സ്പാനിഷ് പ്രളയത്തില്‍ മരണ സംഖ്യ 400 ആയപ്പോള്‍ കൂടുതല്‍ ഭീതിദമായ കഥകളാണ് പുറത്തു വരുന്നത്. മരണമടഞ്ഞ സഹോദര പത്‌നിയുമായി കാറില്‍ കുടുങ്ങിപ്പോയ ഒരു സ്ത്രീയെ മൂന്ന് ദിവസങ്ങള്‍ക്കകം രക്ഷിക്കാനായി എന്നതാണ് ഭയത്തോടൊപ്പം അല്പം ആശ്വാസവും പകരുന്ന ഒരു വാര്‍ത്ത. വലന്‍സിയയിലെ വെള്ളം കയറിയ ഗ്യാരേജുകളിലും കാറുകള്‍ക്കുള്ളിലും ഇപ്പോഴും തിരച്ചില്‍ നടക്കുകയാണ്. ഇനിയും 2000 ഓളം പേരെ കണ്ടെത്താനുണ്ട് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കുന്നുകൂടിയ വാഹനക്കൂമ്പാരങ്ങള്‍ക്കിടയില്‍ നിന്നും കരച്ചില്‍ കേട്ടാണ് രക്ഷാ പ്രവര്‍ത്തകര്‍ പേരു വെളിപ്പെടുത്താത്ത ഈ സ്ത്രീയെ രക്ഷിച്ചത്.

ശക്തമായ കുത്തൊഴുക്കില്‍ കാര്‍ ഒരു റെയില്‍വേ ടണലിനുള്ളില്‍ കുടുങ്ങിപ്പോവുകയും ഇവരുടെ വാഹനങ്ങള്‍ക്ക് മീതെ വേറെ വാഹനങ്ങള്‍ വന്നടിയുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. വലന്‍സിയ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിലുള്ള രണ്ട് പട്ടണങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന റെയില്‍വേ ലൈനിലെ ടണലിലായിരുന്നു സംഭവം. പ്രാദേശിക പ്രൊട്ടക്ഷന്‍ സിവില്‍ പ്രസിഡണ്ട് മാര്‍ട്ടിന്‍ പ്രെസ് ആണ് ഈ സ്ത്രീയെ കണ്ടെത്തിയ വിവരം മാധ്യമങ്ങളെ അറിയിച്ചത്. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം ഒരു വ്യക്തിയെ കാറില്‍ ജീവനോടെ ക്ണണ്ടെത്തി എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം, 400 പേരിലധികം പേരുടെ മരണത്തിനിടയാക്കിയ വെള്ളപ്പൊക്കത്തെ കുറിച്ച് യഥാസമയത്ത് മുന്നറിയിപ്പ് നല്‍കാത്ത അധികൃതരോടുള്ള ജനരോഷം ശക്തമാവുകയാണ്. അതിനിടയിലാണ് 2000 വര്‍ഷം പഴക്കമുള്ള, റോമാക്കാലത്തെ ഒരു അണക്കെട്ട് ഒരു പട്ടണത്തെ വെള്ളപ്പൊക്കത്തില്‍ നിന്നും രക്ഷിച്ച വാര്‍ത്തയുമെത്തുന്നത്. പല സ്പാനിഷ് നഗരങ്ങളും വെള്ളത്തില്‍ മുങ്ങിയ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും പ്രചരിക്കുമ്പോള്‍, ആശ്വാസത്തോടൊപ്പം അദ്ഭുതവും നല്‍കുകയാണ്, ആരഗോണില്‍, വീടുകളില്‍ നിന്നും ഏതാനും മാത്രം അകലെയായി മാത്രം വെള്ളം മലമുകളില്‍ നിന്നും താഴേക്ക് കുതിച്ചു ചാടുന്ന ചിത്രം.

പുരാതന റോമന്‍ എഞ്ചിനീയറിംഗിന്റെ ഒരു അദ്ഭുതമായിരുന്നു അത്. നിറഞ്ഞു കവിഞ്ഞ പ്രളയജലത്തെ വഴിതിരിച്ച് ജനാവാസ കേന്ദ്രങ്ങളില്‍ എത്താതെ മലമുകളില്‍ നിന്നും താഴേക്ക് ഒഴുക്കിയ ആ വിസ്മയത്തിന് 2000 വര്‍ഷത്തെ പഴക്കമാണുള്ളത്. ആല്‍മോനാസിഡ് ഡി ല ക്യൂബ എന്ന പട്ടണത്തിലാണ് അത് സ്ഥിതി ചെയ്യുന്നത്. അതായത്, സ്പെയിനിനെ വിഴുങ്ങിയ പ്രളയത്തില്‍ നിന്നും ഈ പട്ടണവാസികള്‍ അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.