മുംബൈ: ഒളിമ്പിക്‌സ് അഹമ്മദാബാദിലെത്തിക്കാന്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ വനിതയായ നിത അംബാനി മുന്നിട്ടിറങ്ങിയിരിക്കുന്നുവെന്ന് പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിമാരായ ബോറിസ് ജോണ്‍സണ്‍, ടോണി ബ്ലയര്‍ എന്നിവര്‍ പങ്കെടുത്ത നിത അംബാനിയുടെ മകന്റെ വിവാഹം വാര്‍ത്തയാക്കിയതിന് ശേഷം ഇപ്പോള്‍ വീണ്ടും നിത അംബാനി പാശ്ചാത്യ മാധ്യമങ്ങളില്‍ നിറയുകയാണ്. ഇപ്പോഴും ലോക കപ്പിന് സ്പോണ്‍സര്‍മാരെ തിരയുന്ന ഫിഫ പ്രസിഡണ്ടും അംബാനിയുടെ പാരിസിലെ ഇന്ത്യാ ഹൗസിലെത്തി നിത അംബാനിയെ കണ്ടവരില്‍ ഉള്‍പ്പെടുന്നു.

ലോകത്തിലെ തന്നെ ഏറ്റവും വേഗതയില്‍ വളരുന്ന വന്‍ സാമ്പത്തിക ശക്തിയായ ഇന്ത്യ ഒളിമ്പിക്സിനെ ആകര്‍ഷിക്കുന്നതിനുള്ള ശ്രമത്തിലാണ്. 2036 ല്‍ ഒളിമ്പിക്സിന് ആതിഥേയത്വം അരുളുന്നതിനുള്ള ശ്രമങ്ങളാണ് ഇന്ത്യ ആരംഭിച്ചിരിക്കുന്നത്. അതിസമ്പന്നരായ അംബാനിമാരുടെ സാന്നിദ്ധ്യം ഇന്ത്യക്ക് അനുകൂലമായി തീരുമാനമുണ്ടാകാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു എന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതുന്നത്.

അതേസമയം ഇന്ത്യന്‍ കായിക രംഗത്തെ ബലഹീനതകളും അവര്‍ തുറന്നെഴുതുന്നുണ്ട്. ഈ ഒളിമ്പിക്സിലെ മോശം പ്രകടനവും, രണ്ട് വര്‍ഷം മുന്‍പ് ഇന്ത്യന്‍ ഒളിമ്പിക്സ് കൗണ്‍സിലില്‍ ഉണ്ടായ തെരഞ്ഞെടുപ്പ് സംബന്ധിച്ച പ്രശ്നങ്ങളുമൊക്കെ അവര്‍ ചര്‍ച്ചയാക്കുന്നു. ഇപ്പോള്‍, ഒളിമ്പിക്സിന് ആഥിതേയത്വം അരുളാനുള്ള രാജ്യത്തിന്റെ ആഗ്രഹം പ്രതിഫലിപ്പിക്കുന്നതിനായി, അംബാനിയുടെ സാമൂഹ്യ സേവന പ്രസ്ഥാനമയ റിലയന്‍സ് ഫൗണ്ടേഷന്‍ പാരേ ഡി ലാ വില്ലെറ്റ് നദിയുടെ കരയില്‍ ഒരു താത്ക്കാലിക ആസ്ഥാനം നിര്‍മ്മിച്ചിരിക്കുകയാണ്.

പുഷ്പാലങ്കാരങ്ങള്‍ കൊണ്ട് ആകര്‍ഷകമാക്കിയ ഇവിടെ അന്തരീക്ഷത്തില്‍ ബോളിവുഡ് സംഗീതം മുഴങ്ങുമ്പോള്‍ 140 കോടി ഇന്ത്യാക്കാരുടെ 'ഒളിമ്പിക്സ് ഇന്ത്യയില്‍' എന്ന സ്വപ്നത്തിന് പുതു ജീവന്‍ വയ്ക്കുകയാണ്. കാലങ്ങളിലൂടെ സഞ്ചരിച്ച ഒരു രാജ്യം ഇപ്പോള്‍ ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമത്തിലാണെന്ന് നിത അംബാനി പറയുന്നു. 2036 ലെ ഒളിമ്പിക്സ് വേദിയൊരുക്കുന്നതില്‍ ഇന്ത്യക്ക് മുഖ്യ എതിരാളിയാകാന്‍ സാധ്യതയുള്ളത് സൗദി അറേബ്യയാണ്.

ഇരു രാജ്യങ്ങളിലും, ഒളിമ്പിക്സ് മാര്‍ക്കറ്റ് ചെയ്യാവുന്ന വിധത്തില്‍ യുവാക്കളുടെ വലിയ ജനസംഖ്യയുണ്ട്. മാത്രമല്ല, ഇരു രാജ്യങ്ങളിലേയും ഭരണാധികാരികള്‍ ഇപ്പോള്‍ കായിക മേഖലക്ക് കൂടുതല്‍ പരിഗണനകള്‍ നല്‍കുന്നുമുണ്ട്. എന്നാല്‍, വിപണി എന്ന സങ്കല്‍പം കണക്കിലെടുത്താല്‍ സൗദിയേക്കാള്‍ 36 ഇരട്ടി വലുതാണ് ഇന്ത്യ എന്നത് ഇന്ത്യക്ക് അനുകൂലമായ ഒരു ഘടകമാണ്. 2036 ലെ ഒളിമ്പിക്സ് വെദി ഇന്ത്യയില്‍ കൊണ്ടു വരുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി കഴിഞ്ഞ ഒക്ടോബറില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ചില സൂചനകള്‍ നല്‍കിയിരുന്നു. ഗുജറാത്തിലെ അഹമ്മദാബാദിലായിരിക്കും മത്സരം എന്ന സൂചനയും പുറത്ത് വന്നിട്ടുണ്ട്.

ഇതിനായി ഒളിമ്പിക്സ് നിലവാരത്തിലുള്ള ഒരു വലിയ സ്പോര്‍ട്ട്‌സ് കോംപ്ലെക്‌സും നിലവില്‍ വന്നു കഴിഞ്ഞു. 2030 ലെ യൂത്ത് ഒളിംപിക്‌സിനായി ഇതിനോടകം തന്നെ ഇന്ത്യ അവകാശം ഉന്നയിച്ചിട്ടുണ്ട്. 2036 ലെ മത്സരവേദിക്കായി ചിലി, ഇന്‍ഡോനേഷ്യ, തുര്‍ക്കി, ഖത്തര്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളും ശ്രമിക്കാന്‍ സാധ്യതയുണ്ടെന്ന് പാശ്ചാത്യ രാജ്യങ്ങള്‍ എഴുതുന്നു. എന്നാല്‍, അവര്‍ ആരും തന്നെ ഇന്ത്യയെ പോലെ ഇതിനായി കഠിനാദ്ധ്വാനം ചെയ്യുന്നില്ല എന്നത് ശ്രദ്ധേയമാണ്.