കോട്ടയം: സംസ്ഥാനത്ത് സര്‍ക്കാര്‍ വക ഭൂമിയുടെ സര്‍വെ അടയാളങ്ങളുടെ പരിശോധനകളും വഴിപാടാകുന്നു.ഇതു മൂലം വിവിവിധ ജില്ലകളിലായി ഏക്കറു കണക്കിന് ഭൂമികളാണ് ഭൂമാഫിയ സംഘങ്ങളുടെ കൈവശത്തിലായിരിക്കുന്നതെന്നാണ് ആക്ഷേപം. മാസത്തിലൊരിക്കലെങ്കിലും ഓരോ വില്ലേജുകളിലെയും സര്‍ക്കാര്‍ ഭൂമി വില്ലേജ് അസിസ്റ്റന്റ് പരിശോധിച്ച് വില്ലേജ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്കണമെന്നാണ് ചട്ടമെങ്കിലും ഒരു വില്ലേജുകളിലും ഇത് നടക്കുന്നില്ലെന്നാണ് വിവരം.

വില്ലേജ് അതിര്‍ത്തിക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന എല്ലാ സര്‍ക്കാര്‍ വക ഭൂമികളുടെയും വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേകം രജിസ്റ്റര്‍ സൂക്ഷിച്ചിട്ടുണ്ട്.
ഇതിലെ വിവരങ്ങള്‍ ഓഫീസിലിരുന്ന് തന്നെ റിപ്പോര്‍ട്ടാക്കി സൂക്ഷിച്ച് തടി രക്ഷിക്കുകയാണ് അധികൃകര്‍ ചെയ്യുന്നത്. സര്‍ക്കാര്‍ ഭൂമിയികളിലെ അനധികൃത കൈയ്യേറ്റങ്ങള്‍ തഹസീല്‍ദാര്‍ക്ക് റിപ്പോര്‍ട്ട് ചെയ്യേണ്ടത് വില്ലേജ് ഓഫീസറാണ്.എന്നാല്‍ സ്ഥല പരിശോധനകള്‍ ഇല്ലാത്തത് കൈയ്യേറ്റക്കാര്‍ക്ക് സഹായകരമാവുകയാണ്. പരാതികള്‍ ഉണ്ടാകുമ്പോള്‍ മാത്രമാണ് പേരിനെങ്കിലും പരിശോധനകള്‍ നടത്തുന്നതെന്നാണ് ആക്ഷേപം.

അനധികൃത കൈയ്യേറ്റങ്ങള്‍ യഥാസമയം കണ്ടുപിടിക്കുന്നതിനു വേണ്ടി വില്ലേജ് അസിസ്റ്റന്റ് മൂന്ന് റിപ്പോ4ട്ട് ചെയ്യുന്നവയില്‍ 5% കേസുകള്‍ ഓവര്‍ ചെക്ക് ചെയ്യാന്‍ തഹസീല്‍ദാരെ ചുമതലപ്പെടുത്തിയിരിക്കുന്നത്.പരിശോധനാ വിവരങ്ങള്‍ വില്ലേജ് ഓഫീസിലെ പ്രത്യേക രജിസ്റ്ററില്‍ രേഖപ്പെടുത്തണം. ജമാബന്ധി (ലാന്‍ഡ് റവന്യൂ വരവിന്റെ ഓഡിറ്റ്. കളക്ടറോ അധികാരപ്പെടുത്തുന്ന റവന്യൂ ഉദ്യോഗസ്ഥരോ വില്ലേജ് ഓഫീസില്‍ നടത്തുന്ന പരിശോധന.) പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥന്‍ ഈ രജിസ്റ്റര്‍ പരിശോധിക്കണമെന്നുമാണ് ചട്ടം. എന്നാല്‍ ഇതും ചടങ്ങായി മാറുകയാണ്.

കുത്തക പാട്ടഭൂമികളിലും വ്യാപക ചട്ട ലംഘനം

ഇടുക്കിയില്‍ ഏലം കൃഷിക്കായി പട്ടത്തിന് നല്കിയ ഭൂമിയുടെ കൈമാറ്റത്തിലും വ്യാപക ചട്ടലംഘനം.1961ലെ ഏലം കുത്തകപ്പാട്ട നിയമത്തിലെ 14ാം വകുപ്പ് (കാര്‍ഡമം കള്‍ട്ടിവേഷന്‍ റൂള്‍സ്) പ്രകാരം പാട്ട സ്ഥലം മറ്റൊള്‍ക്ക് കൈമാറുന്നതിന് ജില്ലാ കലക്ടറുടെ അനുമതി വേണം.എന്നാല്‍ പല കൈമാറ്റങ്ങളും ഇവയൊന്നും പാലിക്കപ്പെടുന്നില്ല.

പാട്ടഭൂമി മറ്റൊരാള്‍ക്ക് കൈമാറ്റം ചെയ്യുന്നതിലൂടെ അന്യാധീനപ്പെടാതിരിക്കാനും നികുതി കൃത്യമായി ലഭിക്കുന്നത് ഉറപ്പു വരുത്താനുമാണ് ഈ വ്യവസ്ഥ. എന്നാല്‍ പല ഭൂമി കൈമാറ്റങ്ങളും കലക്ടറുടെ അനുമതിയില്ലാതെയാണ് നടക്കുന്നത്. കൃത്യമായ പരിശോധനകളില്ലാത്തതാണ് ഇത്തരത്തിലുള്ള ചട്ട ലംഘനങ്ങള്‍ക്ക് കാരണം.