ലണ്ടന്‍: തന്റെ ഭാര്യയെ ദേഹോപദ്രവം ഏല്‍പിച്ചതിന് 15 മാസത്തെ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട ഭര്‍ത്താവ് ശിക്ഷയില്‍ നിന്നും ഒഴിവായത് ലിംഗഭേദം വരുത്തി. സ്പെയിനിലെ സെവില്‍ കോടതിയിലാണ് ഈ അപൂര്‍വ്വ രംഗം അരങ്ങേറിയത്. കുറ്റം ചാര്‍ത്തപ്പെട്ട അന്റോണിയോ ലൂയില്‍ എന്ന വ്യക്തി ലിംഗമാറ്റം വരുത്തി സ്ത്രീ ആയതോടെ സ്ത്രീകള്‍ക്ക് എതിരെയുള്ള കുറ്റം എന്ന നിയമം ബാധകമല്ലാതാവുകയായിരുന്നു.

ഒരു പതിറ്റാണ്ടോളം ഭര്‍ത്താവിന്റെ ശാരീരികവും മാനസികവുമായ പീഢനങള്‍ അനുഭവിച്ച ജോസ് അന്റോണിയോ സൈറസ് അഞ്ചു വര്‍ഷം മുന്‍പാണ് ഭര്‍ത്താവില്‍ നിന്നും പിരിഞ്ഞത്. ഭര്‍ത്താവില്‍ നിന്നും നിയമപരമായ സംരക്ഷണം അവര്‍ നേടിയിരുന്നെങ്കിലും, അത് അവഗണിച്ച് അയാള്‍ അവരെ ഉപദ്രവിക്കുക പതിവായിരുന്നു. 2019 ല്‍ ഈ വിഷയം കോടതിയില്‍ എത്തുകയും ലൂയിസിന് 15 മാസത്തെ തടവ് ശിക്ഷ വിധിക്കുകയും ചെയ്തു. ഭാര്യയ്ക്ക് സംരക്ഷണമൊരുക്കിയ നിയമങ്ങളെ ലംഘിച്ചതിനായിരുന്നു ശിക്ഷ.

പ്രതിഭാഗം, വിവിധ തടസ്സങ്ങള്‍ ഉന്നയിച്ച് വര്‍ഷങ്ങളോളം വലിച്ചിഴച്ച് കൊണ്ടുപോയ കേസില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആയിരുന്നു വിധി വന്നത്. എന്നാല്‍,അതിന് ഒരു മാസം മുന്‍പ് അയാള്‍ ലിംഗമാറ്റം നടത്തി സ്ത്രീ ആയി കഴിഞ്ഞിരുന്നു. 16 വയസ്സിന് മുകളിലുള്ളവര്‍ക്ക് മെഡിക്കല്‍, സൈക്കോളജിക്കല്‍ റിപ്പോര്‍ട്ടുകള്‍ ഇല്ലാതെ തന്നെ അവര്‍ റെജിസ്റ്റര്‍ ചെയ്ത ലിംഗം മാറ്റാം എന്ന നിയമം ഉപയോഗിച്ചായിരുന്നു അത് ചെയ്തത്. ഇതോടെ ലിംഗ വിവേചനം അടിസ്ഥാനമാക്കിയുള്ള അക്രമം എന്ന കുറ്റത്തിന് ഇയാളെ വിചാരണ ചെയ്യാന്‍ കഴിയില്ലെന്ന് ഇയാളുടെ അഭിഭാഷകര്‍ വാദിച്ചു.

കോടതിക്ക് ഇനി അയാളെ ഒരു പുരുഷന്‍ എന്ന നിലയില്‍ വിചാരണ ചെയ്യാന്‍ കഴിയില്ലെന്നായിരുന്നു അഭിഭാഷകര്‍ വാദിച്ചത്. അത് എല്‍ ജി ബി ടി നിയമങ്ങളുടെ ലംഘനമായിരിക്കുമെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഇയാള്‍ക്ക് മാപ്പ് നല്‍കണമെന്നും കേസ് തള്ളണമെന്നും അവര്‍ വാദിച്ചു. ഇതോടെ ഒരു പുരുഷന്‍, സ്ത്രീക്ക് എതിരെ നടത്തിയ അക്രമം എന്ന നിലയിലുള്ള കേസ് കോടതി തള്ളുകയായിരുന്നു. ഇയാള്‍ നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ച് ശിക്ഷയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നു എന്ന് ഭാര്യ ആരോപിക്കുന്നു.

സ്ത്രീക്ക് എതിരെ അക്രമം നടത്തിയ പുരുഷന് ലഭിക്കാവുന്ന ശിക്ഷയില്‍ നിന്നും രക്ഷപ്പെടാനായിരുന്നു അയാള്‍ ലിംഗമാറ്റം നടത്തിയത്. നിയമത്തിലെ പഴുതുകള്‍ ഉപയോഗിച്ചുള്ള ചതിയാണിതെന്നും ഭാര്യ പറയുന്നു. കേസിലെ വിധി വന്നതിന് ശേഷവും ഇയാള്‍ മുന്‍ ഭാര്യയെ ഉപദ്രവിക്കുന്നത് തുടര്‍ന്നു എന്ന് അവര്‍ പറയുന്നു. പോലീസ് എത്തിയപ്പൊള്‍ താനും ഒരു സ്ത്രീയാണ് എന്ന് അവകാശപ്പെട്ട് അയാള്‍ രക്ഷപ്പെടുകയായിരുന്നു എന്നും അവര്‍ പറഞ്ഞു.