കൊച്ചി: സംസ്ഥാനത്തെ പാതയോരങ്ങളില്‍ സ്ഥാപിച്ച അനധികൃത ഫ്‌ലക്‌സുകളും ബോര്‍ഡുകളും യുദ്ധകാലാടിസ്ഥാനത്തില്‍ നീക്കം ചെയ്ത സര്‍ക്കാരിന് ഹൈക്കോടതിയുടെ അഭിനന്ദനം. കോടതിയും സര്‍ക്കാര്‍ സംവിധാനങ്ങളും ഒരുമിച്ച ഈ കൂട്ടായ്മ ഇനിയും തുടര്‍ന്നാല്‍ നല്ല മാറ്റങ്ങളുണ്ടാകുമെന്നും കോടതി പറഞ്ഞു. അനധികൃത ബോര്‍ഡ് സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴ ഈടാക്കുന്ന നടപടിയില്‍ വിട്ട് വീഴ്ച ഉണ്ടാകരുതെന്നും ഇല്ലെങ്കില്‍ തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരില്‍ നിന്ന് പിഴ ഈടാക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

എന്നാല്‍ ഇത്തരമൊരു ഉത്തരവ് ഇട്ടതിന്റെ പേരില്‍ ജഡ്ജിമാരെ ചീത്ത വിളിക്കാനും അപഹസിക്കാനും ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ശ്രമിക്കുന്നുണ്ടെന്നും ഒരാളെ പോലും വെറുതെ വിടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി. അനധികൃത ബോര്‍ഡുകളും ഫ്‌ലക്‌സുകളും നീക്കം ചെയ്യുന്ന പരിപാടി തുടരണമെന്നും ഒരു വിധത്തിലും ഇക്കാര്യത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും കോടതി നിര്‍ദേശിച്ചു.

അനധികൃത ബോര്‍ഡുകളും ഫ്‌ലക്‌സുകളും കൊടികളും വച്ചാല്‍ ഓരോന്നിനും 5000 രൂപ വീതം പിഴയീടാക്കണം. ഈ പിഴ ഈടാക്കിയില്ലെങ്കില്‍ തദ്ദേശവകുപ്പ് സെക്രട്ടറിമാരുടെ ശമ്പളത്തില്‍നിന്ന് ഈടാക്കും. ഇത്തരത്തില്‍ അനധികൃത ബോര്‍ഡുകളും മറ്റും വച്ച് പരിപാടികള്‍ നടത്തുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണം. പിഴയ്ക്കു പുറമെ ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാനും നശിപ്പിക്കാനുമുള്ള ചെലവുകളും ഈടാക്കണം.

ഈ പദ്ധതി മുന്നോട്ടു നടത്തുന്നതിനു സര്‍ക്കാര്‍ പുതിയ സര്‍ക്കുലര്‍ ഇറക്കണം. ഇത്തരത്തില്‍ അനധികൃത ബോര്‍ഡുകളും മറ്റും സ്ഥാപിക്കുന്നവര്‍ക്കെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ തദ്ദേശ സെക്രട്ടറിമാര്‍ ആവശ്യപ്പെട്ടാല്‍ കാലതാമസം കൂടാതെ അത് ചെയ്യാന്‍ എല്ലാ എസ്എച്ച്ഒമാരെയും ചുമതലപ്പെടുത്തി സര്‍ക്കുലര്‍ പുറത്തിറക്കാന്‍ സംസ്ഥാന പൊലീസ് മേധാവിക്കും കോടതി നിര്‍ദേശം നല്‍കി.

ഇന്നു വരെയായിരുന്നു അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്യാന്‍ കോടതി അനുവദിച്ചിരുന്ന തീയതി. കേസ് പരിഗണിച്ചപ്പോള്‍ ഇതൊരു ദൗത്യമായി കണ്ട് സര്‍ക്കാര്‍ മികച്ച രീതിയില്‍ നടപടിയെടുത്തു എന്ന് അമിക്കസ് ക്യൂറി ഹരീഷ് വാസുദേവന്‍ കോടതിയെ അറിയിച്ചു. സര്‍ക്കാര്‍ ദൗത്യത്തെ കോടതി അഭിനന്ദിച്ചു. തുടര്‍ന്ന് തദ്ദേശവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഷര്‍മിള മേരി ജോസഫ് വകുപ്പ് സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി.

ഡിസംബര്‍ 10നും 12നും രണ്ട് സര്‍ക്കുലറുകള്‍ ഇറക്കിയെന്നും ഇതു തദ്ദേശ വകുപ്പിനും മറ്റു വകുപ്പുകള്‍ക്കും ബാധകമാണെന്നും അറിയിച്ചു. കോടതി ഉത്തരവ് പുറത്തുവന്ന് ഒരാഴ്ചയ്ക്കുള്ളില്‍ ആകെ 95,000ത്തിലധികം അനധികൃത ബോര്‍ഡുകളും മറ്റും പൊതുസ്ഥലങ്ങളില്‍നിന്ന് നീക്കി. പിഴയായി 95 ലക്ഷം രൂപ ചുമത്തി. ഇതില്‍ 14 ലക്ഷം രൂപ ഇതിനകം ലഭിച്ചെന്നും അവര്‍ അറിയിച്ചു.

തിരുവനന്തപുരം നഗരത്തില്‍നിന്നു മാത്രം 9 ടണ്‍ അനധികൃത ബോര്‍ഡുകളും മറ്റും നീക്കം ചെയ്തു. പുനരുപയോഗിക്കാവുന്നവ ആ രീതിയിലും അല്ലാത്തവ മറ്റ് കാര്യങ്ങള്‍ക്കും ഉപയോഗിക്കുമെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ എന്തിനാണ് തദ്ദേശസ്ഥാപനങ്ങള്‍ ഈ ഭാരം ഏറ്റെടുക്കുന്നതെന്ന് കോടതി ആരാഞ്ഞു. ഇവ സ്ഥാപിച്ചവര്‍ തന്നെ അവ നീക്കം ചെയ്തു നശിപ്പിക്കുന്നതാകും നല്ലത്. ഇത്രയധികം മാലിന്യം പരിസ്ഥിതിക്ക് ഉണ്ടാക്കുന്ന ദോഷവും കൂടി ആലോചിക്കണമെന്നും കോടതി പറഞ്ഞു.

ഇക്കാര്യത്തില്‍ യാതൊരു വിധത്തിലുള്ള വ്യക്തിപരമായ താല്‍പര്യങ്ങളുമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി എന്നാല്‍ ഉത്തരവുകളുടെ പേരില്‍ ജഡ്ജിമാരെ ചീത്ത വിളിക്കാന്‍ ചിലരെ ഏര്‍പ്പാടാക്കിയിട്ടുണ്ടെന്നും അഭിപ്രായപ്പെട്ടു. കൂലിത്തല്ലുകാര്‍ കാത്തിരിക്കട്ടെ, അവരെ സമയമാകുമ്പോള്‍ കണ്ടുകൊള്ളാം. കോടതിയുടെ ശക്തി എന്താണെന്ന് കാണാന്‍ പോകുന്നതേയുള്ളൂ. ഒരാളേയും വെറുതെ വിടില്ലെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. ഇതിനിടെ, ഓരോ ബോര്‍ഡിനും പിഴ ഈടാക്കുന്നതിനു പകരം അനധികൃത ബോര്‍ഡുകളും മറ്റും വയ്ക്കുന്ന പരിപാടിക്ക് പിഴ ഈടാക്കുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ അഭിഭാഷകന്‍ പറഞ്ഞെങ്കിലും കോടതി സമ്മതിച്ചില്ല.

യാതൊരു വിധത്തിലും ഈ ദൗത്യം പരാജയപ്പെടാന്‍ അനുവദിക്കില്ല. രാഷ്ട്രീയ പാര്‍ട്ടികള്‍ അനധികൃത ബോര്‍ഡുകള്‍ സ്ഥാപിക്കാതിരുന്നാല്‍ സിനിമാക്കാരും മതസംഘടനകളുെമാക്കെ അത് പിന്തുടരും. അനുമതിയോടു കൂടിയും സ്വകാര്യ സ്ഥലങ്ങളിലും ബോര്‍ഡുകള്‍ വയ്ക്കുന്നതിനെ ആരും എതിര്‍ക്കുന്നില്ല. എന്നാല്‍ അനധികൃത ബോര്‍ഡുകളും മറ്റും നിമിത്തം എത്ര അപകടങ്ങളാണ് ഉണ്ടാകുന്നതെന്നു ചൂണ്ടിക്കാട്ടിയ കോടതി ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്യില്ലെന്നും വ്യക്തമാക്കി.

അനധികൃതമായി ആരും ബോര്‍ഡ് വയ്ക്കുന്നില്ലെന്ന് എല്ലാ ദിവസവും സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് കോടതി നിര്‍ദ്ദേശം നല്‍കി. അനധികൃത ബോര്‍ഡുകളും ഫ്‌ലക്‌സും നീക്കം ചെയ്യാന്‍ കോടതി സമയപരിധി തീരുമാനിച്ച സാഹചര്യത്തിലാണ് കോടതി കേസ് വീണ്ടും പരിഗണിച്ചത്. കേസ് വരുന്ന ജനുവരി 8ന് വീണ്ടും പരിഗണിക്കും.ഫ്‌ലക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടിയുടെ പേരില്‍ ജഡ്ജിമാരെ അപഹസിക്കാന്‍ ശ്രമിക്കുന്ന ചില രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരെ ആരും വെറുതെ വിടില്ലെന്നും കേസ് പരിഗണിച്ച ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വാദത്തിനിടെ പറഞ്ഞു.