ഡമാസ്‌കസ്: സിറിയന്‍ തലസ്ഥാനമായ ഡമാസ്‌കസ് പിടിച്ചെടുത്തതോടെ 24 വര്‍ഷത്തെ അടിച്ചമര്‍ത്തല്‍ ഭരണത്തിന് വിരാമമിട്ട് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് കുടുംബത്തോടെ നാടുവിട്ടതിന്റെ ആശ്വാസത്തിലാണ് സിറിയന്‍ ജനത. രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹിംസ് കീഴടക്കിയ ശേഷമാണ് പ്രതിപക്ഷ സേന ഡമസ്‌കസ് ലക്ഷ്യമാക്കി നീങ്ങിയത്. പ്രധാന നഗരങ്ങളില്‍നിന്ന് സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങിയതോടെ രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുക്കാനായി. അസദിന്റെ പതനം ലോകമെമ്പാടുമുള്ള സിറിയക്കാര്‍ ആഘോഷിക്കുകയാണ്.

അസദ് ഭരണകൂടത്തെ വിമത സേന വീഴ്ത്തിയത് പടക്കംപൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ഒരു വിഭാഗം ആഘോഷമാക്കിയത്. ഇതേ സമയം വിമതര്‍ രാജ്യം പിടിച്ചതോടെ സിറിയന്‍ ജയിലില്‍ നിന്നും ആയിരക്കണക്കിന് തടവുകാരെയാണ് മോചിപ്പിച്ചത്. വര്‍ഷങ്ങളോളം ഏകാന്ത തടവിന് അടക്കം വിധിക്കപ്പെട്ടവര്‍ ഇരുട്ടറയില്‍ നിന്നും മോചിപ്പിക്കപ്പെട്ടതോടെ വര്‍ഷങ്ങള്‍ക്കുശേഷം സൂര്യവെളിച്ചം കാണുന്നതിന്റെ ആഹ്ലാദത്തിലാണ് അവര്‍. വിമതസേന പിടിച്ചടക്കും മുമ്പ് ബാഷര്‍ അല്‍ അസദ് സിറിയ വിട്ടിരുന്നു. അസദും കുടുംബവും റഷ്യയിലാണ് അഭയം തേടിയിരിക്കുന്നത്.

സര്‍ക്കാറിന്റെ പതനം ഉറപ്പായതോടെ, വിമതസംഘം ജയിലുകളിലെത്തി തടവുകാരെ ഒന്നൊന്നായി മോചിപ്പിക്കുകയായിരുന്നു. ഒരിക്കല്‍ കൂടി ഭൂമിയില്‍ പിറവിയെടുത്ത പ്രതീതിയാണ് ജയില്‍ മോചനം യാഥാര്‍ഥ്യമായപ്പോള്‍ ഉണ്ടായതെന്ന് വര്‍ഷങ്ങളോളം സിറിയന്‍ തടവറയില്‍ കഴിഞ്ഞ ഹാല പറയുന്നു. 136,614 പേരെയാണ് സര്‍ക്കാര്‍ വിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ തടവിലിട്ടത്. അസദ് ഭരണകൂടത്തെ സഹായിക്കുന്ന പ്രധാന സ്തംഭങ്ങളിലൊന്നായിരുന്നു സിറിയയിലെ ജയിലുകള്‍. കൊടിയ മര്‍ദനമുറകളും പട്ടിണിയുമാണ് ജയിലുകളില്‍ തടവുകാര്‍ അനുഭവിച്ചത്. മര്‍ദനത്തിനൊടുവില്‍ ജയിലറക്കുള്ളില്‍ 16 കാരി കൊല്ലപ്പെട്ട സംഭവവും ഹാല ഓര്‍ത്തെടുത്തു. വിവാഹം കഴിഞ്ഞ് രണ്ടുമാസത്തിന് ശേഷമാണ് ആ പെണ്‍കുട്ടി ജയിലിലായത്. യൂണിവേഴ്‌സിറ്റിയില്‍ പ്രതിഷേധം നടത്തിയവര്‍ക്കൊപ്പമാണ് അവളെയും അറസ്റ്റ് ചെയ്ത്‌കൊണ്ടുവന്നത്.


ഹാല പറയുന്നു


'എനിക്ക് പേരില്ല, 1100 എന്നാണ് വിളിച്ചിരുന്നത്' ഹാല അനുഭവം പങ്കുവെച്ചു. കുറെകാലം നമ്പറുകളാല്‍ അറിയപ്പെട്ടതു കൊണ്ടാകണം യഥാര്‍ഥ പേരു പറയാന്‍ ഹാല ഇപ്പോഴും ഭയക്കുകയാണ്. സിറിയയില്‍ വിമതര്‍ അധികാരം പിടിച്ചതോടെ ഹാലയുള്‍പ്പെടെ ആയിരക്കണക്കിന് തടവുകാരെയാണ് മോചിപ്പിച്ചത്. 2019ലാണ് അസദ് ഭരണകൂടം ഭീകരക്കുറ്റമാരോപിച്ച് ഹാലയെ അറസ്റ്റ് ചെയ്തത്. സര്‍ക്കാറിനെ എതിര്‍ക്കുന്നവര്‍ക്കും ചാര്‍ത്തിക്കിട്ടുന്ന മുദ്രയാണാ ഭീകരക്കുറ്റം. അലപ്പോയിലേക്കാണ് ഹാലയെ കൊണ്ടുപോയത്. അതിനു ശേഷം നിരവധി ജയിലുകളില്‍ കഴിഞ്ഞുവെന്നും ഹാല പറയുന്നു.


സാഫിയുടെ ഓര്‍മകള്‍

ജയിലിലെ ഓര്‍മകള്‍ ഒരിക്കലും മായ്ച്ചുകളയാന്‍ പറ്റില്ലെന്ന് 49 വയസുള്ള സാഫി അല്‍ യാസിന്‍ പറയുന്നു. അലപ്പോയിലെ ജയിലില്‍ നിന്നാണ് സാഫിയെ വിമതര്‍ മോചിപ്പിച്ചത്. താന്‍ കഴിഞ്ഞ ജയിലില്‍ 5000ത്തോളം തടവുകാരുണ്ടായിരുന്നുവെന്നും സാഫി പറഞ്ഞു. കൊല്ലപ്പണിക്കാരനായിരുന്നു ഇദ്ദേഹം. 2011ലെ ജനകീയ പ്രക്ഷോഭത്തില്‍ പങ്കെടുത്തതിന് 31 വര്‍ഷത്തെ തടവിനാണ് ഇദ്ദേഹത്തെ ശിക്ഷിച്ചിരുന്നത്. 13 വര്‍ഷമായി ജയിലില്‍ കഴിയുന്നു. ഇക്കാലയളവില്‍ ശാരീരികമായും മാനസികമായും കൊടിയ പീഡനങ്ങള്‍ക്കാണ് വിധേയമായത്. മരണംവരെ അതൊന്നും മനസില്‍ നിന്ന് മാഞ്ഞുപോകില്ലെന്നും അദ്ദേഹം പറയുന്നു.

43 വര്‍ഷം ഏകാന്ത തടവില്‍, സ്വാതന്ത്ര്യത്തിന്റെ സൂര്യവെളിച്ചത്തിലേക്ക് റായീദ് അല്‍-തതാരി

ഒരുപക്ഷേ ലോകത്ത് ഏറ്റവും കൂടുതല്‍ കാലം രാഷ്ട്രീയത്തടവുകാരനായി ജയിലില്‍ കഴിയേണ്ടിവന്ന തടവുകാരനാവും റായീദ് എന്നാണ് ലോകത്തെമ്പാടുമുള്ള മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറയുന്നത്. സിറിയയിലെ കുപ്രസിദ്ധമായ ജയിലുകളിലെല്ലാം ഏകാന്തതടവില്‍ കഴിഞ്ഞിട്ടുണ്ട് റായീദ്. സിറിയന്‍ വ്യോമസേനയില്‍ പൈലറ്റായിരുന്ന റായീദ് എന്തിനാണ് തടവിലാക്കപ്പെട്ടത് ഇന്നും ചുരുളഴിയാത്ത ഒരു സമസ്യയാണ്. പല കഥകളാണ് അതിനെപ്പറ്റി പറഞ്ഞുകേള്‍ക്കുന്നത്.

സഹപൈലറ്റിനെ സഹായിച്ചതിന്

1981-ല്‍ റായീദിനൊപ്പം ജോലി ചെയ്തിരുന്ന മറ്റൊരു പൈലറ്റ് ഒറു ഫൈറ്റര്‍ ജെറ്റില്‍ ജോര്‍ദാനിലേക്ക് കടന്നു. അതിന് സഹായം ചെയ്തുകൊടുത്തത് റായീദാണ് എന്നാരോപിച്ചാണ് ഭരണകൂടം അദ്ദേഹത്തെ തുറുങ്കിലടച്ചത്. ആദ്യ രണ്ടുകൊല്ലം അല്‍-മെയ്സാ ജയിലില്‍ ആയിരുന്ന റായീദിനെ പിന്നീട് കുപ്രസിദ്ധമായ തദ്മുര്‍ (പല്‍മയ്ര) ജയിലിലേക്ക് മാറ്റി. അവിടെ 2000 വരെ കിടന്നു. ശേഷം പീഡനങ്ങള്‍ക്ക് പേരുകേട്ട് സയിദ്നയ ജയിലിലേക്ക് മാറ്റി. 2011-ല്‍ ഡമാസ്‌കസിലെ ആദ്റ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുംവരെ അവിടെ തുര്‍ന്നു. എന്തിനായിരുന്നു ഇത്രയേറെ പീഡനങ്ങള്‍ റായീദ് സഹിക്കേണ്ടിവന്നത്, എന്നത് ഇന്നും പല കഥകള്‍ക്കും വഴിപാകുന്നുണ്ട്. ബാഷര്‍ അല്‍ അസദിന്റെ പിതാവും അദ്ദേഹത്തിന് മുമ്പ് സിറിയയുടെ പ്രസിഡന്റുമായിരുന്ന ഹാഫെസ് അല്‍-അസാദിന്റെ ക്രൂരസ്വഭാവത്തിന്റെ ഇരയായിരുന്നു റായീദ് എന്നാണ് അനൗദ്യോഗിക രേഖകളില്‍ പറയപ്പെടുന്നത്.

ഹമയില്‍ ബോംബിടാന്‍ വിസമ്മതിച്ചു

സിറിയന്‍ നഗരമായ ഹമയില്‍ ബോംബിടണം എന്ന ഹാഫെസിന്റെ നിര്‍ദേശം അനുസരിക്കാതിരുന്നതിനാണ് റായീദിനെ പ്രസിഡന്റ് ജയിലിലേക്ക് അയച്ചത് എന്നാണ് ഒരു കഥ. ഒരു നഗരം നശിപ്പിക്കണമെന്ന, ജനങ്ങളെ കൊന്നൊടുക്കണമെന്ന പ്രസിഡന്റിന്റെയും മേലുദ്യോഗസ്ഥരുടെയും നിര്‍ദേശം അനുസരിക്കാനോ പ്രതികരിക്കാനോ റായീദ് കൂട്ടാക്കിയില്ലത്രേ. ഇതിനെപ്പറ്റി പുറത്തുപറയാതിരിക്കാനാണ് റായീദിനെ ഉടനടി ജയിലിലേക്ക് മാറ്റിയത് എന്നാണ് പറയപ്പെടുന്നത്. അതേസമയം, ഹാഫെസ് അല്‍-അസദിന്റെ മൂത്തമകന്‍ ബേസില്‍ അല്‍-അസദിനെ കുതിരയോട്ടത്തില്‍ പരാജയപ്പെടുത്തിയതിനാണ് റായീദിനെ ജയിലിലടച്ചത് എന്നാണ് മറ്റൊരു കഥ.

സത്യം എന്തുതന്നെ ആയാലും, ഒരു നിമിഷം മാത്രമായിരുന്നു റായീദിന്റെ കുറ്റവിചാരണയ്ക്കായി കോടതി എടുത്ത സമയം. ആ ഒറ്റനിമിഷംകൊണ്ട് റായീദ് കുറ്റവാളിയായി മാറി, ആജീവനാന്തം തടവിന് വിധിക്കപ്പെട്ടു. ജയിലുകളില്‍ ആരോടും സംസാരിക്കാന്‍ അനുവാദമില്ലാതിരുന്ന റായീദ് തനിക്ക് ലഭിച്ച ഭക്ഷണാവശിഷ്ടങ്ങള്‍ കൊണ്ട് ചെറിയ രൂപങ്ങളും ചിത്രങ്ങളും വരച്ചാണ് തടവുകാലം കഴിച്ചുകൂട്ടിയത്. ഈ രൂപങ്ങള്‍വെച്ച് തന്റെ കുടുസുമുറിയില്‍ ചെസ് ചാമ്പ്യന്‍ഷിപ് വരെ കളിച്ചിരുന്നതായി റായീദ് പറയുന്നു. ഇരുട്ടുമുറിയില്‍ സൂര്യനെയും മനുഷ്യനെയും കാണാതെ കഴിച്ചുകൂട്ടിയ 43 വര്‍ഷങ്ങള്‍. ഒടുവില്‍, 1963-ല്‍ തുടങ്ങിയ ബാത്തിസ്റ്റുകളുടെ ഭരണക്കോയ്മയുടെ അവസാനം കുറിച്ച വിമതസമരം റായീദിന് സമ്മാനിച്ചത് സ്വാതന്ത്ര്യത്തിന്റെ സൂര്യവെളിച്ചമാണ്.

ഇനി വിമതരല്ല, ഭരണപക്ഷം

നവംബര്‍ 27-ന് തുടങ്ങിയ സര്‍ക്കാര്‍ വിരുദ്ധ ആക്രമണത്തിന്റെ 11-ാം ദിവസമാണ് വിമതര്‍ രാജ്യം പിടിച്ചത്. 24 വര്‍ഷത്തെ അടിച്ചമര്‍ത്തല്‍ ഭരണത്തിന് വിരാമമിട്ട് പ്രസിഡന്റ് ബാഷര്‍ അല്‍ അസദ് കുടുംബത്തോടെ നാടുവിട്ടതോടെ സിറിയയിലെ രാഷ്ട്രീയ തടവുകാരടക്കം മോചിപ്പിക്കപ്പെട്ടു.

2011ലെ പ്രക്ഷോഭത്തെ അതിജീവിച്ച് ഭരണത്തില്‍ തുടര്‍ന്ന ബാഷര്‍ അല്‍ അസദ് പൊടുന്നനെയുണ്ടായ എച്ച്.ടി.എസ് മുന്നേറ്റത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. നവംബര്‍ 27നാണ് എച്ച്.ടി.എസ് സര്‍ക്കാര്‍ സേനക്കെതിരെ അപ്രതീക്ഷിത പോരാട്ടത്തിന് തുടക്കം കുറിച്ചത്. മൂന്നു ദിവസത്തിനകം രാജ്യത്തെ രണ്ടാമത്തെ നഗരമായ അലപ്പോ കീഴടക്കി.

കഴിഞ്ഞദിവസം രാജ്യത്തെ മൂന്നാമത്തെ വലിയ നഗരമായ ഹിംസ് കീഴടക്കിയ ശേഷമാണ് പ്രതിപക്ഷ സേന ഡമസ്‌കസ് ലക്ഷ്യമാക്കി നീങ്ങിയത്. പ്രധാന നഗരങ്ങളില്‍നിന്ന് സര്‍ക്കാര്‍ സൈന്യം പിന്‍വാങ്ങിയതോടെ രക്തച്ചൊരിച്ചിലില്ലാതെ ഭരണം പിടിച്ചെടുക്കാനായി. 2018ല്‍ സര്‍ക്കാര്‍ സേന ഡമസ്‌കസ് നഗരത്തിന്റെ പൂര്‍ണ നിയന്ത്രണം വീണ്ടെടുത്തശേഷം ആദ്യമായാണ് പ്രതിപക്ഷ സേന ഇവിടെയെത്തുന്നത്.