ന്യൂഡല്‍ഹി: പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആദ്യത്തെ ഔദ്യോഗിക വസതി വില്‍പ്പനയ്ക്ക്. ലൂട്ടിയന്‍സ് ബംഗ്ലാവ് 1,100 കോടി രൂപക്ക് വിറ്റതായാണ് ഒടുവില്‍ പുറത്തുവരുന്ന വിവരം. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ഭവന ഇടപാടുകളില്‍ ഒന്നാണിതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. '17 യോര്‍ക്ക് റോഡി'ല്‍ സ്ഥിതി ചെയ്യുന്ന വസതി ഇപ്പോള്‍ മോത്തിലാല്‍ നെഹ്റു മാര്‍ഗ് എന്നാണറിയപ്പെടുന്നത്. 1946ല്‍ ഇടക്കാല സര്‍ക്കാറിന്റെ കാലത്താണ് നെഹ്‌റു ഇവിടെ താമസിച്ചത്. പിന്നീട് 1948ല്‍ ഡല്‍ഹിയിലെ തീന്‍മൂര്‍ത്തി ഹൗസിലേക്ക് താമസം മാറുകയായിരുന്നു.

രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വില്പനയിലെ ഏറ്റവും വലിയ തുകയ്ക്കാണ് ഈ ചരിത്രമന്ദിരം മദ്യവ്യവസായിയായ ഒരാള്‍ വാങ്ങുന്നത്. ആരാണ് യഥാര്‍ത്ഥ ഇടപാടുകാരനെന്ന് ഇനിയും അറിവായിട്ടില്ല. വന്‍കിട വ്യാപാരിയായ വ്യക്തിക്ക് നിലവിലെ ഉടമകളായ രാജസ്ഥാന്‍ രാജകുടുംബാംഗങ്ങള്‍ 1,100 കോടി രൂപക്ക് ബംഗ്ലാവ് വില്‍ക്കുന്നതായി ഇക്കണോമിക് ടൈംസില്‍ വന്ന പരസ്യമാണ് ചര്‍ച്ചയാകുന്നത്. മുംബൈയിലെ അഭിഭാഷക സ്ഥാപനമാണ് പരസ്യം നല്കിയത്.

നിലവില്‍ ബംഗ്ലാവിന്റെ കൈവശാധികാരം രാജസ്ഥാന്‍ രാജകുടുംബാംഗങ്ങളായ രാജ്കുമാരി കക്കറിനും ബീന റാണിക്കുമാണ്. പുതിയ ഉടമസ്ഥരുടെ വിവരം വെളിപ്പെടുത്തിയില്ല. പകരം പ്രമുഖ വ്യവസായിയാണ് പുതിയ ഉടമസ്ഥര്‍ എന്ന വിവരം മാത്രമാണ് പുറത്തുവിട്ടത്. വസ്തു അതിന്റെ പുതിയ ഉടമക്ക് കൈമാറ്റം ചെയ്യുന്നതിന്റെ അവസാനഘട്ടത്തിലാണെന്നും 'ദി ഇക്കണോമിക് ടൈംസ്' പറയുന്നു.

ഡല്‍ഹിയിലെ മോത്തിലാല്‍ നെഹ്രു മാര്‍ഗ്ഗിലെ ലുട്യന്‍ മേഖലയിലുള്ള ഈ ബംഗ്ലാവ്, ജവഹര്‍ലാല്‍ നെഹ്രുവിന്റെ ജീവിതവുമായും ചരിത്രവുമായും ഇഴചേര്‍ന്ന ബന്ധമുള്ളതാണ്. 1946 ല്‍ ഇടക്കാല ഗവണ്മെന്റിന്റെ പ്രധാനമന്ത്രിയായി നെഹ്‌റു ചുമതലയേറ്റതു മുതല്‍ 1948 വരെ ഇവിടെയാണ് താമസിച്ചത്. പിന്നീടാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ തീന്‍ മൂര്‍ത്തി ഭവനിലേക്ക് മാറിയത്. 1964ല്‍ മരിക്കുന്നതുവരെ അവിടെയാണ് താമസിച്ചത്. പിന്നീടത് നെഹ്‌റു മ്യൂസിയമാക്കി മാറ്റി.

ബംഗ്ലാവിന് 1400 കോടി രൂപയാണ് ഉടമകള്‍ വില പറഞ്ഞതെങ്കിലും ആയിരം കോടി രൂപയ്ക്കാണ് ഉറപ്പിച്ചതെന്ന് ദേശീയമാധ്യമങ്ങള്‍ പറയുന്നു. 3.7 ഏക്കറില്‍ 14,973.383 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തിലാണ് ബംഗ്ലാവ്. വാങ്ങുന്ന വ്യക്തിയുടെ അഭിഭാഷകസ്ഥാപനം പുറത്തിറക്കിയ നോട്ടീസിലൂടെ വിവരം പുറത്തറിഞ്ഞത്. തന്റെ കക്ഷി ബംഗ്ലാവ് വാങ്ങാന്‍ ഉദ്ദേശിക്കുന്നുവെന്നും നിലവിലുള്ളവരുടെ ഉടമസ്ഥാവകാശത്തെക്കുറിച്ച് അന്വേഷിക്കുന്നുമെന്നുമാണ് വീടിന്റെ വിലാസം സഹിതം അഭിഭാഷകന്‍ പൊതു നോട്ടീസ് പുറത്തിറക്കിയത്.

വസ്തു കൈമാറ്റം അതിന്റെ അന്തിമ ഘട്ടത്തിലാണെന്നറിയിച്ചാണ് പരസ്യം. പ്രസ്തുത സ്വത്തില്‍ അവകാശമോ ഉടമസ്ഥാവകാശമോ അവകാശപ്പെടുന്ന ഏതൊരാള്‍ക്കും 7 ദിവസത്തിനുള്ളില്‍ രേഖാമൂലമുള്ള തെളിവുകള്‍ സഹിതം തങ്ങളെ സമീപിക്കാവുന്നതാണെന്നും അല്ലാത്തപക്ഷം പ്രസ്തുത സ്വത്തിന്റെ കാര്യത്തില്‍ ഏതെങ്കിലും തരത്തിലുള്ള പ്രതികൂലമായ ഉടമസ്ഥാവകാശമോ അവകാശമോ നിലനില്‍ക്കില്ലെന്നും അറിയിപ്പില്‍ പറഞ്ഞു.

ജവഹര്‍ലാല്‍ നെഹ്റു ഭവനത്തിന്റെ വിശദാംശങ്ങള്‍: 3.7 ഏക്കറിലായി 14,973 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ബംഗ്ലാവാണിത്. ഹോട്ടല്‍ താജ് മാന്‍സിങ്ങിന് എതിര്‍വശത്താണിത് സ്ഥിതിചെയ്യുന്നത്. ആകെ 3 നിലകളുണ്ട്. 1912 നും 1930 നും ഇടയില്‍ ബ്രിട്ടീഷ് ആര്‍ക്കിടെക്റ്റ് എഡ്വിന്‍ ല്യൂട്ടന്‍സ് രൂപകല്‍പന ചെയ്തതാണിത്. മുമ്പ് വാടകക്കു നല്‍കിയിരുന്ന കെട്ടിടം നിലവില്‍ ഒഴിഞ്ഞുകിടക്കുകയാണ്.

മന്ത്രിമാര്‍, ജഡ്ജിമാര്‍, മറ്റ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ താമസിക്കുന്ന ഏകദേശം 3,000 ബംഗ്ലാവുകള്‍ ഈ മേഖലയില്‍ ഉണ്ട്. ഇന്ത്യയിലെ ഏറ്റവും ധനികരായ വ്യക്തികളുടെ സ്വകാര്യ ഉടമസ്ഥതയിലുള്ള 600 ലധികം സ്വത്തുക്കളും പ്രദേശത്തുണ്ട്. വസ്തു വില്‍പ്പനയുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ ഒരു വര്‍ഷത്തിലേറെയായി നടന്നുവരികയായിരുന്നു. ഉടമകള്‍ വസ്തുവിന് 1,400 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 1,100 കോടി രൂപക്ക് പുതിയ ഉടമക്ക് കൈമാറാനാണ് കരാറായത്.