ലണ്ടന്‍: വംശീയ നീതിയും തുല്യതയും ഉറപ്പാക്കുന്നതിനായി റേഷ്യല്‍ ജസ്റ്റിസ് പ്രയോറിറ്റിയുടെ മേധാവിയെ നിയമിക്കുന്നതിനുള്ള ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ പരസ്യം ഏറെ വിവാദമാവുകയാണ്. സഭയിലെ വികാരിമാര്‍ക്ക് ലഭിക്കുന്നതിന്റെ ഇരട്ടി ശമ്പളമാണ് ഈ തസ്തികയിലേക്ക് നിയമിക്കുന്നവര്‍ക്ക് വാഗ്ദാനം നല്‍കിയിരിക്കുന്നത് എന്നതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നതെന്ന് ദി ടെലെഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലണ്ടന്‍ രൂപതയുടെ കീഴില്‍ വംശീയ നീതി ഉറപ്പു വരുത്തുന്ന നടപടികള്‍ക്ക് നേതൃത്വം നല്‍കുക എന്നതാണ് ഇതില്‍ നിയമിതനാകുന്ന വ്യക്തിയുടെ ചുമതല. അതിനായി 66,646 പൗണ്ടിന്റെ വാര്‍ഷിക ശമ്പളമാണ് നല്‍കുക.

അതേസമയം രൂപതയിലെ പാരിഷുകളില്‍ പുരോഹിതവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വികാരിമാര്‍ക്ക് കിട്ടുന്നതാകട്ടെ പ്രതിവര്‍ഷം 31,644 പൗണ്ട് മാത്രവും. വൈവിധ്യവും സമത്വവും ഉറപ്പാക്കുന്നതിനും, എല്ലാവരെയും ഉള്‍കൊണ്ട് പോകുന്നതിനുമായി ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ രൂപതകളില്‍ വംശീയ നീതി ഉറപ്പാക്കുന്നതിന് ഉത്തരവാദിത്തപ്പെട്ടവരെ ഇതിനോടകം നിയമിച്ചു കഴിഞ്ഞിട്ടുണ്ട്. അതിനേക്കാള്‍ എല്ലം ഏറ്റവും കൂടിയ ശമ്പളമാണ് ലണ്ടന്‍ രൂപതയില്‍ വാഗ്ദാനം ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

പാരിഷുകളില്‍ നിന്നും ലഭിക്കുന്ന സംഭാവനകള്‍ ഇത്രയും വലിയ ശമ്പളം നല്‍കുന്നതിനായി ചെലവഴിക്കുന്നത് ശരിയല്ല എന്നാണ് സെയിന്റ് ബര്‍തലോമ്യു റെക്റ്റര്‍ ആയ റെവറന്റ് മാര്‍ക്കസ് വാക്കര്‍ പറയുന്നു. പാരിഷുകളില്‍ ധനദൗര്‍ലഭ്യം വരുത്തിക്കൊണ്ട് 1 ലക്ഷം പൗണ്ടിലേറെ തുക വിഹിതമായി ആവശ്യപ്പെടാന്‍ രൂപതയ്ക്ക് ആവില്ലെന്നും അദ്ദേഹം പറയുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ 2023 ലെ റിപ്പോര്‍ട്ടില്‍ പറയുന്നത് ഒരു പാരിഷിന് വികാരിമാരുടെ ശമ്പളവും, കൗണ്‍സില്‍ ടാക്സ് തുകയും മറ്റ് ചെലവുകളും ഉള്‍പ്പെടുത്തി രൂപത നല്‍കുന്നത് 47,000 പൗണ്ടിനും 62,000 പൗണ്ടിനും ഇടയ്ക്കുള്ള തുകയാണെന്നാണ്.

സ്പഷ്ടമായ നടപടികളിലായിരിക്കണം ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ സമ്പത്ത് മുടക്കേണ്ടത് എന്നും അങ്ങനെയായാല്‍ മാത്രമെ കൂടുതല്‍ വംശീയ നീതി ഉറപ്പു വരുത്താന്‍ ആകൂ എന്നുമാണ് പരസ്യവുമായി ബന്ധപ്പെട്ട് എഡ്‌മോണ്ടന്‍ ബിഷപ്പ് പറഞ്ഞത്. ഈ തസ്തികയില്‍ നിയമിതനാകുന്ന വ്യക്തി സ്നേഹം, സുതാര്യത, സമത്വം, ജീതി, സഹവര്‍ത്തിത്തം, സത്യസന്ധത എന്നിവയിലൂന്നിയ ഒരു സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ ഉത്തരവാദിത്തപ്പെട്ട വ്യക്തിയാണ് എന്നാണ് പരസ്യത്തില്‍ പറയുന്നത്. മാത്രമല്ല, ശരിയായ വംശീയ സമത്വം ഉറപ്പു വരുത്താന്‍ മാനസികവും, സാംസ്‌കാരികവും വ്യവസ്ഥാപിതവുമായ തടസ്സങ്ങള്‍ നീക്കം ചെയ്യാനും ഇവര്‍ ബാദ്ധ്യസ്ഥരായിരിക്കും.