- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്‍-ചാര്‍ജ്ജ് വി.സിമാരെ റബര്‍സ്റ്റാമ്പുകളാക്കി സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയക്കാര്‍ ഭരിക്കുന്ന സര്‍വ്വകലാശാലകള്‍; ഈ മാസത്തോടെ കേരളത്തിലെ എല്ലാ സര്‍വ്വകലാശാലകളിലും വിസിമാര്‍ ഇല്ലാതാകും; അക്കാദമിക പ്രവര്‍ത്തനങ്ങളെല്ലാം സ്തംഭനത്തിലേക്ക്; ഗവര്‍ണ്ണര്‍-സര്‍ക്കാര്‍ പോരിന്റെ ബാക്കി പത്രം ഇതാ
തിരുവനന്തപുരം: കേരളത്തിലെ പതിനാലമാത്തെ സര്‍വ്വകലാശാലയും അനാഥത്വത്തിലേക്ക്. ഡിജിറ്റല്‍ സര്‍വ്വകലാശാ വൈസ് ചാന്‍സലര്‍ ഡോ സജി ഗോപിനാഥ് വിരമിക്കുകയാണ്. സാങ്കേതിക സര്‍വ്വകലാശാലയുടെ താല്‍കാലിക വിസി കൂടിയാണ് സജി ഗോപിനാഥ്. ഫലത്തില്‍ രണ്ടു സര്‍വ്വകലാശാലകള്‍ക്ക് നാഥനെ കണ്ടെത്തേണ്ട അവസ്ഥ. ആരോഗ്യ സര്‍വ്വകലാശാലയില്‍ മാത്രമാകും ഇനി സ്ഥിരം വിസിയുണ്ടാവുക. അതും ഈ മാസം 29വരെ മാത്രം. ആരോഗ്യ സര്‍വ്വകലാശാലാ വിസി മോഹന്‍ കുന്നുമ്മലും അന്ന് വിരമിക്കും. ഇതോടെ കേരളത്തിലെ 15 സര്‍വ്വകലാശാലകള്‍ക്കും സ്ഥിരം വിസി ഇല്ലാതാകും. മോഹന്‍ കുന്നുമ്മല്‍ കേരള സര്‍വ്വകലാശാലയുടെ താല്‍കാലിക വിസി കൂടിയാണ്. സര്‍ക്കാര്‍-ഗവര്‍ണ്ണര്‍ പോര് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തിന് വലിയ ഭീഷണിയായി മാറുന്ന സാഹചര്യമാണുള്ളത്.
വൈസ് ചാന്‍സലര്‍ നിയമനത്തില്‍ ഗവര്‍ണറുമായുള്ള ശീതസമരം തുടരവേ നാല് പുതിയ വി.സി.മാരെ ഈയാഴ്ച കണ്ടെത്തേണ്ട സാഹചര്യം ഉണ്ടാവുകയാണ്. കേരള സര്‍വകലാശാല, കേരള ഡിജിറ്റല്‍ സര്‍വകലാശാല, എ.പി.ജെ. അബ്ദുല്‍ കലാം സാങ്കേതിക സര്‍വകലാശാല, ആരോഗ്യ സര്‍വകലാശാല എന്നിവിടങ്ങളിലെ ഒഴിവും വിവാദമാകും. സ്ഥിരം വി.സി. നിയമനത്തിനുള്ള സേര്‍ച്ച് കമ്മിറ്റിയെച്ചൊല്ലി സര്‍ക്കാരും ഗവര്‍ണറും ഭിന്നതയിലാണ്. നേരത്തേ കുസാറ്റിലും കാലിക്കറ്റ് സര്‍വകലാശാലയിലും സര്‍ക്കാര്‍ നല്‍കിയ പേരുകള്‍ തള്ളി ഗവര്‍ണര്‍ മുതിര്‍ന്ന പ്രൊഫസര്‍മാരെ താത്കാലിക വി.സി.യായി നിയമിക്കുകയായിരുന്നു.
ഏതെങ്കിലും പ്രൊഫസര്‍ക്ക് വി.സിയുടെ ചുമതല നല്‍കുമെങ്കിലും നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കാന്‍ ഇന്‍-ചാര്‍ജ്ജ് വി.സിമാര്‍ തയ്യാറാവാത്തതിനാല്‍ മിക്കയിടത്തും ഭരണസ്തംഭനമാണ്. ഇന്‍-ചാര്‍ജ്ജ് വി.സിമാരെ റബര്‍സ്റ്റാമ്പുകളാക്കി സിന്‍ഡിക്കേറ്റിലെ രാഷ്ട്രീയക്കാരാണ് വാഴ്‌സിറ്റികള്‍ ഭരിക്കുന്നത്. പരീക്ഷാനടത്തിപ്പും ഫലപ്രഖ്യാപനവുമൊഴിച്ചുള്ള കാര്യങ്ങളെല്ലാം ഇഴയുകയാണ്. വിദ്യാര്‍ത്ഥികളുടെ പരാതിപരിഹാരമടക്കം പ്രതിസന്ധിയിലാണ്. 2022ഒക്ടോബര്‍ മുതലുള്ള വി.സി ഒഴിവുകളില്‍ ഇതുവരെ നിയമനം നടത്താനായിട്ടില്ലെന്നതാണ് വസ്തുത.
ഡിജിറ്റല്‍ സര്‍വ്വകലാശാലയില്‍ പകരം വിസിയായി ഡോ പി ആര്‍ ഷാലിജ്, കോതമംഗലം എംഎ എന്‍ജിനീയറിംഗ് കോളേജ് പ്രഫസര്‍ ഡോ വിനോദ് കുമാര്‍ ജേക്കബ് എന്നിവരുടെ പേര് അടക്കം ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇതില്‍ ഗവര്‍ണ്ണറുടെ തീരുമാനം നിര്‍ണ്ണായകമാകും. സാങ്കേതിക സര്‍വകലാശാലാ മുന്‍ വി.സി. ഡോ. എം.എസ്. രാജശ്രീയുടെ പേരും പട്ടികയിലുണ്ട്. വിരമിക്കുംമുമ്പ് സജി ഗോപിനാഥ്തന്നെ രാജശ്രീയുടേതുള്‍പ്പെടെ മൂന്നുപേരടങ്ങുന്ന പാനല്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ചേക്കുമെന്നറിയുന്നു. മൂന്നുപേര്‍ വേണ്ട പാനലില്‍ ഒറ്റപ്പേരുമാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന സാങ്കേതികകാരണത്താല്‍മാത്രമാണ് മുമ്പ് രാജശ്രീക്ക് സുപ്രീംകോടതി അയോഗ്യതകല്പിച്ചതും വി.സി. സ്ഥാനം നഷ്ടപ്പെട്ടതും. സര്‍ക്കാര്‍ നിര്‍ദ്ദേശം അനുസരിച്ചാണ് ഇതെന്നും സൂചനകളുണ്ട്.
രാജശ്രീ മാര്‍ച്ചില്‍ ഡയറക്ടര്‍ ഓഫ് ടെക്നിക്കല്‍ എജ്യുക്കേഷന്‍ തസ്തികയില്‍നിന്ന് വിരമിച്ചു. എന്നാല്‍, വി.സി. നിയമനത്തിനുള്ള ഉയര്‍ന്ന പ്രായപരിധി രാജശ്രീക്ക് അനുകൂലമാണ്. സര്‍വകലാശാലാ നിയമപ്രകാരം സെര്‍ച്ച് കമ്മിറ്റികളില്‍ സെനറ്റ്/ സിന്‍ഡിക്കേറ്റ് പ്രതിനിധി നിര്‍ബന്ധമാണ്. പ്രതിനിധിയെ നല്‍കാന്‍ സെനറ്റ് തയ്യാറല്ല. വൈസ്ചാന്‍സലര്‍ നിയമനത്തില്‍ ചാന്‍സലറാണ് തീരുമാനമെടുക്കേണ്ടതെന്നും അത് അന്തിമമാണെന്നും സുപ്രീംകോടതി ഉത്തരവുണ്ട്. എന്നാല്‍ എല്ലായിടത്തേക്കും ഗവര്‍ണര്‍ രൂപീകരിച്ച സെര്‍ച്ച്കമ്മിറ്റിക്ക് ബദലായി സര്‍ക്കാര്‍ സ്വന്തംസെര്‍ച്ച്കമ്മിറ്റിയുണ്ടാക്കുകയും അവ കേസില്‍ കുരുങ്ങുകയുമായിരുന്നു. ഭരണഘടനയുടെ അനുച്ഛേദം-162 പ്രകാരം വി.സിനിയമനം സര്‍ക്കാരിന്റെ അധികാരമാണെന്ന് വ്യാഖ്യാനിച്ചാണ് സര്‍ക്കാര്‍ സെര്‍ച്ച്കമ്മിറ്റികളുണ്ടാക്കുന്നത്.
താത്കാലിക വി.സിമാര്‍ പ്രധാനതീരുമാനങ്ങളെടുക്കുന്നില്ല. വികസനപദ്ധതികളും അക്കാഡമിക് പ്രവര്‍ത്തനങ്ങളുമടക്കം സ്തംഭനത്തിലാണ്. അദ്ധ്യാപക നിയമനങ്ങളടക്കം കാര്യമായി നടക്കുന്നില്ല. മിക്കയിടത്തും താത്കാലിക അദ്ധ്യാപകരാണുള്ളത്. മറ്റുവാഴ്‌സിറ്റികളിലെ പ്രൊഫസര്‍മാരായ ഇന്‍-ചാര്‍ജ്ജുമാരെ കാണാനോ പരാതികള്‍ അറിയിക്കാനോ വിദ്യാര്‍ത്ഥികള്‍ക്കും കഴിയുന്നില്ലെന്നതാണ് വസ്തുത.