ലണ്ടന്‍: ഇന്നലെ രാവിലെ ഡല്‍ഹിയില്‍ നിന്നും ലണ്ടന്‍ ഹീത്രോ വിമാനത്താവളത്തിലേക്ക് പറന്ന എ ഐ 111 ( എയര്‍ ഇന്ത്യ) വിമാനത്തിന് ഡെന്മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍ അടിയന്തിര ലാന്‍ഡിംഗ്. വിമാനത്തില്‍ ഉണ്ടായിരുന്ന എക്സ്റ്ററിനു അടുത്തുള്ള ഡോളിഷ് പട്ടണത്തില്‍ താമസിക്കുന്ന മലയാളിക്കാണ് അടിയന്തിര ചികിത്സാ വേണ്ടി വന്നതോടെ വിമാനം കോപ്പന്‍ഹേഗില്‍ ലാന്‍ഡ് ചെയ്തത്. ചികിത്സാര്‍ത്ഥം നാട്ടില്‍ പോയി മടങ്ങിയ രാജീവ് ഫിലിപ്പീന് ഇന്‍സുലിന്‍ താഴ്ന്നു പോയതോടെയാണ് വിമാനത്തില്‍ ഉണ്ടായിരുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം പൈലറ്റ് അടിയന്തിര ലാന്‍ഡിങ്ങിന് തയാറായത്. വിമാനം എത്തുന്നത് സംബന്ധിച്ച അറിയിപ്പ് ലഭിച്ചതോടെ ആംബുലന്‍സ് അടക്കമുള്ള സൗകര്യങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജീകരിച്ചിരുന്നു. തുടര്‍ന്ന് കോപ്പന്‍ഹേഗിലെ അമങ്ഗര്‍ ആസ്പത്രയിലേക്ക് മാറ്റിയ രാജീവ് മെഡിക്കല്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്.

ലണ്ടനിലേക്ക് എത്താന്‍ രണ്ടു മണിക്കൂര്‍ കൂടി പറക്കേണ്ടി വരും എന്നത് മറ്റു ആരോഗ്യപ്രശ്ങ്ങള്‍ കൂടിയുള്ള രാജീവിന്റെ കാര്യത്തില്‍ റിസ്‌ക് ആയിരിക്കും എന്ന വിലയിരുത്തലിലാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളത്തില്‍ ലാന്‍ഡിംഗ് നടത്താന്‍ പൈലറ്റ് തീരുമാനിച്ചത്. വിമാനം അടിയന്തിരമായി ലാന്‍ഡ് ചെയ്യുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നു കോപ്പന്‍ഹേഗന്‍ വിമാനത്താവളത്തിലെ എയര്‍ ഇന്ത്യ ജീവനക്കാരും അടിയന്തര സഹായവുമായി രംഗത്ത് വന്നിരുന്നു. കീറ്റോഅസിഡോസിസ് എന്ന രോഗാവസ്ഥയിലേക്ക് യാത്രക്കാരന്‍ എത്തി എന്ന് വ്യക്തമായതോടെ അടിയന്തിര ലാന്‍ഡിങ്ങിന് സഹായം തേടുകയായിരുന്നു പൈലറ്റ്.

അതിനിടെ പതിനൊന്നരയ്ക്ക് ലണ്ടനില്‍ ലാന്‍ഡ് ചെയ്യേണ്ടിയിരുന്ന വിമാനം ഉച്ചകഴിഞ്ഞു രണ്ടു മണിക്ക് ശേഷമാണു ലണ്ടനില്‍ എത്തിയത്. വിമാനത്തില്‍ വേറെയും മലയാളികള്‍ യാത്രക്കാരായി ഉണ്ടായിരുന്നു. രാജീവിന് ഒപ്പം യാത്ര ചെയ്തിരുന്ന ഡോളിഷ് പട്ടണത്തില്‍ തന്നെ താമസിക്കുന്ന തോമസ് എന്നയാളും ഇന്നലെ ഡെന്മാര്‍ക്കില്‍ രാജീവിനൊപ്പം ആശുപത്രിയില്‍ തങ്ങാന്‍ നിര്‍ബന്ധിതനായി. ആരെങ്കിലും കൂടെ വേണമെന്ന ആശുപത്രി ജീവനക്കാരുടെ നിര്‍ബന്ധം മൂലം നാട്ടിലേക്കുള്ള യാത്രയിലും തിരിച്ചുള്ള യാത്രയിലും കൂട്ട് ഉണ്ടായിരുന്ന തോമസ് കൂടെ നില്‍ക്കാന്‍ തയ്യാറാവുക ആയിരുന്നു. രാജീവും തോമസും ആശുപത്രിയില്‍ എത്തി എന്നുറപ്പായതോടെയാണ് വിമാനം തിരികെ ലണ്ടനിലേക്ക് പറന്നത്.

രാജീവ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിവരം സോഷ്യല്‍ മീഡിയ വഴി അറിഞ്ഞു മലയാളിയായ ഒരാള്‍ ഉടന്‍ സഹായത്തിനായി ആശുപത്രിയില്‍ എത്തി എന്ന വിവരമാണ് കുടുംബത്തിന് ആശ്വാസമായത്. രാജീവ് ആശുപത്രിയില്‍ എത്തി അധികം വൈകാതെ മലയാളി സഹായവും എത്തി എന്നാണ് കുടുംബത്തിന് ലഭിച്ച സന്ദേശം. എന്നാല്‍ വിമാനം കോപ്പന്‍ഹേഗനിലേക്ക് പറന്നത് അറിയാതെ വിമാനത്തില്‍ ഉണ്ടായിരുന്നവരെ സ്വീകരിക്കാന്‍ ഹീത്രോവില്‍ എത്തിയവര്‍ പിന്നീട് മണിക്കൂറുകള്‍ കാത്തു നില്‍ക്കേണ്ടി വന്നു. വിമാനം എപ്പോള്‍ ഹീത്രോവില്‍ എത്തും എന്ന കാര്യത്തില്‍ ഏറെ നേരം ആശങ്ക നിലനിന്നിരുന്നു.

ഇന്‍സുലിന് താഴ്ന്നു രോഗികള്‍ അപകടത്തിലേക്ക് നീങ്ങുന്നത് പതിവ് കാഴ്ച

അടുത്തിടെയായി നിരവധി പ്രമേഹ രോഗികളാണ് കൊച്ചി - ഗാറ്റ്വിക് വിമാനത്തില്‍ വൈകി പുറപ്പെടുന്നതും വിമാനത്തില്‍ വൈകി ഭക്ഷണവും വെള്ളവും നല്‍കുന്നത് മൂലം ഇന്‍സുലിന് താഴ്ന്നു തളര്‍ന്നു വീഴുന്നത് പതിവായി മാറുകയാണ്. പലരും ഭാഗ്യത്തിന് മെഡിക്കല്‍ എമര്‍ജന്‍സി നിലയിലേക്ക് നീങ്ങുന്നിന്നില്ലെങ്കിലും യുകെയില്‍ എത്തിയ ശേഷം ആശുപത്രി സേവനം തേടേണ്ടി വരുന്നത് അടിക്കടി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. അന്തരാഷ്ട്ര വിമാന യാത്രയ്ക്ക് മൂന്നു മണിക്കൂര്‍ മുന്‍പേ റിപ്പോര്‍ട്ട് ചെയ്യണം എന്നതിനാല്‍ ഇടുക്കി, തൃശൂര്‍, പാലക്കാട്, ആലപ്പുഴ തുടങ്ങി വിദൂര നാടുകളില്‍ നിന്നും മണിക്കൂറുകള്‍ക്ക് മുന്‍പേ യാത്ര തുടങ്ങുന്നവര്‍ക്ക് പതിവായി വിമാനം വൈകുന്നതിനാലും വിമാനത്തില്‍ യാത്ര തുടങ്ങി ആദ്യ രണ്ടോ മൂന്നോ മണിക്കൂര്‍ നേരത്തേക്ക് ഭക്ഷണം നല്കാത്തതുമായ സാഹചര്യമാണ് ഇന്‍സുലിന് താഴെ പോകാന്‍ കാരണമാകുന്നത്.

പലര്‍ക്കും ഇത് ആരോഗ്യ പ്രശ്നമായി മാറുമ്പോള്‍ വിമാനജോലിക്കാര്‍ വേഗം ഭക്ഷണവും വെള്ളവും നല്‍കിയാണ് നില ക്രമപ്പെടുത്തുന്നത്. ഇത് പതിവായി സംഭവിച്ചിട്ടും വിമാനത്തില്‍ പ്രത്യേകിച്ചും രോഗികള്‍ക്കും പ്രായമായവര്‍ക്കും ഭക്ഷണമോ വെള്ളാവോ നല്കാന്‍ ശ്രമം ഉണ്ടാകുന്നില്ല എന്ന ആക്ഷേപവുമുണ്ട്. എന്ത് സംഭവിച്ചാലും യാത്രക്കാര്‍ നേരിട്ടുള്ള കൊച്ചി വിമാനത്തെ കൈവിടില്ല എന്ന് ഉറപ്പുള്ളതിനാല്‍ എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ഇത്തരം പരാതികള്‍ ഗൗരവത്തില്‍ എടുക്കുന്നില്ല എന്നതും ശ്രെധേയമാണ്. യാത്ര സൗകര്യം പരിഗണിച്ചു പ്രായമായവര്‍ക്ക് വേണ്ടി നേരിട്ടുള്ള വിമാനത്തില്‍ ടിക്കറ്റ് എടുക്കുന്നതെങ്കിലും ഈ വിമാനം മൂലം കഷ്ടപ്പാട് കൂടുന്നു എന്ന പരാതിക്കാരാണിപ്പോള്‍ അധികവും.