പാലക്കാട്: കൃഷിയോട് മുഖം തിരിക്കുന്നവരാണ് ഇന്നത്തെ തലമുറ. കൃഷി ചെയ്തിട്ട് എന്ത് കിട്ടാനാണെന്നാണ് പലരും ചോദിക്കുക. ഇവര്‍ക്കുള്ള ഉത്തരമാണ് പാലക്കാട് കൊല്ലങ്കോട് സ്വദേശി ശിവദാസ്. എട്ടു മാസം കൊ്ട് പതിനെട്ട് ഏക്കറില്‍ പൊന്നു വിളയിച്ചിരിക്കുകയാണ് ഈ കാര്‍ഷകന്‍. ഒരു കോടി രൂപയുടെ പച്ചക്കറിയാണ് തന്റെ കഠിനാധ്വാനത്തിലൂടെ ശിവദാസ് ഈ ചുരുങ്ങിയ സമയം കൊണ്ട് വിളയിച്ചത്.എലവഞ്ചേരി വിഎഫ്പിസികെ സ്വാശ്രയ കര്‍ഷകസമിതിയിലെ കര്‍ഷകനാണ് കൊളുമ്പ് പുത്തന്‍വീട്ടില്‍ ആര്‍.ശിവദാസ് (52).

സ്വന്തം കൃഷിയിടത്തിലും പാട്ടത്തിനെടുത്ത സ്ഥലത്തും ശാസ്ത്രീയ പരിപാലനത്തിലൂടെയാണ് ശിവദാസ് മികച്ച വിളവുണ്ടാക്കി കര്‍ഷകര്‍ക്ക് പ്രചോനമായിരിക്കുന്നത്. ഏപ്രില്‍ മുതല്‍ ഡിസംബര്‍ ആറു വരെ 3,45,580 കിലോ പച്ചക്കറിയാണു ശിവദാസ് ഉല്‍പാദിപ്പിച്ചു വിപണനം നടത്തിയത്. ഇതുവഴി 1,00,65,461 രൂപയുടെ വിറ്റുവരവാണു നേടിയത്. കുമ്പളം, പടവലം, വള്ളിപ്പയര്‍, പാവല്‍, പീച്ചല്‍, മത്തന്‍, വെണ്ട എന്നിവയാണു ശിവദാസ് കൃഷിചെയ്യുന്നത്. തേങ്ങയുമുണ്ട്.

ശിവദാസിന്റെയും ഭാര്യ വി.പ്രിയദര്‍ശിനിയുടെയും പേരിലുള്ള എട്ട് ഏക്കര്‍ കൃഷിയിടത്തിനു പുറമേ 10 ഏക്കര്‍ ഭൂമി പാട്ടത്തിന് കൂടി എുത്താണ് കൃഷി തുടങ്ങിയത്. 37 വര്‍ഷമായി കാര്‍ഷികമേഖലയിലുള്ള ഇദ്ദേഹം സ്ഥിരം പന്തലിട്ടു തുള്ളിനനയിലൂടെയാണു കൃഷിചെയ്യുന്നത്. കളവ്യാപനം ഇല്ലാതാക്കാന്‍ മള്‍ച്ചിങ് ചെയ്തിട്ടുണ്ട്. വിഎഫ്പിസികെ നിര്‍ദേശിക്കുന്നതും സ്വന്തമായി പഠിച്ചെടുത്തതുമായ ജൈവവള പ്രയോഗവും കീടനാശിനി പ്രയോഗവും മികച്ച വിളവു നേടാന്‍ സഹായിക്കുന്നു.

പതിനഞ്ചാം വയസ്സില്‍, അച്ഛന്‍ പരേതനായ രാമന്‍ വാധ്യാരെ നെല്‍ക്കൃഷിയില്‍ സഹായിച്ചുകൊണ്ടാണു പാടത്തേക്കിറങ്ങിയത്. പിന്നീട് തൃശൂര്‍, പാലക്കാട് വിപണികളെ ലക്ഷ്യംവച്ചു സ്വന്തമായി പയര്‍, കുമ്പളം കൃഷി തുടങ്ങി. 1998ല്‍ വിഎഫ്പിസികെ വിപണി ആരംഭിച്ചു പന്തല്‍ക്കൃഷിയിലേക്കു തിരിഞ്ഞതാണു വഴിത്തിരിവ്. മികച്ച പച്ചക്കറിക്കര്‍ഷകനുള്ള വിഎഫ്പിസികെയുടെ പുരസ്‌കാരം മൂന്ന് തവണ ലഭിച്ചിട്ടുണ്ട്. 'ആത്മ'യുടെ മികച്ച കര്‍ഷകനുള്ള പുരസ്‌കാരവും ശിവദാസനെ തേടിയെത്തിയിട്ടുണ്ട്. സംസ്ഥാനത്തു പച്ചക്കറിക്കൃഷി വിളവിലും വിറ്റുവരവിലും മുന്‍പന്തിയില്‍ നില്‍ക്കുന്ന എലവഞ്ചേരി വിഎഫ്പിസികെ സ്വാശ്രയ കര്‍ഷകസമിതിയുടെ പ്രസിഡന്റായി മൂന്നു തവണ പ്രവര്‍ത്തിച്ചിട്ടുണ്ട്.