- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
50,000 ഫോണ്‍കോളുകളും 19,000 വാഹനങ്ങളും പരിശോധിച്ച് കെഎല്‍ 18 ആര്‍ 1846 എന്ന നമ്പറിലെ സ്വിഫ്റ്റ് കാറില്‍ അന്വേഷണം എത്തി; ദൃഷാനെയെ കോമയിലാക്കിയ അപകട വീരന് കാറിന്റെ പരിക്ക് മാറ്റാന്‍ ഇന്‍ഷുറന്‍സ് ക്ലെയിമിന് അപേക്ഷിച്ചു; ഗള്‍ഫിലേക്ക് മുങ്ങിയ പുറമേരിക്കാരന്‍ ഷജിലിനെ കുടുക്കിയത് ഈ അതിമോഹം; ആ കാറിനെ പോലീസ് കണ്ടെത്തിയ കഥ
ആ കാറിനെ പോലീസ് കണ്ടെത്തിയ കഥ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കോമാവസ്ഥയില്‍ തുടരുന്ന ഒന്‍പതുകാരി ദൃഷ്യാനയെ ഇടിച്ചിട്ട കാര്‍ പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത് ഒന്‍പത് മാസത്തോളം നീണ്ട അന്വേഷണത്തിന് ഒടുവില്‍. ഇന്‍ഷുറന്‍സ് ക്ലെയിമിനായി കാര്‍ ഉടമ ശ്രമിച്ചതാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്. വടകര പുറമേരി സ്വദേശി ഷജീല്‍ എന്നയാള്‍ ഓടിച്ച കെഎല്‍ 18 ആര്‍ 1846 എന്ന കാറാണ് വടകരയില്‍ കുട്ടിയെ ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതെന്ന് വടകര റൂറല്‍ എസ്പി മാധ്യമങ്ങളോട് പറഞ്ഞു. കുട്ടിയെ ഇടിച്ചിട്ട ശേഷം ഊടുവഴിയിലൂടെ രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം വാഹനത്തിന്റെ രൂപം മാറ്റിയതായും വിദേശത്തുള്ള പ്രതിയെ ഉടന്‍ നാട്ടിലെത്തിക്കുമെന്നും എസ്പി മാധ്യമങ്ങളോട് പറഞ്ഞു. ഇയാള്‍ക്കെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യ ചുമത്തിയെന്നും എസ് പി പറഞ്ഞു.
അപകടത്തിനുശേഷം അജ്ഞാതനെതിരെ വിവിധ കേസുകള്‍ എടുത്ത് അന്വേഷണം ആരംഭിച്ചിരുന്നതായി എസ്പി പറഞ്ഞു. രാത്രി ഒന്‍പതുമണിയോടെയാണ് അപകടം ഉണ്ടായത്. അതുകൊണ്ട് തന്നെ സാക്ഷികള്‍ക്കൊന്നും വാഹനത്തിന്റെ നമ്പര്‍ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൃത്യമായ വിവരം നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ തന്നെ അപകടസ്ഥസലത്തെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിരുന്നില്ല. ഇത് അന്വേഷണത്തിന് പ്രതിസന്ധിയായെന്നും എസ്്പി പറഞ്ഞു.
ഡിവൈഎസ്്പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വഷണ സംഘമാണ് അന്വേഷണം നടത്തിയത്. 40കിലോമീറ്റര്‍ ചുറ്റളവിലുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്നേദിവസം തന്നെ ശേഖരിച്ചിരുന്നു. ദൃശ്യങ്ങളെല്ലാം വിശദമായി പഠനങ്ങള്‍ക്ക് വിധേയമാക്കിയെങ്കിലും കാര്യമായ ഒന്നും കിട്ടിയിരുന്നില്ല. കാസര്‍കോട്, കണ്ണൂര്‍, വയനാട് ജില്ലകളിലെല്ലാം ചെന്ന് നേരിട്ട് അന്വേഷണം നടത്തി. 50,000 കോളുകള്‍ പരിശോധിച്ചു. കേസില്‍ അപകടം ഉണ്ടാക്കിയത് വെള്ളക്കാറാണ് എന്നതായിരുന്ന ഏക ക്ലൂ. മാരുതി സ്വിഫ്റ്റ് കാറാണെന്നും മനസിലാക്കി. 2011-2018ല്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്ത് 19000ത്തോളം വരുന്ന അത്തരം വാഹനങ്ങള്‍ പരിശോധിച്ചു. കെഎല്‍ 18 രജിസ്ട്രേഷനിലുള്ളവ കൂടുതലായി പരിശോധിച്ചു. കൂടാതെ റിപ്പയറിങിനായി എത്തിയോ എന്നറിയാന്‍ 500ലധികം വര്‍ക് ഷോപ്പുകളിലും പരിശോധന നടത്തിയെന്ന് എസ്പി പറഞ്ഞു.
2024 മാര്‍ച്ച് മാസത്തില്‍ ഒരുമതിലിന് ഇടിച്ച് അപകടം പറ്റി എന്ന രീതിയില്‍ ഒരു മാരുതി സിഫ്റ്റ് കാര്‍ ഇന്‍ഷൂറന്‍സ് ക്ലെയിം എടുത്തതായി കണ്ടെത്തി. അത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അപകടം ഉണ്ടാക്കിയ കാര്‍ കണ്ടെത്തിയത്. അപകടത്തിന് പിന്നാലെ കാര്‍ രൂപമാറ്റം വരുത്തുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധന നടത്തി. അപകടസമയത്ത് ഈ വാഹനം വടകര ദേശീയപാതയിലൂടെ പോയതായി കണ്ടെത്തി. അന്നേദിവസം ഷജീല്‍ എന്ന ആര്‍സി ഓണറാണ് വണ്ടി ഓടിച്ചതെന്നും എസ്പി പറഞ്ഞു. അപകടം ഉണ്ടായിട്ട് നിര്‍ത്താതെ പോകുകയും തിരിച്ചറിയാതിരിക്കാനായി വണ്ടിയില്‍ മോഡിഫിക്കേഷന്‍ ചെയ്യുകയും ചെയ്തിരുന്നു. അപകടം ഉണ്ടാക്കിയ കാര്‍ പിടിച്ചെടുത്തതായും എസ്പി പറഞ്ഞു. വാഹനം ഓടിച്ച ഷജീല്‍ ഇപ്പോള്‍ യുഎഇയിലാണുള്ളത്. പ്രതിയെ ഉടനെ നാട്ടിലെത്തിക്കുമെന്നും എസ്പി പറഞ്ഞു.
ലോക്കല്‍ പൊലീസ് അന്വേഷിച്ചിട്ടും കാര്‍ കണ്ടെത്താന്‍ കഴിയാതെ വന്നതോടെയാണ് കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത്. സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസെടുത്തിരുന്നു. ഫെബ്രുവരി 17 ന് ആണ് ചോറോട് റെയില്‍വേ ഗേറ്റിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ദൃഷാനയെയും അമ്മൂമ്മ ബേബിയെയും അമിത വേഗത്തില്‍ വന്ന കാര്‍ ഇടിച്ചുതെറുപ്പിച്ചത്. ബേബി സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു.
ഷജീല്‍ കുടുംബവുമായി സഞ്ചരിക്കവേയാണ് കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റെയും സ്മിതയുടെയും മകള്‍ ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62)യെയും ഇടിച്ചിട്ടത്. അപകടത്തില്‍ ബേബി മരിച്ചു. ഈ വര്‍ഷം ഫെബ്രുവരി 17ന് നടന്ന അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
നടത്തിയത് വിശദമായ അന്വേഷണം
ഡി.വൈ.എസ്.പി ബെന്നിയുടെ നേതൃത്വത്തില്‍ പ്രത്യേകാന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. അപകടം നടന്നതിന്റെ 40 കി.മീ ചുറ്റളവിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ ഫെബ്രുവരിയില്‍ തന്നെ പൊലീസ് ശേഖരിച്ചിരുന്നു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലയിലെ 500 വര്‍ക് ഷോപ്പുകള്‍ കേന്ദ്രീകരിച്ചും പരിശോധന നടത്തി. 50,000 കോള്‍ ഡിറ്ററയില്‍സ് പരിശോധിച്ചു. മാരുതി സ്വിഫ്റ്റ് കാറാണെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് 19,000 വാഹന രജിസ്‌ട്രേഷനുകളും പരിശോധിച്ചു. വണ്ടിക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇന്‍ഷുറന്‍സ് ക്ലെയിം തേടിയിട്ടുണ്ടാകുമെന്ന നിഗമനത്തില്‍ വിവിധ ക്ലെയിമുകളും പരിശോധിച്ചു. ഒടുവില്‍ 2024 മാര്‍ച്ചില്‍ മതിലിലിടിച്ചു എന്ന പേരില്‍ ഒരു സ്വിഫ്റ്റ് കാര്‍ ക്ലെയിം ചെയ്തതായി കണ്ടെത്തി. തുടര്‍ന്ന് ഇത് കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം ഇതുതന്നെയാണെന്ന് സ്ഥിരീകരിച്ചത്.
സംഭവദിവസം ഈ വാഹനം വടകര -തലശ്ശേരി റോഡില്‍ ഈ കാര്‍ യാത്ര പോയിരുന്നതായും കണ്ടെത്തി. അപകടത്തില്‍ ഗുരുതര പരിക്കേറ്റ് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുവീട്ടിലേക്ക് പോകാനായി ബസ്സിറങ്ങി റോഡ് മുറിച്ചു കടക്കുന്നതിനിടെ വടകരക്ക് സമീപം ചോറോട് അമൃതാനന്ദമയീമഠം സ്റ്റോപ്പില്‍ രാത്രി ഒമ്പതുമണിയോടെയായിരുന്നു അപകടം. ദൃഷാനയെയും അമ്മൂമ്മ തലശ്ശേരി പന്ന്യന്നൂര്‍ പഞ്ചായത്ത് ഓഫീസിനുസമീപം പുത്തലത്ത് ബേബി (62)യെയും ഇടിച്ചിട്ട് കാര്‍ കടന്നുപോവുകയായിരുന്നു. അപകടത്തില്‍ അമ്മൂമ്മ മരണപ്പെട്ടു. വെള്ളനിറത്തിലുള്ള കാറാണ് ഇവരെ ഇടിച്ചുവീഴ്ത്തിയത്.
ആദ്യം വടകര പോലീസും പിന്നെ ക്രൈംബ്രാഞ്ചുമാണ് കേസ് അന്വേഷിച്ചത്. അപകടം നടന്നശേഷം പോലീസ് സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചിരുന്നെങ്കിലും തെളിവൊന്നും കിട്ടിയിരുന്നില്ല. പിന്നീട് അന്വേഷണം ഇഴഞ്ഞു. ഇതോടെ ബന്ധുക്കള്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുളളവര്‍ക്ക് പരാതി നല്‍കി. തുടര്‍ന്നാണ് വീണ്ടും അന്വേഷണം ഊര്‍ജിതമായത്. വിഷയത്തില്‍ ഹൈകോടതിയും മനുഷ്യാവകാശ കമ്മിഷനുമെല്ലാം ഇടപെട്ടിരുന്നു. സര്‍ക്കാരില്‍ നിന്നും ഹൈക്കോടതി അടിയന്തര റിപ്പോര്‍ട്ട് തേടിയിരുന്നു. എത്രയും പെട്ടന്ന് കാര്‍ കണ്ടെത്താന്‍ പൊലീസിന് നിര്‍ദേശവും നല്‍കുകയും ചെയ്തിരുന്നു. ഇതോടെയാണ് അന്വേഷണം കാര്യക്ഷമമായത്. ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ പൊരുതുകയാണ് ദൃഷാന.