ടെക്‌സാസ്: കണ്ണില്‍ കോണ്‍ടാക്ട് ലെന്‍സുകള്‍ വെയ്ക്കുന്നത് ഇന്ന് വളരെ സാധാരണ കാര്യമാണ്. എന്നാല്‍ കോണ്‍ടാക്ട് ലെന്‍സ് കാരണം ജീവിതം ദുരിതത്തിലായ ഒരു യുവതിയുടെ അനുഭവ സാക്ഷ്യം ഞെട്ടിപ്പിക്കുന്നതാണ്. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ബ്രൂക്ക്ലിന്‍ മക് കാസ്ലാന്‍ഡ് എന്ന ഇരുപത്തിമൂന്ന്കാരി കൂട്ടുകാരുമൊത്ത് രണ്ട് മാസം മുമ്പ് അലബാമയിലെ ഒരു ബീച്ചിലേക്ക് പോകുന്നു.

പിന്നീട് കണ്ണില്‍ അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിച്ചപ്പോള്‍ ബ്രൂക്ക്ലിനോട് നേത്രരോഗ വിദഗ്ധന്‍ പറഞ്ഞത് കണ്ണിനുള്ളില്‍ മണ്ണ് കയറി എന്നാണ്. തുടര്‍ന്ന് ഡോക്ടര്‍ അണുബാധയ്ക്കുള്ള ആന്റി ബയോട്ടിക്കുകളും കണ്ണില്‍ ഒഴിക്കാനുള്ള മരുന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും കണ്ണിന്റെ വേദന കുറഞ്ഞില്ല.

കണ്ണിന്റെ ഉള്ളില്‍ ഒരു മറ പോലെ ബ്രൂക്ക്ലിന് അനുഭവപ്പെടാനും തുടങ്ങി. കണ്ണില്‍ കുപ്പിച്ചില്ല് കൊണ്ടതു പോലെയായിരുന്നു ആദ്യം, പിന്നീട് കാഴ്ച മങ്ങി തുടങ്ങി. തുടര്‍ന്ന് മറ്റൊരു വിദഗ്ധനെ പോയി സ്‌കാന്‍ ചെയ്തപ്പോള്‍ കണ്ണില്‍ വെളുത്ത നിറത്തില്‍ പൊടി പോലെ വസ്തുക്കള്‍ കാണാമെന്നും അവരുടെ കണ്ണിലെ കോര്‍ണിയയില്‍ അണുബാധ ഉണ്ടായിരിക്കുന്നു എന്നുമാണ്.

ബീച്ചില്‍ നീന്തുമ്പോള്‍ ആയിരിക്കും ഇത് സംഭവിച്ചതെന്നും എല്ലാവരും കണക്കുകൂട്ടി. കുറച്ച് കാലത്തിനുളളില്‍ ബ്രൂക്ക്ലിന്റെ വലത്തേ കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുകയായിരുന്നു. അകന്‍താമോബാ എന്ന് വിളിക്കപ്പെടുന്ന ഒരു പരോപജീവി ആണ് കണ്ണില്‍ കടന്ന് കയറി ഇത്രയും പ്രശ്നങ്ങള്‍ സൃഷ്ടിച്ചത് എന്നാണ് വിദഗ്ധര്‍ വ്യക്തമാക്കിയത്.




ഓരോ വര്‍ഷവും 1500 ഓളം അമേരിക്കക്കാര്‍ക്ക് ഈ രോഗം പിടിപെടുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. കണ്ണില്‍ കോണ്‍ടാക്ട് ലെന്‍സ് വച്ച് കൊണ്ട് നീന്തിയതാണ് യുവതിക്ക് അണുബാധയുണ്ടാകാന്‍ കാരണം എന്നാണ് ഡോക്ടര്‍മാരുടെ നിഗമനം. ഇതിന് പ്രതിവിധിയായി ശസ്ത്രക്രിയ ഉണ്ടെങ്കിലും അത് വളരെ ചെലവേറിയ ഒന്നാണ് എന്നാണ് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചൂണ്ടിക്കാട്ടുന്നത്. ഈ അണുബാധ ഉണ്ടാകുന്നവര്‍ക്ക് സൂര്യപ്രകാശത്തിലേക്ക് നോക്കുന്നതും വലിയ ബുദ്ധിമുട്ടാണ്.

കോണ്ടാക്റ്റ് ലെന്‍സ് ധരിക്കുന്നവരിലാണ് 90 ശതമാനവും ഈ അണുബാധ ഉണ്ടാകുന്നത്. കോണ്ടാക്റ്റ് ലെന്‍സ് ധരിച്ചുകൊണ്ട് ഷവറിലോ, ചൂട് ബാത്ത് ടബ്ബിലോ കുളിക്കുകയോ നീന്തുകയോ അരുതെന്നാണ് നേത്രരോഗ വിദഗ്ധരുടെ നിര്‍ദ്ദേശം. കണ്ണിന്റെ കാഴ്ച പ്രശ്‌നം കാരണം ബ്രൂക്ക്‌ലിന് തല്‍ക്കാലത്തേക്ക് ജോലിയും വിടേണ്ടി വന്നു.