കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്ന വിവരം ഉടന്‍ പൊലീസിനെ അറിയിച്ചില്ലെന്ന പേരില്‍ അമ്മയ്‌ക്കെതിരെ എടുത്ത പോലിസ് കേസ് ഹൈക്കോടതി റദ്ദാക്കി. ഇത്തരത്തില്‍ കേസെടുക്കുന്നത് ആഴത്തിലുള്ള മുറിവില്‍ മുളകു പൊടി വിതറുന്നതു പോലെയാണെന്നു ഹൈക്കോടതി വ്യക്തമാക്കി. പതിനേഴുകാരിയായ മകള്‍ 18 ആഴ്ച ഗര്‍ഭിണിയാണെന്നത് ഉടന്‍ പൊലീസിനെ അറിയിച്ചില്ലെന്ന പേരില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ നിയമപ്രകാരമെടുത്ത കേസ് റദ്ദാക്കിയാണു ജസ്റ്റിസ് എ.ബദറുദ്ദീന്റെ ഉത്തരവ്. തൃശൂര്‍ അഡീഷനല്‍ ജില്ല കോടതിയിലെ തുടര്‍ നടപടികളാണു റദ്ദാക്കിയത്.

2021 ലാണ് കേസിനാസ്പദമായ സംഭവം. വയറു വേദനയെ തുടര്‍ന്നു മേയ് 31 ന് അമ്മ മകളുമായി ആശുപത്രിയില്‍ പരിശോധനയ്ക്ക് എത്തി. ഡോക്ടറുടെ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭണിയാണെന്ന് അറിഞ്ഞത്. തുടര്‍ന്നു മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്തു. എന്നാല്‍ മാതാവ് കുട്ടിയെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. ജൂണ്‍ 3 ന് ഡോക്ടര്‍ പൊലീസിനെ വിവരം അറിയിച്ചു. പിറ്റേന്നു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. അമ്മയുടെ സാന്നിധ്യത്തില്‍ കുട്ടിയുടെ മൊഴിയെടുത്താണ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ പോലിസ് കുട്ടിയുടെ അമ്മയേയും പ്രതിയാക്കി.

കുട്ടിയെ പീഡനത്തിനിരയാക്കിയാളാണ് ഒന്നാം പ്രതി. വിവരം അറിയിച്ചില്ലെന്നതിന്റെ പേരില്‍ അമ്മയെ രണ്ടാം പ്രതിയുമാക്കി. എന്നാല്‍ ഈ കേസില്‍ അമ്മ മനഃപൂര്‍വമാണു വിവരം പൊലീസിനെ അറിയിക്കാതിരുന്നതെന്നു പറയാനാവില്ലെന്നു കോടതി പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത മകള്‍ ഗര്‍ഭിണിയാണെന്നതറിയുമ്പോഴുളള അമ്മയുടെ ഞെട്ടലും മാനസിക വ്യവസ്ഥയും കണക്കിലെടുക്കണമെന്നു ഹര്‍ജിക്കാരിയുടെ അഭിഭാഷകന്‍ വാദിച്ചു. ഈ വാദങ്ങള്‍ കോടതി കണക്കിലെടുത്തു.