ആലപ്പുഴ: 'ബൈക്ക് നിര്‍ത്തി ഇറങ്ങി നോക്കിയപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന രണ്ടു പേരെ ഒരുനോക്കു കണ്ടു, പക്ഷേ സഹപാഠികളാണെന്നു തിരിച്ചറിയാനായില്ല', തന്റെ കണ്‍മുന്നില്‍ രക്തത്തില്‍ കുളിച്ചു കിടന്നത് സഹപാഠികളാണെന്ന് തിരിച്ചറിഞ്ഞില്ലെന്ന് പറയുമ്പോള്‍ ആലപ്പുഴ ഗവ. മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥി കോഴിക്കോട് സ്വദേശി അശ്വിത്തിന് ഇപ്പോഴും നടുക്കം മാറിയിട്ടില്ല.

അപകടത്തില്‍പ്പെട്ടത് തന്റെ കൂട്ടുകാരല്ലെന്ന വിശ്വാസത്തില്‍ തിയേറ്ററിലേക്ക് യാത്ര തുടര്‍ന്നെന്നും എവിടെ എത്തിയെന്ന് തിരക്കുന്നതിനു പലരുടെയും നമ്പറിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും ആരുമെടുത്തില്ലെന്നും അശ്വിത്ത് പറയുന്നു. അപകടം നടന്ന കളര്‍കോട് ഭാഗത്ത് വാഹനങ്ങള്‍ പോലീസ് വഴിതിരിച്ചു വിടുന്നതുകണ്ട് ഇറങ്ങി നോക്കി. സഹപാഠികള്‍ പോയത് ടവേരയിലാണെന്ന് അറിയുന്നതിനാല്‍ അടുത്തുചെന്നു നോക്കി. അന്നേരം, വാഹനം വെട്ടിപ്പൊളിച്ച് ഉള്ളിലുള്ളവരെ പുറത്തെടുക്കുകയായിരുന്നു.

കൂട്ടുകാര്‍ മരണത്തിലേക്കു സഞ്ചരിച്ച രാത്രിയില്‍ അവര്‍ക്കു പിന്നില്‍ ബൈക്കില്‍ അശ്വിത്തുമുണ്ടായിരുന്നു; സിനിമ കാണാന്‍. തിയറ്ററിലേക്കുള്ള യാത്രയ്ക്കിടെ ഒരു വാഹനം അപകടത്തില്‍പ്പെട്ടു തകര്‍ന്നു കിടക്കുന്നതു കണ്ടു. ബൈക്ക് നിര്‍ത്തി ഇറങ്ങി നോക്കി. ചോരയില്‍ കുളിച്ചു കിടക്കുന്ന രണ്ടു പേരെ ഒരുനോക്കു കണ്ടു. പക്ഷേ സഹപാഠികളാണെന്നു തിരിച്ചറിയാനായില്ലെന്ന് അശ്വിത്ത് പറയുന്നു.

ആദ്യം കണ്ടത് മുഹമ്മദ് ഇബ്രാഹിമിനെയാണ്. പക്ഷേ മനസ്സിലായില്ല. മുഹമ്മദ് ഇബ്രാഹിം ഇവര്‍ക്കൊപ്പമെത്തിയിട്ട് 20 ദിവസമേ ആയിരുന്നുള്ളൂ. രക്തത്തില്‍ കുളിച്ചുകിടന്ന ആരെയും തിരിച്ചറിയാനായില്ലെന്ന് അശ്വിത്ത് പറഞ്ഞു. സിനിമയ്ക്ക് കൂട്ടുകാര്‍ക്കൊപ്പം കാറില്‍ പോകാനാണ് തീരുമാനിച്ചിരുന്നെങ്കിലും വീട്ടില്‍നിന്ന് ഫോണ്‍ വന്നതാണ് യാത്ര ബൈക്കിലാക്കാന്‍ കാരണമെന്ന് അശ്വിത്ത് പറയുന്നു. സംസാരം നീണ്ടപ്പോള്‍ വൈകിയാലോ എന്നു കരുതി ഒപ്പമുള്ളവരോടു പുറപ്പെട്ടോളാന്‍ പറഞ്ഞു. അശ്വിത്ത് തനിച്ചാകുമല്ലോ എന്നുകരുതി കാറില്‍ ദേവദീപും കയറിയില്ല. തങ്ങള്‍ ബൈക്കില്‍ വന്നോളാമെന്ന് ഇവര്‍ മറ്റുള്ളവരോടു പറഞ്ഞു.

അപകടത്തില്‍പ്പെട്ടത് കൂട്ടുകാരല്ലെന്ന വിശ്വാസത്തില്‍ ഇരുവരും കളര്‍കോട് നിന്ന് യാത്ര തുടര്‍ന്നു. എവിടെ എത്തിയെന്ന് തിരക്കുന്നതിനു പലരുടെയും നമ്പറിലേക്ക് തുടര്‍ച്ചയായി വിളിച്ചെങ്കിലും ആരുമെടുത്തില്ല. അപ്പോഴേക്കും സമയം 9.45 ആയി. സിനിമ തുടങ്ങിക്കാണുമെന്നു കരുതി. ഒടുവില്‍, എല്ലാവരും ഒരുപോലെ ഫോണെടുക്കാതിരിക്കുമോ എന്ന സംശയത്തില്‍ ഇവര്‍ കോളേജിലേക്കു തിരികെപ്പോയി.

പരിക്കേറ്റവരെ കൊണ്ടുപോയ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തിലെത്തിയപ്പോള്‍ ആദ്യം മുഹമ്മദ് ഇബ്രാഹിമിന്റെയും മുഹമ്മദ് അബ്ദുള്‍ ജബ്ബാറിന്റെയും ശരീരങ്ങളാണു കണ്ടത്. അപ്പോഴും ഇവര്‍ തിരിച്ചറിഞ്ഞില്ല. ഫുട്ബാള്‍ കളിക്കാന്‍ പോയ ഏതോ യുവാക്കള്‍ അപകടത്തില്‍പ്പെട്ടതെന്നാണ് ആശുപത്രിക്കാരും കരുതിയിരുന്നത്. തൊട്ടടുത്ത് കിടത്തിയിരുന്ന മറ്റൊരാളെ കണ്ടപ്പോഴാണ് ശ്രീദീപാണെന്നും മറ്റുള്ളവര്‍ സഹാപാഠികളാെണന്നും മനസ്സിലായത്. അശ്വിത്ത് പേയിങ് ഗസ്റ്റായി പുറത്താണ് താമസിക്കുന്നത്. ബാക്കിയുള്ളവര്‍ കോളേജ് ഹോസ്റ്റലിലും.

നടുക്കം മാറാതെ അശ്വിത്ത് പറയുന്നത്:

അനാട്ടമിയുടെ സ്‌പോട്ടിങ് ടെസ്റ്റ് കഴിഞ്ഞതിനാല്‍ ഹോസ്റ്റലിലെ എല്ലാവരും ചേര്‍ന്നു സിനിമയ്ക്കു പോകാന്‍ തീരുമാനിച്ചു. ഞാന്‍ പുറത്ത് പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. എന്നെയും വിളിച്ചു. രാത്രി അവര്‍ കാറില്‍ വരുമ്പോള്‍ ഞാന്‍ ഫോണ്‍ ചെയ്യുകയായിരുന്നു. വണ്ടി നിറയെ ആളായതിനാല്‍ ഞാന്‍ പിറകെ ബൈക്കില്‍ വരാമെന്നു പറഞ്ഞു. കാര്‍ ഏതെന്നു കാര്യമായി ശ്രദ്ധിച്ചില്ല. ആ വണ്ടിയില്‍ കയറാനൊരുങ്ങിയ ദേവാനന്ദ് എന്ന സുഹൃത്തിനെ എന്റെ കൂടെ ബൈക്കില്‍ കൂട്ടി. 8.45നാണ് മെഡിക്കല്‍ കോളജ് ഹോസ്റ്റലില്‍ നിന്നു പുറപ്പെട്ടത്. 9.30നായിരുന്നു ഷോ.

കളര്‍കോട് എത്തിയപ്പോള്‍ ഒരു കാര്‍ ബസിലിടിച്ചു കിടക്കുന്നതു കണ്ടു. ഇറങ്ങി നോക്കിയപ്പോള്‍ രണ്ടു പേരെ കണ്ടു. പക്ഷേ ആളെ മനസ്സിലായില്ല. അപ്പോഴേക്കും ആംബുലന്‍സ് എത്തി. ഞങ്ങള്‍ നേരെ തിയറ്ററിലേക്കു പോയി. കൂട്ടുകാര്‍ എത്താതായപ്പോള്‍ സംശയമായി. ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ഉടന്‍ അപകട സ്ഥലത്തെത്തി. എല്ലാവരെയും മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു കൊണ്ടുപോയി എന്നറിഞ്ഞു. അത്യാഹിത വിഭാഗത്തിലെത്തിയപ്പോഴാണ് അപകടത്തില്‍ പെട്ടത് അവര്‍ തന്നെയാണെന്നു മനസ്സിലായത്.

ക്ലാസ് തുടങ്ങിയിട്ട് ഒന്നര മാസമേ ആയിട്ടുള്ളു. പലരെയും പരിചയപ്പെട്ടു വരുന്നതേയുള്ളു. മുഹമ്മദ് ഇബ്രാഹിമിന്റെയും ആല്‍വിന്‍ ഷാജിയുടെയും മൃതദേഹങ്ങളാണ് അപകട സ്ഥലത്തു കണ്ടതെന്നു പിന്നീടാണു മനസ്സിലായത്. 20 ദിവസം മുന്‍പു ക്ലാസിലെത്തിയ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെ അടുത്തു പരിചയമുണ്ടായിരുന്നില്ല. ആല്‍വിന്റെ മുഖമാകട്ടെ തിരിച്ചറിയാന്‍ വയ്യാത്ത നിലയിലുമായിരുന്നു.