ന്യൂഡല്‍ഹി: അടുത്ത ബന്ധുവും വിശ്വസ്തനുമായ വേക്കര്‍ അസ് ഉസ്മാനെ ബംഗ്ലാദേശ് സേനാ മേധാവിയാക്കിയത് പിഴച്ചെന്ന് തിരിച്ചറിഞ്ഞ് ഷേഖ് ഹസീന. കലാപകാരികള്‍ക്ക് ഒപ്പം നിന്ന് ഷേഖ് ഹസീനയെ രാജിവെപ്പിച്ചതും രാജ്യത്ത് നിന്നും പുറത്താക്കിയതും ഇദ്ദേഹമായിരുന്നു. ഇന്ത്യയുടെ ഉപദേശം മാനിക്കാതെയായിരുന്നു ഈ നിയമനം.

കഴിഞ്ഞ 30 വര്‍ഷമായി ഷേഖ് ഹസീനയ്ക്കൊപ്പം ജോലി ചെയ്തുവരികയായിരുന്നു വേക്കര്‍ അസ് ഉസ്മാന്‍. ആദ്യം പ്രിന്‍സിപ്പല്‍ ഓഫീസറായി ജോലി ചെയ്തിരുന്നു. ഉസ്മാന് സ്ഥാനക്കയറ്റം നല്‍കി സേനാ മേധാവിയാക്കിയത്. സേനയിലെ ഏറ്റവും ഉന്നതമായ പദവി. ഇത് പക്ഷേ ചതിയായി. ഇന്ത്യയുടെ രഹസ്യാന്വേഷണ റിപ്പോര്‍ട്ട് പ്രകാരം ഈ വിദ്യാര്‍ത്ഥി കലാപത്തിന് പിന്നില്‍ പാകിസ്ഥാന്റെ ചാരസംഘടനയായ ഐ എസ് ഐ രണ്ട് വര്‍ഷമായി ഹസീനയ്‌ക്കെതിരെ പ്രവര്‍ത്തിച്ചിരുന്നു. ഈ രണ്ട് വര്‍ഷക്കാലം കൊണ്ടാണ് വിദ്യാര്‍ത്ഥികളെ പല രീതിയില്‍ സ്വാധീനിച്ച് കലാപത്തിന് പോന്നവരാക്കി ഐഎസ് ഐ വളര്‍ത്തിയത്.

രാജ്യം വിട്ട് പോകാന്‍ 45 മിനിറ്റ് നേരമാണ് സേന മേധാവിയായ വേക്കര്‍ അസ് ഉസ്മാന്‍ ഷേഖ് ഹസീനയ്ക്ക് നല്‍കിയതെന്നാണ് റിപ്പോര്‍ട്ട്. ഉടനെ അവര്‍ ആത്മാര്‍ത്ഥ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയെ വിളിച്ചു. രണ്ട് വലിയ പെട്ടികള്‍ അത്യാവശ്യം സാധനങ്ങള്‍ കുത്തിനിറച്ചു. അപ്പോഴേക്കും ഇന്ത്യ രണ്ടാമതൊന്നാലോചിക്കാതെ പ്രിയ സുഹൃത്തിനെ സ്വീകരിക്കാന്‍ തയ്യാറായി. ബംഗ്ലാദേശ് ആര്‍മിയുടെ വിമാനത്തില്‍ ഷേഖ് ഹസീന രാജ്യം വിട്ട് ഇന്ത്യയിലേക്ക് പറക്കുമ്പോള്‍ ഇന്ത്യ റഫാല്‍ വിമാനങ്ങളും റഡാറുകളും ഉപയോഗിച്ച് ഷേഖ് ഹസീനയുടെ വിമാനത്തിന് സുരക്ഷ നല്കുന്നുണ്ടായിരുന്നു.

ബ്രിട്ടനില്‍ രാഷ്ട്രീയാഭയം തേടാനുള്ള അഭ്യര്‍ത്ഥനയില്‍ തീരുമാനമാകും വരെ ഹസീനയുടെ സംരക്ഷണം ഇന്ത്യ ഉറപ്പാക്കും. ഷെയ്ഖ് ഹസീനയ്ക്ക് ബ്രിട്ടന്‍ രാഷ്ട്രീയാഭയം നല്കിയില്ലെങ്കില്‍ യുഎസ്, ഫിന്‍ലന്‍ഡ് സര്‍ക്കാരുകളുമായും ചര്‍ച്ചകള്‍ നടത്തും. ഇതൊന്നും നടന്നില്ലെങ്കില്‍ ഇന്ത്യ ഹസീനയ്ക്ക് താല്‍കാലിക അഭയം നല്‍കും.

തിങ്കളാഴ്ച വൈകിട്ടോടെ ഹിന്‍ഡന്‍ വ്യോമത്താവളത്തിലിറങ്ങിയ ഷെയ്ഖ് ഹസീനയെയും സഹോദരിയെയും സുരക്ഷിത കേന്ദ്രത്തിലേക്കു മാറ്റി. ഹിന്‍ഡനില്‍ നേരിട്ടെത്തി ഷെയ്ഖ് ഹസീനയുമായി കൂടിക്കണ്ട ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ കൈമാറിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സുരക്ഷയുറപ്പാക്കാന്‍ നിര്‍ദേശിച്ചത്.

ബംഗ്ലാദേശിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ രാവിലെ അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ അധ്യക്ഷതയിലെ ചേര്‍ന്ന യോഗത്തില്‍ വിദേശകാര്യ മന്ത്രി ബംഗ്ലാദേശ് സ്ഥിതിഗതികള്‍ വിവരിച്ചു. ഷെയ്ഖ് ഹസീനയും സഹോദരിയും ഡല്‍ഹിയില്‍ത്തന്നെയുണ്ടെന്നും ഏതെങ്കിലും വിദേശ രാജ്യത്ത് രാഷ്ട്രീയാഭയം തേടാനുള്ള ശ്രമങ്ങള്‍ അവര്‍ നടത്തുന്നതായും ജയശങ്കര്‍ അറിയിച്ചു.

അതിര്‍ത്തിയിലടക്കം അതീവ ജാഗ്രതയിലാണ് സൈന്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി അടക്കമുള്ളവരും യോഗത്തില്‍ പങ്കെടുത്ത് കേന്ദ്ര സര്‍ക്കാരിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തു.