തൃശൂർ: വിവാഹ ദിവസത്തെ സദ്യയ്ക്ക് ശേഷം ഉടൻ തന്നെ പോളിംഗ് ബൂത്തിലേക്ക് ഓടിയെത്തി വോട്ട് രേഖപ്പെടുത്തി മാതൃകയായിരിക്കുകയാണ് ഇരിങ്ങാലക്കുടയിലെ നവവധു സാന്ദ്ര. ജനാധിപത്യപരമായ കടമ നിറവേറ്റാൻ വരനും ബന്ധുക്കൾക്കുമൊപ്പം സാന്ദ്ര വേളൂക്കര പഞ്ചായത്തിലെ ഐക്കരകുന്ന് സ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയത് അപൂർവ്വമായ കാഴ്ചയായി.

കോലുംത്തുപടി സ്വദേശികളായ ഗോപാലൻ-മിനി ദമ്പതികളുടെ മകളാണ് 26 വയസ്സുള്ള സാന്ദ്ര. വേളൂക്കര പഞ്ചായത്ത് ഒന്നാം വാർഡിലെ വോട്ടറാണ് അവർ. ബുധനാഴ്ച വെള്ളാങ്കല്ലൂരിൽ വെച്ച് അരിമ്പൂർ സ്വദേശിയായ സൂരജുമായി (27) സാന്ദ്രയുടെ വിവാഹം നടന്നു.

വിവാഹശേഷം സദ്യ കഴിഞ്ഞ ഉടൻ തന്നെ കല്യാണ വണ്ടി നേരെ വിട്ടത് വേളൂക്കര പഞ്ചായത്തിലെ ഒന്നാം വാർഡിലേക്കുള്ള വോട്ടെടുപ്പ് നടക്കുന്ന ഐക്കരകുന്ന് സ്‌കൂളിലേക്കായിരുന്നു. ഉച്ച കഴിഞ്ഞ സമയമായതിനാൽ പോളിംഗ് ബൂത്തിൽ വലിയ തിരക്കുണ്ടായിരുന്നില്ല. അതിനാൽ വധുവിനും ബന്ധുക്കൾക്കും വേഗത്തിൽ തന്നെ വോട്ട് രേഖപ്പെടുത്തി മടങ്ങാനായി.

സമ്മതിദാനാവകാശം പാഴാക്കരുത് എന്ന ലക്ഷ്യത്തോടെയാണ് വിവാഹ തിരക്കിനിടയിലും വോട്ട് രേഖപ്പെടുത്താൻ എത്തിയതെന്ന് സാന്ദ്ര പറഞ്ഞു. അതേസമയം, വരനായ സൂരജിന് അൽപം വൈകി അരിമ്പൂരിൽ എത്തി വോട്ട് ചെയ്യാനുള്ളതിനാൽ എല്ലാവരും അങ്ങോട്ടേക്ക് തിടുക്കത്തിൽ പോകുകയും ചെയ്തു.