ലണ്ടന്‍: ഇംഗ്ലണ്ട്, കിഴക്കന്‍ മിഡ്‌ലാന്‍ഡ്‌സിലെ ഡെര്‍ബിയില്‍ നടന്ന കബഡി ടൂര്‍ണമെന്റിനിടയില്‍ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് 24 നും 36 നും ഇടയില്‍ പ്രായമുള്ള ഇന്ത്യന്‍ വംശജര്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചു. തോക്ക്, കത്തി തുടങ്ങിയവ ഉപയോഗിച്ചുള്ള ആക്രമണത്തില്‍, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കുക എന്നതുള്‍പ്പടെയുള്ള കേസുകളിലാണ് ഇവര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്. ആസൂത്രിതമായാണ് ആക്രമണം നടത്തിയതെന്ന് നേരത്തെ പോലീസ് കണ്ടെത്തിയിരുന്നു.

ഈ ഏഴുപേരില്‍, പര്‍മീന്ദര്‍ സിംഗ് (25 വയസ്സ്), മല്‍കീത് സിംഗ് (24 വയസ്സ്) എന്നിവര്‍ അക്രമത്തിലും അനധികൃതമായി തോക്ക് കൈവശം വച്ചതിനും കുറ്റക്കാരാണെന്ന് കഴിഞ്ഞ ആഴ്ച കോടതി വിധിച്ചിരുന്നു. മറ്റ് അഞ്ചു പേരായ കരംജിത് സിംഗ് (36), ബല്‍ജിത് സിംഗ് (33), ഹര്‍ദേവ് ഉപ്പല്‍ (34), ജഗ്ജിത് സിംഗ് (31), ദൂത്‌നാഥ് ത്രിപാഠി (30) എന്നിവരെയാണ് ഇപ്പോള്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. മൂര്‍ച്ഛയുള്ള ആയുധങ്ങളും തോക്കുകളും അനധികൃതമായി കൈവശം വയ്ക്കുക, ജീവന്‍ അപകടത്തിലാക്കുക, മുറിവേല്‍പ്പിക്കുക എന്നിവയാണ് ഇവര്‍ക്ക് മേല്‍ ചാര്‍ത്തപ്പെട്ട കുറ്റങ്ങള്‍.

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ആല്‍വസ്റ്റണ്‍ ടൂര്‍ണമെന്റിനിടെയായിരുന്നു രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതെന്ന് ഡെര്‍ബിഷയര്‍ പോലീസ് പറയുന്നു. നിരവധി പേര്‍ക്ക് അതില്‍ പരിക്കേറ്റിരുന്നു. ഇപ്പോള്‍ കുറ്റക്കാരെന്ന് കണ്ടെത്തിയവര്‍ക്കുള്ള ശിക്ഷ പിന്നീട് ഡെര്‍ബി ക്രൗണ്‍ കോടതി പ്രഖ്യാപിക്കും. മത്സരം നടക്കുന്നതിന് മുന്‍പ് ഡെര്‍ബി, ബേണ്‍സ്വിക്ക് സ്ട്രീറ്റില്‍ നടന്ന ഒരു ഗൂഢാലോചനയിലായിരുന്നു അക്രമം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറയുന്നു.

പര്‍മീന്ദര്‍ സിംഗ് (25) ഒരു വേലിക്ക് അരികിലേക്ക് പോകുന്നതിന്റെ ഡ്രോണ്‍ ക്യാമറയില്‍ പതിഞ്ഞ ചിത്രം പോലീസിന് ലഭിച്ചിരുന്നു. പിന്നീട് ഈ വേലിക്കരികില്‍ നിന്നും ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റള്‍ അടങ്ങിയ ഒരു ഷോള്‍ഡര്‍ബാഗ് കണ്ടു കിട്ടി. അതില്‍ ഇയാളുടെ ഡി എന്‍ എ ഉണ്ടായിരുന്നു. അക്രമത്തിനിടെ ഇയാള്‍ക്ക് വെടിയേറ്റിരുന്നു. പിന്നീട് ഇയാള്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അക്രമത്തില്‍ ഉള്‍പ്പെട്ട 24 കാരനായ മല്‍കീത് സിംഗിന് തലയ്ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ട് കബഡി ഫെഡറേഷനാണ് എല്ലാ വര്‍ഷവും ഈ മത്സരം സംഘടിപ്പിക്കുന്നത്. പ്രധാനമായും ബ്രിട്ടീഷ് പഞ്ചാബി സമൂഹത്തില്‍ നിന്നുള്ള വിവിധ ക്ലബ്ബുകളാണ് മത്സരത്തില്‍ പങ്കെടുക്കാറുള്ളത്.