- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള നടപടി: വികസിത രാജ്യങ്ങള്‍ പ്രതിഷേധക്കാരെ നിഷ്ഠൂരമായി ശിക്ഷിക്കുന്നുവെന്ന് റിപ്പോര്‍ട്ട്; നേരിട്ടത് ഡ്രാക്കോണിയന്‍ നിയമങ്ങള്‍ ഉപയോഗിച്ച്
കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ക്കായി മുറവിളി കൂട്ടുന്നവരെയും കടുത്ത നടപടികള്‍ക്ക് വിധേയമാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍
ലണ്ടന്‍: കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ നൂറ് നാവാണ് വികസിത രാജ്യങ്ങള്‍ക്ക്. സെമിനാറുകള്‍ക്കും സമ്മേളനങ്ങള്‍ക്കുമായി പണം ചെലവഴിക്കാനും മടിയില്ല. എന്നാല്‍, അക്കാര്യം പറഞ്ഞ് പൊതുജനങ്ങള്‍ തെരുവിലിറങ്ങിയാല്‍ കടുത്ത നടപടികള്‍ക്കും അവര്‍ക്ക് മടിയില്ല. ആസ്‌ട്രേലിയ, ജര്‍മ്മനി, ഫ്രാന്‍സ്, നെതെര്‍ലാന്‍ഡ്‌സ്, സ്വീഡന്‍, യു കെ, അമേരിക്ക തുടങ്ങിയ രാജ്യങ്ങളിലെല്ലാം പരിസ്ഥിതി പ്രവര്‍ത്തകരെയും, കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള നടപടികള്‍ക്കായി മുറവിളി കൂട്ടുന്നവരെയും കടുത്ത നടപടികള്‍ക്ക് വിധേയമാക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുന്ന തടവ് ശിക്ഷ, കരുതല്‍ തടങ്കല്‍, മറ്റു വിധത്തിലുള്ള പീഢനങ്ങള്‍ എന്നിവയൊക്കെ ഇവര്‍ക്കെതിരെ ഭരണകൂടങ്ങള്‍ കൈക്കൊള്ളുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. അഭിപ്രായ പ്രകടനം നടത്തുന്നതിനും, ഒത്തു ചേരുന്നതിനും, സംഘടിക്കുന്നതിനുമുള്ള അടിസ്ഥാനപരമായ മൗലികാവകാശം പോലും ഇക്കൂട്ടര്‍ക്ക് നിഷേധിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം, വികസ്വര രാജ്യങ്ങളിലെ ഭരണകൂടങ്ങളെ പ്രതിഷേധിക്കാനുള്ള അവകാശം സംരക്ഷിക്കാത്തതിന്റെ പേരില്‍ വിമര്‍ശിക്കുന്നതിനും വികസിത രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ക്ക് മടിയില്ല എന്നതാണ് വിരോധാഭാസം.
അവികസിത രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശത്തിനായി വികസിത രാജ്യങ്ങളിലെ ഭരണകൂടം നിരന്തരം ശബ്ദമുയര്‍ത്തിക്കൊണ്ടിരിക്കും എന്നാല്‍, അത്തരത്തിലുള്ള പ്രതിഷേധങ്ങള്‍ സ്വന്തം രാജ്യത്ത് അരങ്ങേറിയാല്‍ അവര്‍ സഹിക്കുകയുമില്ല, ക്ലൈമറ്റ് റൈറ്റ്‌സ് ഇന്റര്‍നാഷണല്‍ ഡയറക്ടര്‍ ബ്രാഡ് ആഡംസ് പറയുന്നു. യൂറോപ്പ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും, ബ്രിട്ടനിലുമൊക്കെ കാലാവസ്ഥ സംരക്ഷണത്തിനായി സമാധാനപരമായി സമരം ചെയ്യുന്നവരെ കൂട്ട അറസ്റ്റും ദീര്‍ഘകാല തടവ് ശിക്ഷയുമൊക്കെയായാണ് ഭരണകൂടങ്ങള്‍ നേരിട്ടത്.
ചില സന്ദര്‍ഭങ്ങളില്‍ അത്തരം പ്രതിഷേധങ്ങളില്‍ പങ്കെടുത്തവരെ ഗുണ്ടകളായും, അട്ടിമറിക്കാരായും പരിസ്ഥിതി തീവ്രവാദികളായിട്ടുമൊക്കെയാണ് രാഷ്ട്രീയ നേതൃത്വം ചിത്രീകരിച്ചത്. പല മുതിര്‍ന്ന മനുഷ്യാവകാശ പ്രവര്‍ത്തകരും ഭരണകൂടങ്ങളുടെ ഇത്തരം നടപടികള്‍ക്ക് എതിരായി രംഗത്ത് എത്തിയിരുന്നു. സമാധാനപരമായി പ്രതിഷേധം നടത്തുന്നതിനുള്ള അവകാശം അനുവദിച്ച് നല്‍കണമെന്ന് അവര്‍ ഭരണകൂടങ്ങളോട് ആവശ്യപെടുകയും ചെയ്തിട്ടുണ്ട്.
ഇത്തരത്തിലുള്ള പ്രതിഷേധക്കാര്‍ യഥാര്‍ത്ഥത്തില്‍ ഭൂമിയെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്ന് യു എന്‍ സ്‌പെഷ്യല്‍ റിപ്പോര്‍ട്ടറായ മേരി ലോലര്‍ ചൂണ്ടിക്കാണിക്കുന്നു. ഇത്തരക്കാരെ സംരക്ഷിക്കേണ്ടതിന് പകരം സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവരെ അടിച്ചമര്‍ത്താനാണ് ശ്രമിക്കുന്നത്. ശക്തമാകുന്ന കാലാവസ്ഥാ വ്യതിയാനം ലോകത്ത് 2004 ല്‍ റെക്കോര്‍ഡ് താപനിലക്ക് കാരണമായിരുന്നു. ഇത് ഭക്ഷ്യ ക്ഷാമത്തിനും, കാട്ടുതീക്കും, വെള്ളപ്പൊക്കത്തിനുമൊക്കെ ഇടയാക്കുകയും ചെയ്തിരുന്നു.