ലണ്ടന്‍: എണ്‍പത്തി മൂന്ന് യാത്രക്കാരുമായി പോവുകയായിരുന്ന വിമാനം അപകടത്തില്‍ പെടുത്തി യാത്രാക്കാരെയും ജീവനക്കാരെയും മരണത്തിലേക്ക് തള്ളിവിടാന്‍ ശ്രമിച്ച അലാസ്‌കന്‍ എയര്‍ലൈന്‍സ് പൈലറ്റ് കേസില്‍ വിചാരണ നേരിടുകയാണ്. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന സംഭവത്തെ കുറിച്ച് പൈലറ്റ് കുറ്റസമ്മതം നടത്തിയിരിക്കുകയാണ്. വിമാനം പറപ്പിക്കുന്നതിന് മുന്‍പായി താന്‍ കൂട്ടുകാര്‍ക്കൊപ്പം ലഹരി വിരുന്നില്‍ പങ്കെടുത്തതായി ജൊസഫ് എമെഴ്സണ്‍ എന്ന പൈലറ്റ് പറയുന്നു.

യാത്രയിലുടനീളം താനൊരു സ്വപ്ന ലോകത്തായിരുന്നു എന്ന് അയാള്‍ പറയുന്നു. അര്‍ദ്ധബോധാവസ്ഥയിലാണ് എമഴ്സണ്‍ ചുവന്ന ലിവറില്‍ കൈവച്ചത്. അത് വലിച്ചിരുന്നെങ്കില്‍ വിമാനത്തിന്റെ എഞ്ചിന്റെ പ്രവര്‍ത്തനം നിലയ്ക്കുകയും വിമാനത്തിലുള്ള എല്ലാവരും മരണപ്പെടുകയും ചെയ്യുമായിരുന്നു. എന്നാല്‍ സഹ പൈലറ്റുമാരുടെ അവസരോചിത ഇടപെടലായിരുന്നു യാത്രക്കാരുടെ ജീവന്‍ രക്ഷിച്ചത്.

ലിവര്‍ വലിക്കുന്നതില്‍ നിന്നും പൈലറ്റിനെ തടഞ്ഞ സഹ പൈലറ്റുമാര്‍ ബാക്കിയുള്ള യാത്രയില്‍ ഉടനീളം അയാളുടെ കൈകള്‍ കെട്ടിയിടുകയായിരുന്നു. എണ്‍പതോളം കൗണ്ടുകള്‍ക്കാണ് ഇപ്പോള്‍ ഇയാള്‍ വിചാരണ നേരിടുന്നത്. വെള്ളിയാഴ്ച, ഗുഡ് മോര്‍ണിംഗ് അമേരിക്ക പരിപാടിയില്‍ പങ്കെടുത്ത എമഴ്സണും പത്‌നിയും പറഞ്ഞത് ആ സംഭവം തങ്ങളുടെ ജീവിതം തന്നെ മാറ്റി മറിച്ചു എന്നായിരുന്നു.

ഇതിനോടകം തന്നെ 45 ദിവസം ജയിലില്‍ കഴിഞ്ഞ എമഴ്സണെതിരെ 80 ഓളം കേസുകള്‍ ഇനിയും ബാക്കിയുണ്ട്. നിരുത്തരവാദപരമായി പെരുമാറി അപകടം വരുത്താന്‍ തുനിഞ്ഞു എന്നതിനാണ് കേസ്. വെറും 30 സെക്കന്റ് മാത്രമാണ് ആ സംഭവം നീണ്ടു നിന്നതെങ്കിലും തന്റെ അനുഭവ സമ്പത്ത് സമൂഹത്തില്‍ ചോദ്യം ചെയ്യപ്പെടുന്നതിന് അത് ഇടയാക്കി എന്നും അയാള്‍ പറഞ്ഞു. സംഭവം ഉണ്ടാകുന്നതിന് ഏതനും ദിവസങ്ങള്‍ മുന്‍പ് ഇയാള്‍ സുഹൃത്തുക്കളുമൊത്ത് സൈക്കെഡെലിക് മഷ്‌റൂമുകള്‍ ഉപയോഗിച്ചിരുന്നു. പൂര്‍ണ്ണമായും അതിന്റെ പിടിയില്‍ നിന്നും മുക്തനായിരുന്നില്ലെങ്കിലും വാഷിംഗ്ടണില്‍ നിന്നും സാന്‍ ഫ്രാന്‍സിസ്‌കോയിലേക്കുള്ള വിമാനത്തില്‍ അയാള്‍ ജോലിക്ക് കയറി.

യാത്രയ്ക്കിടയില്‍ ഏതോ ദുസ്വപ്നം കണ്ടു എന്നാണ് എമഴ്‌സണ്‍ പറയുന്നത്. താന്‍ വിമാനത്തില്‍ ജോലിക്ക് കയറുമ്പോഴും മയക്കു മരുന്നിന്റെ സ്വാധീനം തന്നിലുണ്ടായിരുന്നു എന്ന് എമഴ്സണ്‍ പറയുന്നു. അതിന്റെ ഫലമായിരിക്കാം താന്‍ ദുസ്വപ്നം കണ്ടതെന്നും അയാള്‍ വിശദീകരിക്കുന്നു. താന്‍ ഒരു മായയില്‍ അകപ്പെട്ടിരിക്കുകയാണെന്ന ശക്തമായ തോന്നലുണ്ടാവുകയും അതില്‍ നിന്നും മുക്തനാകാനായി കണ്‍ടോളുകള്‍ ഓഫ് ആക്കുകയുമായിരുന്നു.

എന്നാല്‍, സഹ പൈലറ്റുമാര്‍ അവസരോചിതമായി ഉയര്‍ന്നതിനാല്‍ വലിയൊരു അപകടം ഒഴിവായി. എന്നാല്‍, ഇയാള്‍ പിന്നെയും നിയന്ത്രണം വിട്ട് പെരുമാറാന്‍ തുടങ്ങിയതോടെ യാത്ര അവസാനിക്കുന്നത് വരെ ഇയാളുടെ കൈകള്‍ കെട്ടി ക്യാബിനകത്ത് തന്നെ ഇരുത്തുകയായിരുന്നു.