- Home
- /
- News
- /
- SPECIAL REPORT
ആരോഗ്യമന്ത്രിയുടെ വീഴ്ചയുടെ പാപഭാരം പ്രിന്സിപ്പാളിന്റെ തലയില്; വിദ്യാര്ഥി സമരം തടയാന്‍ കഴിഞ്ഞില്ല; പത്തനംതിട്ട സര്ക്കാര് നഴ്സിങ് കോളജ് പ്രിന്‍സിപ്പാളിന് സ്ഥലം മാറ്റം
പ്രിന്‍സിപ്പല്‍ ഗീതാകുമാരിയെ കാസര്കോട്ടേക്ക് മാറ്റി
- Share
- Tweet
- Telegram
- LinkedIniiiii
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെ തിരക്കിട്ട് തുടങ്ങിയ നഴ്സിങ് കോളജിനെതിരേ വിദ്യാര്‍ഥികള്‍ സമരം നടത്തിയതിന്റെ പേരില്‍ പ്രിന്‍സിപ്പാളിന് സ്ഥാനചലനം. ആരോഗ്യമന്ത്രിയുടെ ഓഫീസിലേക്ക് വിദ്യാര്‍ഥികള്‍ നടത്തിയ മാര്‍ച്ച് തടയാന്‍ പ്രിന്‍സിപ്പാളിന് കഴിയാത്തതു കാരണമാണ് സ്ഥലം മാറ്റമെന്നാണ് സൂചന.
തിരുവനന്തപുരം സ്വദേശിയായ പ്രിന്‍സിപ്പല്‍ ഗീതാകുമാരിയെ കാസര്‍കോട്ടേക്കാണ് മാറ്റിയത്. നേരത്തേ കുട്ടികളെ മാറ്റാന്‍ നീക്കം നടന്നിരുന്നു. എന്നാല്‍, അത് വലിയ പ്രതിഷേധത്തിന് കാരണമായേക്കുമെന്ന് കണ്ടാണ് പ്രിന്‍സിപ്പാളിനെ മാറ്റിയിരിക്കുന്നത്. വിദ്യാര്‍ഥികള്‍ ആരോഗ്യമന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്ക് ഉള്‍പ്പെടെ സമര പരിപാടികളുമായി ഇറങ്ങിയതോടെ വിഷയം ചര്‍ച്ച ചെയ്യുന്നതിനായി ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷന്‍ തിരുവനന്തപുരത്ത് ജൂലൈ അവസാനം യോഗം ചേര്‍ന്നിരുന്നു. ഈ യോഗത്തില്‍ പ്രിന്‍സിപ്പലിനെ കുറ്റപ്പെടുത്താനാണ് അധികൃതര്‍ ശ്രമിച്ചത്. ഒടുവില്‍ പി.ടി.എയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ഒരാഴ്ചയ്ക്കകം വിദ്യാര്‍ഥികള്‍ക്ക് ബസ് അനുവദിക്കാനും തീരുമാനമായതാണ്.
എന്നാല്‍ അതിനും നടപടി ആയിട്ടില്ല. കെട്ടിടം കണ്ടെത്താന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. സമരം ചെയ്തതിന് വിദ്യാര്‍ഥികളെ വയനാട്, കാസര്‍കോഡ് തുടങ്ങിയ സ്ഥലങ്ങളിലെ നഴ്സിങ് കോളജുകളിലേക്ക് മാറ്റാനും ആലോചന നടന്നിരുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അത് നടക്കാതെ പോയി. ഇപ്പോള്‍ അടുത്ത ബാച്ച് പ്രവേശന നടപടികള്‍ നടന്നു വരികയാണ്. പുതിയ ബാച്ചിലെ കുട്ടികള്‍ കൂടി എത്തുന്നതോടെ എല്ലാം തകിടം മറിയും. കുട്ടികള്‍ക്ക് നിന്നു തിരിയാന്‍ പോലും ഇവിടെ സ്ഥല സൗകര്യങ്ങള്‍ ഇല്ല. നഴ്സിങ് കോളജ് പ്രവര്‍ത്തിക്കാന്‍ ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍ മാനദണ്ഡങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നുണ്ട്. രണ്ടര ഏക്കര്‍ സ്ഥലത്ത് കോളേജിന്റെ ക്യാംപസുണ്ടാകണം.
23200 സ്വകയര്‍ ഫീറ്റില്‍ കെട്ടിട സൗകര്യങ്ങള്‍, സയന്‍സ് ലാബ്, കമ്യൂണിറ്റി ഹെല്‍ത്ത് ന്യൂട്രീഷ്യന്‍ ലാബ്, ചൈല്‍ഡ് ഹെല്‍ത്ത് ലാബ്, പ്ലീ ക്ലിനിക്കല്‍ ഹെല്‍ത്ത് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, കോമണ്‍ റൂം, ലൈബ്രറി, സ്റ്റാഫ് റൂം എന്നിവ വേണം. 21100 സ്‌ക്വയര്‍ഫീറ്റ് ഹോസ്റ്റല്‍ സൗകര്യവും ഉറപ്പാക്കണം. മതിയായ പ്രവൃത്തി പരിചയമുള്ള പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍, പ്രഫസര്‍, രണ്ട് അസോസിയേറ്റ് പ്രഫസര്‍മാര്‍, മൂന്ന് അസിസ്റ്റന്റ് പ്രഫസര്‍മാര്‍, 10 കുട്ടികള്‍ക്ക് ഒരാള്‍ എന്ന നിരക്കില്‍ അധ്യാപകര്‍ വേണം എന്നിങ്ങനെയാണ് മാനദണ്ഡങ്ങള്‍. എന്നാല്‍ പത്തനംതിട്ടയിലെ നഴ്സിങ് കോളജില്‍ ഈ മാനദണ്ഡങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. നഗരത്തിന്റെ ഒത്ത നടുക്ക് കോളജ് റോഡില്‍ വാടക കെട്ടിടത്തില്‍ നഴ്സിങ് കോളജെന്ന ബോര്‍ഡും വച്ച് പ്രവര്‍ത്തിക്കുകയാണ്. പ്രിന്‍സിപ്പലും രണ്ട് താത്കാലിക അധ്യാപകരുമാണ് ആകെയുള്ളത്. അനാട്ടമി ക്ലാസ് ഒരുക്കിയിരിക്കുന്നത് 17 കിലോമീറ്റര്‍ അപ്പുറമുള്ള കോന്നി മെഡിക്കല്‍ കോളേജിലാണ്.
പ്രാക്ടിക്കല്‍ ജനറല്‍ആശുപത്രിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് യാത്രയ്ക്കുള്ള ബസില്ലാത്തത് വലിയ ദുരിതമായിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ നവകേരള സദസില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രക്ഷിതാക്കള്‍ മാറി മാറി പരാതി നല്‍കിയിട്ടും ഫലം കണ്ടില്ല. പി.ടി.എ പിരിവെടുത്താണ് കുറെ നാളായി കോളജില്‍ അത്യാവശ്യ അടിസ്ഥാന സൗകര്യം പോലും ഒരുക്കുന്നത്. പുറത്തെ ഹോസ്റ്റല്‍ ഫീസ്, ഭക്ഷണചെലവ്, ബസ് ചാര്‍ജ് ഇവയ്ക്കൊക്കെ മാസം വലിയ തുക വേണ്ടി വരുന്നുണ്ട്. പാവപ്പെട്ട കുട്ടികള്‍ നിരവധി പേരുണ്ട്. കോന്നി മെഡിക്കല്‍ കോളജിനോടുബന്ധിച്ച് നഴ്സിങ് കോളജ് പ്രവര്‍ത്തിക്കാന്‍ എല്ലാ സൗകര്യവും ഉണ്ടെന്നിരിക്കെ ആരോഗ്യമന്ത്രി വീണാജോര്‍ജ് അതിന് സമ്മതിക്കുന്നില്ല.
പുതിയ നഴ്സിങ് കോളേജിന് ആരോഗ്യശാസ്ത്ര സര്‍വകലാശാല അഫിലിയേഷന്‍ നല്‍കണമെങ്കില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിരാക്ഷേപ പത്രവും ഇന്ത്യന്‍ നഴ്സിങ് കൗണ്‍സില്‍, കേരള നഴ്സിങ് കൗണ്‍സില്‍ എന്നിവയുടെ അംഗീകാരവും വേണം. നിലവിലുള്ള കോളേജുകളില്‍ സീറ്റ് കൂട്ടുന്നതിനും ഇത് ആവശ്യമാണ്. സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ഐ.എന്‍.സി.യുടെ അംഗീകാരമില്ലാതെ വിദ്യാര്‍ഥികളെ പ്രവേശിപ്പിക്കാന്‍ ആരോഗ്യശാസ്ത്ര സര്‍വകലാശാല താത്കാലികാനുമതി നല്‍കിയത്. വൈകാതെ ഐ.എന്‍. സി. അംഗീകാരം നേടി കത്ത് ഹാജരാക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു.
ശ്രീലാല് വാസുദേവന് മറുനാടന് മലയാളി പത്തനംതിട്ട ന്യൂസ് കോണ്ട്രിബ്യൂട്ടര്