ടോക്കിയോ: റഷ്യക്ക് പിന്നാലെ ജപ്പാനിലും ജനനനിരക്ക് വർധിപ്പിക്കാൻ തിരക്കിട്ട ചർച്ചകളെന്ന് റിപ്പോർട്ടുകൾ. റഷ്യയിൽ കടുത്ത നീക്കങ്ങളാണ് നടക്കുന്നത് ജനനനിരക്ക് കുറയുന്നത് തടയാന്‍ പുടിന്‍ ഭരണകൂടം വിവിധ തന്ത്രങ്ങളാണ് മെനയുന്നത്. ദമ്പതികള്‍ തമ്മിലുള്ള അടുപ്പം വര്‍ധിപ്പിക്കുന്നതിനു രാത്രി 10 മുതല്‍ പുലര്‍ച്ചെ 2 മണി വരെ രാജ്യത്ത് ഇന്റര്‍നെറ്റ് ഓഫ് ചെയ്യാനും നിര്‍ദേശം നൽകിയിട്ടുണ്ട്.

ഇപ്പോഴിതാ ജപ്പാനിലെ ജനനനിരക്ക് വര്‍ധിപ്പിക്കാന്‍ 30 വയസ്സ് തികയുമ്പോള്‍ സ്ത്രീകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് ഒരു നേതാവ്. പാർലമെന്‍റ് അംഗം നഓകി ഹ്യകുതയാണ് വിവാദ പരാമർശം നടത്തിയിരിക്കുന്നത്. ജപ്പാന്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചയുടെ ഭാഗമായി രാജ്യത്തിന്റെ ജനനനിരക്ക് വര്‍ധിപ്പിക്കുന്നതിനുള്ള നടപടികളേക്കുറിച്ച് സംസാരിക്കവെയാണ് ജാപ്പനീസ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ നഓകി ഹ്യകുതയുടെ വിചിത്രമായ പരാമർശം നടന്നത്.

25 വയസ്സിന് ശേഷം സ്ത്രീകള്‍ വിവാഹിതരാകുന്നത് നിരോധിക്കണമെന്നും 30-ാം വയസ്സില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യണമെന്നുമാണ് മന്ത്രി മുന്നോട്ടുവെച്ച നിർദേശം. ഇതിലൂടെ നേരത്തെതന്നെ വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ഇത് സഹായിക്കുമെന്നാണ് അദ്ദേഹത്തിന്‍റെ വിലയിരുത്തൽ. 18 വയസ്സിനു ശേഷം സ്ത്രീകൾക്ക് സർവകലാ വിദ്യാഭ്യാസം പരിമിതപ്പെടുത്തണമെന്നും അദ്ദേഹം പറയുന്നു. അതുവഴി അവര്‍ക്ക് കുഞ്ഞുങ്ങളെ ജനിപ്പിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്നാണ് നഓകി ഹ്യകുതയുടെ വാദം.

അതേസമയം, ഇദ്ദേഹം മുന്നോട്ടുവെച്ച സ്ത്രീവിരുദ്ധ ആശയത്തെ നിഷേധിച്ച് രാജ്യത്തുടനീളമുള്ള സ്ത്രീകള്‍, ഹ്യകുതയോട് ക്ഷമാപണം നടത്താന്‍ ആവശ്യമുന്നയിച്ചു. പിന്നാലെ സംഭവം വിവാദമായതോടെ തന്‍റെ പരാമർശത്തിൽ ക്ഷമാപണം നടത്തിയതായും വിവരങ്ങൾ ഉണ്ട്.