- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ടണലുകളില്‍ പെരുച്ചാഴിയെ പോലെ കഴിഞ്ഞ് പുറത്തുചാടിയത് ബിസ്ലാക്ക് ബ്രിഗേഡിന്റെ മുന്നിലേക്ക്; വെടിവയ്പിനിടെ ഒളിച്ചിട്ടും തെരഞ്ഞ് ഡ്രോണ്‍; മുഖം തുണികൊണ്ട് മറച്ചിട്ടും യഹ്യാ സിന്‍വാറിന്റെ തലതുളച്ച കൃത്യത; 'ഗാസയിലെ ബിന്‍ ലാദനെ' തീര്‍ത്ത് ഇസ്രയേലിന്റെ പ്രതിജ്ഞ നിറവേറ്റിയത് ബിസ്ലാക്ക് ബ്രിഗേഡിന്റെ മിന്നലാക്രമണം
ടാങ്കും മാറ്റഡോര്‍ മിസൈലും ഉപയോഗിച്ച് സിന്‍വാര്‍ ഒളിച്ചിരുന്ന കെട്ടിടം തകര്‍ത്തു
ടെല്‍ അവീവ്: ഹമാസുമായുള്ള യുദ്ധത്തില്‍ ഇസ്രയേലിന്റെ നിര്‍ണായക മുന്നേറ്റമാണ് മാസ് തലവന്‍ യഹ്യാ സിന്‍വാറിന്റെ വധം. റാഫയില്‍ നടന്ന ഇസ്രയേല്‍ വെടിവയ്പ്പിലാണ് ഹമാസ് തലവനായ യഹ്യാ സിന്‍വര്‍ കൊല്ലപ്പെട്ടത്. സിന്‍വറിന്റെ വധം ഗാസയിലെ യുദ്ധത്തിന്റെ അവസാനമല്ലെങ്കിലും, അവസാനത്തിന്റെ തുടക്കമാണെന്നും ഹമാസിനെ തകര്‍ക്കുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ ഏഴിന് ഇസ്രയേല്‍ മണ്ണില്‍ ഹമാസ് നടത്തിയ വിനാശകരമായ ഭീകരാക്രമണത്തിന്റെ തലച്ചോര്‍ ആണ് 'ഗാസയിലെ ബിന്‍ ലാദന്‍' എന്ന് വിശേഷിപ്പിക്കപ്പെടുന്ന യഹ്യാ സിന്‍വാര്‍. സിന്‍വാറിനെ ജീവനോടെയോ അല്ലാതെയോ പിടിക്കുമെന്ന് ഇസ്രയേല്‍ പ്രതിജ്ഞയെടുത്തിരുന്നു. ആ പ്രതിജ്ഞ നിറവേറ്റിയതാകട്ടെ ഇസ്രായേല്‍ പ്രതിരോധ സേനയുടെ ഭാഗമായ ബിസ്ലാക്ക് ബ്രിഗേഡും.
ബുധനാഴ്ച തെക്കന്‍ ഗാസയിലെ റാഫയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഇസ്രയേലിന്റെ ബിസ്ലാക്ക് ബ്രിഗേഡിന്റെ കൈകളാലാണ് സിന്‍വാര്‍ കൊല്ലപ്പെട്ടത്. റാഫയിലെ താല്‍ അല്‍ സുല്‍ത്താനിലെ തെരുവിലായിരുന്നു ഏറ്റുമുട്ടല്‍ ഉണ്ടായത്. ഉച്ചയ്ക്ക് രണ്ടിനും മൂന്നിനും ഇടയില്‍ ഇസ്രയേല്‍ സൈന്യത്തിന്റെ ബിസ്ലാക്ക് ബ്രിഗേഡ് ട്രെയിനിംഗ് യൂണിറ്റിന്റ പട്രോളിംഗിനിടെ സിന്‍വാര്‍ അടക്കം മൂന്ന് ഹമാസ് അംഗങ്ങളെ കാണുകയായിരുന്നു. തുടര്‍ന്ന് പരസ്പരം നടത്തിയ വെടിവയ്പില്‍ രണ്ട് ഹമാസ് അംഗങ്ങള്‍ കൊല്ലപ്പെട്ടു.
പരിക്കേറ്റ സിന്‍വാര്‍ അടുത്തുകണ്ട തകര്‍ന്ന കെട്ടിടത്തിലേക്ക് ഓടിക്കയറി. സിന്‍വാറിനെ തെരഞ്ഞ് ഇസ്രയേല്‍ ഡ്രോണ്‍ കെട്ടിടത്തിനുള്ളിലേക്ക് കടന്നു. രണ്ടാം നിലയില്‍ അവശനായി സോഫയിലിരുന്ന സിന്‍വാര്‍ കൈയിലുണ്ടായിരുന്ന വടി ഡ്രോണിന് നേരെ എറിഞ്ഞു. രക്തത്തില്‍ കുളിച്ച സിന്‍വാര്‍, മുഖം തുണികൊണ്ട് മറച്ചിരുന്നു. വലതുകൈ തകര്‍ന്നിരുന്നു. തുടര്‍ന്ന് ഇസ്രയേല്‍ സൈന്യത്തിന്റെ ടാങ്കും മാറ്റഡോര്‍ മിസൈലും സിന്‍വാര്‍ ഇരിക്കുകയായിരുന്ന കെട്ടിടം തകര്‍ത്തു. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടെയില്‍ സൈന്യം തെരച്ചില്‍ നടത്തിയത് വ്യാഴാഴ്ച രാവിലെയായിരുന്നു. തെരച്ചിലില്‍ കണ്ടെത്തിയ സിന്‍വാറിന്റെ മൃതദേഹം പിന്നീട് ഡിഎന്‍എ പരിശോധനയിലൂടെയാണ് ഇസ്രയേല്‍ സ്ഥിരീകരിച്ചത്.
സിന്‍വാറിന്റെ മരണകാരണം തലയിലേറ്റ വെടിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. പോസ്റ്റ്മോര്‍ട്ടത്തില്‍ പങ്കാളിയായ ഇസ്രയേല്‍ നാഷണല്‍ സെന്റര്‍ ഓഫ് ഫൊറന്‍സിക് മെഡിസിനിലെ വിദഗ്ധനായ ഡോ. ചെന്‍ കുഗേല്‍ ഒരു അന്താരാഷ്ട്ര മാധ്യമത്തോടാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചെറുമിസൈലോ ടാങ്കില്‍ നിന്നുള്ള ഷെല്ലില്‍ നിന്നോ ഉള്ള ചീളുകള്‍ തറച്ചു പരുക്കേറ്റ നിലയിലായിരുന്നു യഹ്യയുടെ മൃതദേഹമെന്ന് ചെന്‍ കുഗേല്‍ പറയുന്നു. കൈ തകര്‍ന്ന നിലയിലായിരുന്നു. രക്തസ്രാവം തടയാനുള്ള ശ്രമങ്ങള്‍ക്കിടെയിലായിരുന്നു തലയ്ക്ക് വെടിയേറ്റത്. മിസൈല്‍ ആക്രമണത്തില്‍ വലതു കൈത്തണ്ടയില്‍ പരുക്കേറ്റിരുന്നു.
ഇടതു കാലില്‍ കെട്ടിടത്തിലുണ്ടായിരുന്ന അലങ്കാരവസ്തു വീണിരുന്നു. ശരീരത്തിലെ വിവിധ ഭാഗങ്ങളില്‍ ഷെല്‍ ആക്രമണത്തിലെ ചീളുകള്‍ തറച്ച നിലയിലും ആയിരുന്നു. പരുക്കുകള്‍ ഉണ്ടായിരുന്നെങ്കിലും മരണകാരണമായത് തലയിലേറ്റ വെടിയെന്നാണ് ചെന്‍ കുഗേല്‍ വ്യക്തമാക്കിയത്.
മൃതദേഹത്തില്‍ നിന്ന് ശേഖരിച്ച വിരലില്‍ നിന്നാണ് സിന്‍വറിന്റെ ഡിഎന്‍എ പരിശോധന പൂര്‍ത്തിയാക്കിയത്. നേരത്തെ സിന്‍വര്‍ തടവുകാരനായി കഴിയുന്ന സമയത്ത് ശേഖരിച്ച ഡിഎന്‍എ സാംപിളുമായി താരതമ്യം ചെയ്താണ് കൊല്ലപ്പെട്ടത് സിന്‍വര്‍ തന്നെയാണെന്ന് ഉറപ്പിച്ചതെന്നും ചെന്‍ കുഗേല്‍ വ്യക്തമാക്കി.
സിന്‍വാറിനെ മാളത്തില്‍ കയറി തീര്‍ത്ത ബിസ്ലാക്ക് ബ്രിഗേഡ്
ഇന്‍ഫന്‍ട്രി കോര്‍പ്‌സ് സ്‌ക്വാഡ് കമാന്‍ഡര്‍, പ്ലാറ്റൂണ്‍ സര്‍ജന്റ് എന്നിവര്‍ക്ക് പരിശീലനം നല്‍കുന്ന ഇസ്രായേല്‍ പ്രതിരോധ സേനയുടെ ഭാഗമാണ് ബിസ്ലാക്ക് ബ്രിഗേഡ്. 1974ലാണ് സ്ഥാപിതമായത്. യുദ്ധകാലങ്ങളില്‍ ഇവര്‍ പ്രതിരോധ സേനയായി പ്രവര്‍ത്തിക്കും. മൂന്ന് ബേസുകളുള്ള ഇവര്‍ യുദ്ധസമയത്ത് ബിസ്ലാക്ക് എന്ന ഇന്‍ഫന്‍ട്രി ബ്രിഗേഡ് രൂപീകരിക്കുന്നു.
ഗാസ വിച്ഛേദിക്കല്‍ പദ്ധതിയില്‍ പങ്കെടുത്ത ഇവര്‍ ഗാസ മുനമ്പിന്റെ അതിര്‍ത്തി പിടിച്ചടക്കിയ ആദ്യ യൂണിറ്റ് കൂടിയാണ്. യൂണിറ്റിന്റെ 17ാം ബറ്റാലിന്‍ ബ്രിഗേഡ് ആണ് യഹ്യാ സിന്‍വാറിനെ കൊലപ്പെടുത്തിയത്. ഇസ്രയേലിന്റെ ആഭ്യന്തര രഹസ്യാന്വേഷണ സേനയായ ഷിന്‍ ബെറ്റില്‍ സിന്‍വാറിനെ കണ്ടെത്തുന്നതിനായി പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിരുന്നു. ഷിന്‍വാറിനെ കണ്ടെത്തുന്നതിനായി ഇസ്രയേലിനൊപ്പം പ്രവര്‍ത്തിച്ചിരുന്നതായി അമേരിക്കയും അവകാശപ്പെടുന്നു.
ഇതിന്റെ ഭാഗമായി ഇലക്ട്രോണിക് ആശയവിനിമയങ്ങള്‍ തടസപ്പെടുത്തി. അടിത്തറ തുളച്ചുകയറുന്ന റഡാറുകള്‍ ഇസ്രയേലിന് കൈമാറിയതായും യുഎസ് വ്യക്തമാക്കുന്നു.എന്നിരുന്നാലും ലോകത്തിലെ അത്യാധുനിക നിരീക്ഷണ സംവിധാനങ്ങള്‍ക്ക് ഇത്രയും കാലം സിന്‍വാറിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല, സിന്‍വാറിന്റെ ഒരു അബദ്ധമാണ് കൊല്ലപ്പെടുന്നതിന് ഇടയാക്കിയത്.
ഒളിസങ്കേതത്തില്‍ നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ സിന്‍വാര്‍ എവിടെയാണെന്ന് അറിവ് പോലും ഇല്ലാതിരുന്ന ട്രെയിനി സ്‌ക്വാഡ് കമാന്‍ഡര്‍മാരില്‍ ഒരാളുടെ കണ്ണില്‍പ്പെടുകയായിരുന്നു.ഇലക്ട്രോണിക് സംവിധാനങ്ങള്‍ ഉപയോഗിക്കാത്തതിനാല്‍ സിന്‍വാറിനെ കണ്ടെത്താന്‍ ഇസ്രയേലും അമേരിക്കയും ബുദ്ധിമുട്ടുകയായിരുന്നു. ഹമാസ് ടണലുകളില്‍ മനുഷ്യകവചങ്ങളുടെ മറവിലാണ് സിന്‍വാര്‍ ഒളിച്ചിരുന്നത്.
തടവിലാക്കപ്പെട്ടവരെയാണ് സിന്‍വാര്‍ മനുഷ്യകവചമായി ഉപയോഗിക്കുന്നതെന്നായിരുന്നു ഇസ്രയേല്‍ അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിന്‍വാര്‍ കൊല്ലപ്പെട്ട സ്ഥലത്ത് നടത്തിയ തെരച്ചിലില്‍ ഇസ്രയേല്‍ സേന ഇത്തരത്തില്‍ തടവിലാക്കപ്പെട്ടവരെയാരെയും കണ്ടെത്തിയിരുന്നില്ല. ഇതിനുമുന്‍പും സിന്‍വാര്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ അവകാശപ്പെട്ടിരുന്നു.
2021ല്‍ സിന്‍വാറിന്റെ ഖാന്‍ യൂനിസിലുള്ള വീട് ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ തകര്‍ത്തു. എന്നാലന്ന് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം നവംബറില്‍, ഇസ്രായേല്‍ സൈന്യം ഗാസ സിറ്റി വളഞ്ഞതായും സിന്‍വാര്‍ അവിടെ ഒരു ബങ്കറില്‍ കുടുങ്ങിയതായും ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് അവകാശപ്പെട്ടിരുന്നു.ഈ വര്‍ഷം സെപ്തംബറില്‍, ഇസ്രായേല്‍ മിലിട്ടറി ഇന്റലിജന്‍സ് ഡയറക്ടറേറ്റ്, ഗാസയില്‍ മുമ്പ് നടത്തിയ ആക്രമണങ്ങളില്‍ സിന്‍വാര്‍ കൊല്ലപ്പെട്ടിരിക്കാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് സിന്‍വാറിന്റെ മരണം ഹമാസ് സ്ഥിരീകരിക്കുന്നത്.