ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയിച്ചതില്‍ ആശങ്ക പങ്കുവച്ച് ഇറാന്‍. ട്രംപിന്റെ വിജയത്തെ മുന്‍കാല 'തെറ്റായ നയങ്ങള്‍' പുനഃപരിശോധിക്കാനുള്ള അവസരമെന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. നേരത്തെ, ട്രംപ് പ്രസിഡന്റായിരുന്ന കാലത്ത് ഇറാന് മേല്‍ അമേരിക്ക കടുത്ത സമ്മര്‍ദ്ദമാണ് ഉയര്‍ത്തിത്.

2015ലെ ആണവ കരാറില്‍ നിന്ന് അമേരിക്ക പിന്മാറുകയും ഇറാന് മേല്‍ കടുത്ത ഉപരോധം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. മുന്‍ കാലത്തെ തെറ്റായ നയങ്ങള്‍ അവലോകനം ചെയ്യുന്നതിനുള്ള അവസരം ഡൊണാള്‍ഡ് ട്രംപിന് ലഭിച്ചിരിക്കുകയാണെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് എസ്‌മെയ്ല്‍ ബഗായ് പറഞ്ഞു. വീണ്ടും ട്രംപ് വൈറ്റ് ഹൗസിലേയ്ക്ക് മടങ്ങി എത്തുന്നതില്‍ ഇറാനും ആശങ്കപ്പെടാന്‍ ഏറെയുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം.

ട്രംപിന്റെ ഭരണ കാലത്താണ് 2020-ല്‍ ഇറാന്‍ ജനറല്‍ ഖാസിം സുലൈമാനിയെ അമേരിക്കന്‍ സൈന്യം കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുകയും ചെയ്തിരുന്നു. വരാന്‍ പോകുന്നത് രാജ്യത്തിന്റെ സുവര്‍ണ കാലമായിരിക്കുമെന്ന് ട്രംപ് ഇതിനകം പ്രഖ്യാപിച്ചു കഴിഞ്ഞു. ട്രംപിന്റെ വിദേശ നയങ്ങളില്‍ ഏറ്റവും ശ്രദ്ധ നേടാന്‍ പോകുന്നത് ഇറാനോടുള്ള സമീപനമായിരിക്കും. ട്രംപിന്റെ വിജയവാര്‍ത്ത വന്നതിന് പിന്നാലെ ചരിത്രത്തില്‍ ഇന്നോളമില്ലാത്ത ഇടിവാണ് ഇറാനിയന്‍ റിയാലിന് ഉണ്ടായത്.

ഒരു റിയാല്‍ എന്നത് 0.000024 ഡോളറായാണ് വിലയിടിഞ്ഞത്. ട്രംപ് ഭരണത്തില്‍ അന്താരാഷ്ട്ര തലത്തില്‍ തങ്ങള്‍ക്ക് ഇപ്പോള്‍ പ്രതികൂലമായ കാര്യങ്ങള്‍ ഇനിമുതല്‍ കൂടുതല്‍ പ്രശ്നത്തിലാകുമെന്നാണ് 22കാരനായ ഇറാനിയന്‍ വിദ്യാര്‍ത്ഥി അമിര്‍ ആശങ്കപ്പെടുന്നത്.പശ്ചിമേഷ്യയില്‍ സംഘര്‍ഷം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഇറാനിലെ ജനങ്ങളില്‍ ട്രംപിന്റെ ജയം സമ്മിശ്ര പ്രതികരണമാണ് ഉണ്ടാക്കിയത്.

യുദ്ധം കടുക്കുമോ എന്നും സാമ്പത്തിക ഉപരോധങ്ങളും നിയന്ത്രണങ്ങളും വര്‍ദ്ധിക്കുമോ എന്നതുമാണ് ചിലര്‍ ഭയക്കുന്നത്. മറ്റുചിലര്‍ ഇതുവഴി ഇറാനില്‍ രാഷ്ട്രീയ മാറ്റം ഉണ്ടാകുമെന്നും നിലവിലെ യാഥാസ്ഥിതിക ഭരണകൂടം മാറുമെന്നുമെല്ലാം പ്രത്യാശ പ്രകടിപ്പിക്കുന്നു. 2017-2021 സമയത്ത് ട്രംപ് ഇറാനുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ചെലുത്തിയിരുന്നു. 2015ല്‍ ഇറാന്റെ ആണവ കരാറുണ്ടായിരുന്ന സമയം ഒരു ഡോളറിന് ഇറാനിയന്‍ റിയാലിന്റെ വില 32,000 ആയിരുന്നു. 2018ല്‍ ട്രംപ് ഏകപക്ഷീയമായി കരാറില്‍ നിന്നും പിന്മാറിയതോടെ അമേരിക്കയുമായി ഇറാന്റെ തര്‍ക്കം മൂര്‍ച്ഛിച്ചു.

ആര് ജയിച്ചാലും ഇറാനുമേല്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിക്കണം എന്നതാണ് പല സാധാരണക്കാരുടെയും നിലപാട്.നാട്ടില്‍ ജനാധിപത്യം വരാനും മതഭരണം ഇല്ലാതാകാനും ട്രംപിന്റെ ജയം സഹായിക്കുമെന്ന് ചില യുവാക്കളും അഭിപ്രായപ്പെടുന്നു. അതേസമയം തങ്ങള്‍ക്ക് അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രാധാന്യമുള്ള കാര്യമല്ലെന്നാണ് ഇറാനിലെ രാഷ്ട്രീയ നേതൃത്വം പുറമേ പറയുന്നത്.

ഇസ്രയേലിനെ തങ്ങള്‍ ആക്രമിക്കുന്നത് ആദ്യംതന്നെ തടയാന്‍ ഇസ്രയേലുമായി ചേര്‍ന്ന് അമേരിക്ക ആക്രമണം നടത്താനുള്ള സാദ്ധ്യത ഇറാനിയന്‍ സേനയായ ദി റെവല്യൂഷനറി ഗാര്‍ഡിന്റെ ഉപമേധാവി അലി ഫദാവി കണക്കുകൂട്ടുന്നുണ്ട്. അമേരിക്ക 2018ല്‍ ഉപരോധം ഏര്‍പ്പെടുത്തിയതുപോലെ വീണ്ടും ഉപരോധം വന്നാല്‍ ഇറാന്റെ എണ്ണ കയറ്റുമതിയെ അത് ബാധിക്കും. ഇതോടെ സര്‍ക്കാരിന് വരുമാനം കുറയും. ഇതോടെ നികുതി വര്‍ദ്ധിപ്പിക്കുന്നതടക്കം കടുത്ത നടപടികള്‍ ജനങ്ങള്‍ക്ക് മേല്‍ സ്വീകരിക്കേണ്ടി വരും ഇത് ഇറാന്‍ സര്‍ക്കാരിന് തലവേദനയാണ്.

ഇറാന്‍, ഇസ്രയേലിന് നേരെ ഒക്ടോബര്‍ ഒന്നിന് മിസൈല്‍ ആക്രമണം നടത്തിയപ്പോള്‍ ട്രംപ് ഇസ്രയേലിനോട് അഭിപ്രായപ്പെട്ടത് ആദ്യം ഇറാനിലെ ആണവശക്തി തകര്‍ക്കൂ ബാക്കി പിന്നെ നോക്കാം. എന്നാണ് ആ തീരുമാനം നടപ്പാകുമോ എന്നതാണ് വരുംകാലങ്ങളില്‍ കാണേണ്ടത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയമാണ് ഡൊണാള്‍ഡ് ട്രംപ് സ്വന്തമാക്കിയത്. 538 ഇലക്ടറല്‍ വോട്ടുകളില്‍ 290-ലധികം വോട്ടുകള്‍ ട്രംപ് ഉറപ്പാക്കിയിരുന്നു. റിപ്പബ്ലിക്കന്‍ കോട്ടകളില്‍ മുപ്പത് ശതമാനം വരെ കൂടുതല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് രണ്ടാം തവണയും അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. 127 വര്‍ഷത്തിന് ശേഷം തുടര്‍ച്ചയായല്ലാതെ ആദ്യമായി അധികാരത്തില്‍ തിരിച്ചെത്തുന്ന വ്യക്തിയെന്ന നേട്ടവും ട്രംപ് സ്വന്തം പേരിലാക്കി.

അതേ സമയം ട്രംപിനെ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അഭിനന്ദിച്ചു. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ച ഈ അവസരത്തില്‍ ഡോണാള്‍ഡ് ട്രംപിന് ആത്മാര്‍ഥമായ അഭിനന്ദനങ്ങളും വിജയാശംസകളും നേരുന്നു. അമേരിക്കയിലെ ജനങ്ങള്‍ക്ക് കൂടുതല്‍ പുരോഗതിയും സമൃദ്ധിയും ഉണ്ടാകുന്നതിന് ആശംസിക്കുന്നുവെന്നും അഭിനന്ദന സന്ദേശത്തില്‍ സല്‍മാന്‍ രാജാവ് പറഞ്ഞു.

എല്ലാ മേഖലകളിലും ശക്തിപ്പെടുത്താനും വികസിക്കാനും ശ്രമിക്കുന്ന ഇരു രാജ്യങ്ങളും ജനങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന ചരിത്രപരമായ ഉറ്റ ബന്ധത്തിന്റെ മികവിനെ സല്‍മാന്‍ രാജാവ് പ്രശംസിച്ചു. കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും ഡോണള്‍ഡ് ട്രംപിന് അഭിനന്ദനങ്ങള്‍ അറിയിച്ചു. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പ് വിജയത്തിലൂടെ അമേരിക്കയുടെ 47-ാമത് പ്രസിഡന്റായി വൈറ്റ് ഹൗസിലേക്കുള്ള 'ചരിത്രപരമായ തിരിച്ചുവരവ്' അടയാളപ്പെടുത്തിയിരിക്കയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ്.