കീവ്: ലോകത്താര്‍ക്കും ഇത്തരം ആയുധങ്ങള്‍ ഇല്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ വീമ്പടിച്ച ഹൈപ്പര്‍സോണിക്ക് ഒറേഷ്നിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ യുക്രെയിന്‍ വീണ്ടെടുത്തു. യുക്രെയിനിലെ നിപ്രോ നഗരം ലക്ഷ്യമാക്കിയാണ് മധ്യദൂര ബാലിസ്്റ്റിക് മിസൈല്‍ റഷ്യ തൊടുത്തുവിട്ടത്. യുദ്ധത്തില്‍ ആദ്യമായാണ് ഇത്തരമൊരു ശക്തമായ ആയുധം ഉപയോഗിക്കുന്നത്.

അവശിഷ്ടങ്ങള്‍ യുക്രെയിന്‍ വെപ്പണ്‍സ് ഫോറന്‍സിക് വിഭാഗം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. നവംബര്‍ 21 ന് മണിക്കൂറില്‍ 8000 മൈല്‍ വേഗത്തിലാണ് നിപ്രോ ലക്ഷ്യമാക്കി മിസൈലെത്തിയത്. മധ്യദൂര ബാലിസ്റ്റിക് മിസൈലുകള്‍ക്ക് 5500 കിലോമീറ്റര്‍ വരെ വേഗമാണ് ഉള്ളത്.

്‌യുക്രൈന്റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇത്രയും പ്രഹരശേഷിയുള്ള മിസൈലുകള്‍ അവര്‍ക്ക് നേരേ എത്തുന്നത്. മിസൈലിന്റെ അവശിഷ്ടങ്ങള്‍ ഒരു മേഖലയിലാകെ ചിതറിക്കിടക്കുകയാണ്. ഒറേഷ്നിക്ക് മിസൈലുകളെ ലോകത്തെ ഒരു പ്രതിരോധ സംവിധാനത്തിനും തടയാന്‍ കഴിയില്ലെന്ന് പുടിന്‍ അവകാശപ്പെട്ടിരുന്നു.

നിരവധി ആണവായുധങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഈ മിസൈലുകള്‍ അയച്ച റഷ്യയുടെ നടപടിയെ യുക്രൈന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ സെലന്‍സ്‌ക്കി അപലപിച്ചു. സഖ്യകക്ഷികള്‍ ഇക്കാര്യം ഗൗരവകരമായികാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം റഷ്യയിലേക്ക് യുക്രെയിന്‍ അമേരിക്കയും ബ്രിട്ടനും നിര്‍മ്മിച്ച മിസൈലുകള്‍ പ്രയോഗിച്ച സാഹചര്യത്തിലാണ് തിരിച്ചടിച്ചത് എന്നാണ് റഷ്യന്‍ സൈനിക വൃത്തങ്ങള്‍ പറയുന്നത്.

തങ്ങളുടെ ആണവ മിസൈലുകള്‍ക്ക് 20 മിനിട്ട് കൊണ്ട് ബ്രിട്ടന്റെ തലസ്ഥാനമായ ലണ്ടനില്‍ എത്താന്‍ കഴിയുമെന്ന് നിരവധി തവണ റഷ്യ മുന്നറിയിപ്പ് നല്‍കിയിരുന്നു. യുക്രൈന് ദീര്‍ഘദൂര മിസൈലുകള്‍ നല്‍കിയ അമേരിക്കയുടേയും ബ്രിട്ടന്റെയും നടപടിയെ റഷ്യ ചോദ്യം ചെയ്തിരുന്നു. ശബ്ദത്തേക്കാള്‍ അഞ്ചിരട്ടി വേഗത്തില്‍ സഞ്ചരിക്കുന്ന മിസൈലുകളാണ് തങ്ങളുടെ കൈവശം ഉള്ളതെന്നും റഷ്യന്‍ സൈനിക നേതൃത്വം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തിന് ശേഷം റഷ്യ നടത്തിയ ഡ്രോണ്‍ ആക്രമണങ്ങളില്‍ യുക്രെനിലെ നിരവധി തുറമുഖങ്ങള്‍ക്ക് കാര്യമായ കേടുപാടുകള്‍ സംഭവിച്ചിരുന്നു.