കൊച്ചി: മുകേഷിനെതിരായ ലൈംഗികാതിക്രമ പരാതിയില്‍ ഉറച്ചുനില്‍ക്കുന്നതായി പരാതിക്കാരിയായ നടി. മജിസ്‌ട്രേട്ടിനു മുന്നില്‍ കൃത്യമായ തെളിവുകളോടെ വിശദമായ മൊഴി രേഖപ്പെടുത്തിയെന്നും യുവതി പറഞ്ഞു. എറണാകുളം ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ രഹസ്യമൊഴി രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അവര്‍.

ഏത് പ്രമുഖനായാലും കേസെടുക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്ന് ലഭിച്ച ആര്‍ജവമാണ് പരാതി നല്‍കാനുള്ള പ്രേരണ. സര്‍ക്കാരില്‍ വിശ്വാസമുണ്ട്. കേസിനെ ബാധിക്കുമെന്നതിനാല്‍ കൂടുതലൊന്നും പറയുന്നില്ല, നടി കൂട്ടിച്ചേര്‍ത്തു.

മുകേഷ്, ജയസൂര്യ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, ലോയേഴ്‌സ് കോണ്‍ഗ്രസ് നേതാവായിരുന്ന അഡ്വ. ചന്ദ്രശേഖര്‍ എന്നിവരും രണ്ട് പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവുമാരും ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയത്. പ്രത്യേക അന്വേഷണസംഘത്തിലെ വനിതാ ഐപിഎസ് ഉദ്യോഗസ്ഥരായ അജിതാ ബീഗം, പൂങ്കുഴലി എന്നിവര്‍ ഇവരുടെ ഫ്‌ലാറ്റിലെത്തി വിശദമായ മൊഴി രേഖപ്പെടുത്തിയിരുന്നു.

നടി നല്‍കിയിരുന്ന കേസുകളില്‍ മുകേഷിനെതിരായ കേസിലെ രഹസ്യമൊഴിയാണ് ഇന്ന് മജിസ്‌ട്രേട്ടിനു മുന്നില്‍ രേഖപ്പെടുത്തിയത്. മരടില്‍വെച്ച് മുകേഷ് ലൈംഗികാതിക്രമം നടത്തിയെന്നാണ് മുകേഷിനെതിരായ നടിയുടെ ആരോപണം. അതിനാല്‍ മരട് പോലീസാണ് മുകേഷിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസിലെ അന്വേഷണച്ചുമതലയുള്ള ചേര്‍ത്തല ഡിവൈഎസ്പി കെ.വി. ബെന്നി ഇന്ന് പരാതിക്കാരിയില്‍നിന്ന് കൂടുതല്‍ വിശദാംശങ്ങള്‍ ശേഖരിച്ചിരുന്നു.

കേസില്‍ മുകേഷ് ഇതിനകം മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. ഈ ഹര്‍ജിയില്‍ ചൊവ്വാഴ്ചവരെ കോടതി അറസ്റ്റ് തടയുകയും ചെയ്തു. അതേ സമയം എം. മുകേഷ് എം.എല്‍.എ രണ്ട് ദിവസത്തിനുള്ളില്‍ രാജിവെച്ചില്ലെങ്കില്‍ എ.കെ.ജി സെന്ററിന് മുന്നില്‍ പ്രതിഷേധിക്കുമെന്ന് ആക്ടിവിസ്റ്റും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ കെ. അജിത അറിയിച്ചു. ആരോപണം നേരിടുന്നവര്‍ പുറത്തുപോകണമെന്ന് അജിത കോഴിക്കോട്ട് പറഞ്ഞു.

വേട്ടക്കാരെ സംരക്ഷിക്കുന്ന നിലപാട് ഇടതുസര്‍ക്കാര്‍ സ്വീകരിക്കരുതെന്നും ഇതുവരെയുള്ള നല്ല ചില പ്രവര്‍ത്തനങ്ങള്‍ മുഴുവനും ഇല്ലാതാക്കുന്നതാണ് മുകേഷിനെ സംരക്ഷിക്കുന്ന സര്‍ക്കാരിന്റെ നിലപാടെന്നും അജിത വിമര്‍ശിച്ചു.

ആരോപണം ഉയര്‍ന്നാല്‍ പൊതുപ്രവര്‍ത്തകര്‍ സ്ഥാനങ്ങളില്‍നിന്ന് പുറത്തുപോകുന്ന കീഴ് വഴക്കം നേരത്തെ ഉണ്ടായിരുന്നു. ഇപ്പോള്‍ കേസ് തെളിഞ്ഞാല്‍ പുറത്തു പോകാമെന്നതാണ് കീഴ് വഴക്കം. അത് മാറ്റണം.

മറ്റുപാര്‍ട്ടിക്കാര്‍ സ്ഥാനത്തു തുടര്‍ന്നല്ലോ എന്ന ന്യായീകരണം ഇടതുസര്‍ക്കാരില്‍നിന്ന് പ്രതീക്ഷിക്കുന്നില്ലെന്നും മുകേഷിന്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് സ്ത്രീപക്ഷ പ്രവര്‍ത്തകരുടെ കൂട്ടായ്മ സി.പി.എം, സിപിഐ സംസ്ഥാന, ദേശീയ നേതാക്കള്‍ക്ക് കത്തയച്ചിട്ടുണ്ടെന്നും അജിത വ്യക്തമാക്കി.

അതേ സമയം ലൈംഗിക പീഡന കേസില്‍ പ്രതിയായ നടനും എംഎല്‍എയുമായ മുകേഷിന്റെ രാജി സംസ്ഥാന സെക്രട്ടേറിയറ്റില്‍ ചര്‍ച്ചയായില്ല. വിഷയം നാളെ സംസ്ഥാന സമിതി ചര്‍ച്ച ചെയ്യും. കൊല്ലത്ത് നിന്നുള്ള നേതാക്കളുടെ അഭിപ്രായം കേള്‍ക്കും. രാജി ആവശ്യം അംഗീകരിക്കാന്‍ ഇടയില്ലെന്നാണ് സൂചന. മുകേഷിന് പറയാനുള്ളതും പാര്‍ട്ടി പരിഗണിക്കും.

അതേസമയം, മുകേഷിന്റെ രാജിയെ ചൊല്ലി സിപിഎം സിപിഐ ദേശീയ സംസ്ഥാന നേതൃത്വങ്ങളില്‍ ഭിന്നത രൂക്ഷമാവുകയാണ്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ പദവിയില്‍ തുടരുന്നുണ്ടല്ലോയെന്ന സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തള്ളി. മുകേഷ് രാജി വയക്കണമെന്ന് ആദ്യം ആവശ്യമുയര്‍ത്തിയ ആനി രാജയെ സിപിഐ സംസ്ഥാന നേതൃത്വവും തള്ളിപ്പറഞ്ഞു.

മുകേഷിന്റെ രാജിയില്‍ സിപിഎം സംസ്ഥാന നേതൃത്വം വെള്ളം കുടിക്കുമ്പോള്‍, രാജിയെന്ന ആവശ്യം ശക്തമാക്കുന്നില്ലെങ്കിലും പദവിയില്‍ തുടരുന്നതിലെ അതൃപ്തിയാണ് പാര്‍ട്ടി മുഖപത്രത്തിലെ ലേഖനത്തിലൂടെ ബൃന്ദ കാരാട്ട് പരോക്ഷമായി സൂചിപ്പിക്കുന്നത്. ആരോപണ വിധേയരായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ തുടരുന്നല്ലോയെന്ന ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജനടക്കമുള്ളവരുടെ വാദത്തെ തള്ളുന്നതാണ് ലേഖനത്തിലെ പരാമര്‍ശം.

നിങ്ങള്‍ അങ്ങനെ ചെയ്തതു, കൊണ്ട് ഞങ്ങള്‍ ഇങ്ങനെ ചെയ്യുന്ന എന്ന വിധമുള്ള നിലപാടല്ല വേണ്ടതെന്നാണ് ബൃന്ദ തിരുത്തുന്നു. ഇരകള്‍ക്കെതിരെ പരാതി നല്‍കിയ നടപടിയേയും വിമര്‍ശിക്കുന്നുണ്ട്. കേസെടുത്തല്ലോ എന്ന് ഇന്നലെ പ്രതികരിച്ച പ്രകാശ് കാരാട്ട് കേരളത്തില്‍ പോയി ചോദിക്കൂയെന്നാണ് ഇന്ന് പറയുന്നത്.

അതേസമയം കേസെടുത്തതിന് തൊട്ടുപിന്നാലെ മുകേഷ് രാജി വയ്ക്കണമെന്ന ആവശ്യം ഉന്നയിച്ച് ആനി രാജി സിപിഐ സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. അതിലുള്ള കടുത്ത അതൃപ്തി നേതാക്കള്‍ പരസ്യമാക്കി. സിപിഐ സംസ്ഥാന സെക്രട്ടറി നിലപാടും പറയും മുന്‍പ് ആനി രാജ പരസ്യ പ്രസ്താവന നടത്തിയതില്‍ സിപിഎമ്മിലും അമര്‍ഷമുണ്ട്. സാഹചര്യം ആവര്‍ത്തിക്കാതിരിക്കാനുള്ള നിര്‍ദ്ദേശം ആനി രാജക്ക് നേതാക്കള്‍ നല്‍കിയേക്കുമെന്നാണ് വിവരം.