ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്സണെതിരേ യു.എസ്. നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോര്‍ട്ട് സെല്ലറുമായ ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച് രംഗത്തു വരുമ്പോള്‍ ഇതിന് പിന്നില്‍ പ്രതികാരമെന്ന ആരോപണവും ശക്തം. സെബി ചെയര്‍പേഴ്സണ്‍ മാധവി ബുചിനും ഭര്‍ത്താവിനെതിരേയുമാണ് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്. അദാനി ഗ്രൂപ്പില്‍ നിക്ഷേപം നടത്തിയ വിദേശ കമ്പനികളില്‍ സെബി അധ്യക്ഷയ്ക്ക് ഓഹരിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അദാനിഗ്രൂപ്പിനെതിരേ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.

ആരോപണം നിഷേധിക്കുകയാണ് സെബി ചെയര്‍പേഴ്സണ്‍ മാധവി ബുചിന്‍. ഹിന്‍ഡന്‍ബര്‍ഗിന് പ്രതികാരമാണെന്നും സെബി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന്റെ പകയാണ് വ്യാജ ആരോപണമെന്നും അവര്‍ പറയുന്നു. അദാനിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് ഹിന്‍ഡന്‍ബര്‍ഗിന് സെബി നോട്ടീസ് നല്‍കിയിരുന്നത്. 2023 ജനുവരിയിലാണ് അദാനി എന്റര്‍പ്രൈസസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹിന്‍ഡന്‍ബര്‍ഗ് രംഗത്തെത്തിയത്. ഇതിനെതിരേയും സെബി അധ്യക്ഷ നിയമപോരാട്ടം നടത്തും.

ഇതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ വന്‍തോതില്‍ മൂല്യത്തകര്‍ച്ച നേരിട്ടു. അദാനി ഗ്രൂപ്പിന്റെ കമ്പനി അക്കൗണ്ടിങ്ങിലും കോര്‍പ്പറേറ്റ് ഭരണ സംവിധാനത്തിലും ഗുരുതര പ്രശ്നങ്ങളുണ്ടെന്നായിരുന്നു ഹിന്‍ഡെന്‍ബര്‍ഗിന്റെ ആരോപണം. അദാനി എന്റര്‍പ്രൈസസിന് എട്ടു വര്‍ഷത്തിനിടെ അഞ്ച് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍മാര്‍ വന്നത് അക്കൗണ്ടിങ്ങിലെ പ്രശ്നങ്ങളുടെ സൂചനയാണ്. വിപണിയില്‍ വലിയ രീതിയില്‍ കൃത്രിമം നടക്കുന്നു. ഗ്രൂപ്പിലെ ലിസ്റ്റുചെയ്ത ഏഴു കമ്പനികളുടെ മൂല്യം ഊതിപ്പെരുപ്പിച്ചതാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മൗറീഷ്യസ്, യു.എ.ഇ., കരീബിയന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് അദാനി കുടുംബത്തിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ഷെല്‍ കമ്പനികള്‍ വഴിയാണ് വിപണിയില്‍ കൃത്രിമം നടത്തുന്നതെന്നായിരുന്നു ആരോപണം. 129 പേജുള്ള റിപ്പോര്‍ട്ട് തങ്ങളുടെ രണ്ടു വര്‍ഷത്തെ അന്വേഷണത്തിലൂടെ തയ്യാറാക്കിയതാണെന്നും ഹിന്‍ഡെന്‍ബര്‍ഗ് അവകാശപ്പെട്ടു.

സംഭവത്തില്‍ ഇരുകമ്പനികളും തമ്മില്‍ വലിയ വാദപ്രതിവാദങ്ങളും നടന്നു. കേന്ദ്ര സര്‍ക്കാരിനെതിരേയുള്ള ആയുധമായി പ്രതിപക്ഷവും റിപ്പോര്‍ട്ടിനെ ഉയര്‍ത്തിക്കാണിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അടുത്ത റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.