറ്റില്‍ വിദ്യാര്‍ഥിയെ രീക്ഷയ്ക്ക് ഇരുത്തിയതിനൊപ്പം സമാന്തരമായി അഡ്മിറ്റ് കാര്‍ഡ് സംബന്ധിച്ച് അന്വേഷണവും നടന്നു.

വൈകിട്ട് മുന്നു മണിയോടെ സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റര്‍ ഡോ. മഹേഷ് നിര്‍ദേശിച്ചത് പ്രകാരം വിദ്യാര്‍ഥിയെ പരീക്ഷ എഴുതുന്നത് വിലക്കി. തുടര്‍ന്ന് പോലീസിന് കൈമാറുകയും ചെയ്തു.