ലണ്ടന്‍: പര സഹായത്തോടെയുള്ള ആത്മഹത്യ ബ്രിട്ടനിലും നിയമവിധേയമായേക്കും. നിയമ നിര്‍മ്മാണത്തിനുള്ള നിര്‍ദ്ദേശങ്ങല്‍ ഇന്നലെ പുറത്തായി. അതനുസരിച്ച്, ആരെയെങ്കിലും ആത്മഹത്യ ചെയ്യാന്‍ നിര്‍ബന്ധിച്ചാല്‍ ലഭിക്കുക 14 വര്‍ഷത്തെ തടവ് ശിക്ഷയായിരിക്കും. പാര്‍ലമെന്റ് പാസ്സാക്കിയാല്‍ നിയമമാകുന്ന, ടെര്‍മിനലി ഇല്‍ അഡള്‍ട്ട്‌സ് (എന്‍ഡ് ഓഫ് ലൈഫ്) ബില്ലില്‍ പറയുന്നത്, സഹായം വേണമെന്ന് ആരെങ്കിലും പറയാന്‍ നിര്‍ബന്ധിതരാകുന്ന തരത്തിലുള്ള ബലപ്രയോഗം, സമ്മര്‍ദ്ദം, സത്യസന്ധതയില്ലായ്മ എന്നിവ ഉപയോഗിക്കുന്നത് നിയമവിരുദ്ധമായിരിക്കും എന്നാണ്.

അതിന് പുറമെ, നിയമപരമായി, മറ്റു കാര്യങ്ങള്‍ക്ക് അനുവദനീയമായ മരുന്നുകള്‍, മരണകാരണമാകുന്ന അളവില്‍ കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതും കുറ്റകരമാണ്. ഗുരുതരമായ രോഗം ബാധിച്ച, ആറ് മാസം വരെ മാത്രമെ ആയുസ്സുള്ളു എന്ന നിലയില്‍ ഉള്ളവര്‍ക്ക് മാത്രമായിരിക്കും പര സഹായത്തോടെ ആത്മഹത്യ ചെയ്യുന്നതിനുള്ള അനുമതി ഉണ്ടായിരിക്കുക. ഭിന്നശേഷിയോ, മാനസിക രോഗങ്ങളോ ആത്മഹത്യയ്ക്കുള്ള കാരണങ്ങളയി പരിഗണിക്കുകയില്ലെന്നും ലേബര്‍ എം പി, കിം ലെഡ്ബീറ്റര്‍ ഇന്നലെ പ്രസിദ്ധീകരിച്ച ബില്ലില്‍ വ്യക്തമാക്കുന്നു.

ഇത്തരത്തില്‍ മരിക്കാന്‍ ആഗ്രഹിക്കുന്നവര്‍, വ്യക്തമായ, എല്ലാ വശങ്ങളും അറിഞ്ഞുകൊണ്ടുള്ള ആഗ്രഹം പ്രത്യേകമായി നല്‍കേണ്ടതുണ്ട്. അതുപോലെ അവരുടെ മാനസികാരോഗ്യം രണ്ട് സ്വ്തന്ത്ര ഡോക്ടര്‍മാര്‍ സാക്ഷ്യപ്പെടുത്തുകയും വേണം. മാത്രമല്ല, ഹോസ്പീസ് കെയര്‍ പോലുള്ള മറ്റ് ബദല്‍ മാര്‍ഗ്ഗങ്ങളെ കുറിച്ച് അവരില്‍ അവബോധം ഉണ്ടാക്കുകയും വേണം. പിന്നീട്, സാക്ഷ്യപത്രം നല്‍കിയ ഡോക്ടര്‍മാരില്‍ ഒരാളില്‍ നിന്നും ഒരു ഹൈക്കോടതി ജഡ്ജി, തെളിവുകള്‍ ശേഖരിക്കും. അതുപോലെ, മരണം ആഗ്രഹിക്കുന്ന രോഗിയെ ചോദ്യം ചെയ്യാനും സാധ്യതയുണ്ട്.

മെഡിക്കല്‍ പരിശോധനകള്‍ നടത്തുനന്തിനും ജീവിതം അവസാനിപ്പിക്കുന്നതിനും ഇടയിലായി മൂന്ന് ആഴ്ചക്കാലമാണ് അനുവദിച്ചിട്ടുള്ളത്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ഒരു രോഗി ആഗ്രഹം പ്രകടിപ്പിച്ച് അപേക്ഷ നല്‍കിയാല്‍, മൂന്ന് ആഴ്ചക്കാലത്തിനുള്ളില്‍ പ്രക്രിയീകള്‍ എല്ലാം പൂര്‍ത്തിയാക്കണം. ലീഡ്ബീറ്റര്‍ ഒരു സ്വകാര്യ ബില്‍ ആയിട്ടാണ് ഇത് അവതരിപ്പിക്കുന്നത്. നവംബര്‍ 29 ന് ഇതിന്മേല്‍ വോട്ടെടുപ്പ് നടക്കും എന്നാണ് കരുതപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നേക്കാവുന്ന ഏതൊരു സംശയങ്ങള്‍ക്കും ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ തയ്യാറാണെന്ന് അവര്‍ പറയുന്നു.

ജീവിതത്തിന്റെ അന്ത്യത്തിലെത്തി നില്‍ക്കുന്നവര്‍ക്ക് ഈ നിയമം സംരക്ഷണം നല്‍കുമെന്ന് മാത്രമല്ല, ലോകത്തിലെ തന്നെ ഏറ്റവും ശക്തവും കര്‍ശനവുമായ നടപടികള്‍ ഈ നിയമം ദുരുപയോഗം ചെയ്യാപ്പെടാതിരിക്കാന്‍ എടുത്തിട്ടുണ്ടെന്നും ലീഡ്ബീറ്റര്‍ പറയുന്നു. എന്നാല്‍, ഇതിനെതിരെ രഗത്തുള്ള എം പിമാര്‍ പറയുന്നത്, അപേക്ഷകള്‍ സൂക്ഷ്മ പരിശോധന നടത്തുന്നതിന് കാര്യക്ഷമമായ സംവിധാനം ഇല്ല എന്ന് ആശങ്കപ്പെടുന്നു. ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീതിംഗും ജസ്റ്റിസ് സെക്രട്ടറി ഷബാന മുഹമ്മദും ഈ ബില്ലിനെ എതിര്‍ക്കുന്നവരുടെ കൂട്ടത്തിലാണ്.