കൊച്ചി: തൃക്കാക്കര എംഎല്‍എ ഉമാ തോമസ് സ്റ്റേജില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവത്തില്‍ 'മൃദംഗനാഥം' പരിപാടി സംഘാടകരായ മൃദംഗവിഷനെതിരേ കേസെടുത്തതിന് പിന്നാലെ ഓസ്‌കാര്‍ ഇവന്റ്‌സ് മാനേജര്‍ കൃഷ്ണകുമാര്‍ കസ്റ്റഡിയില്‍. കൃഷ്ണകുമാറുമായി കലൂര്‍ സ്റ്റേഡിയത്തില്‍ പോലീസ് തെളിവെടുപ്പ് നടത്തുകയാണ്. പി.ഡബ്ല്യൂ.ഡിയെക്കൊണ്ട് പരിശോധിപ്പിച്ച് ശാസ്ത്രീയവശങ്ങളും മനസിലാക്കിയാണ് പോലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.

അപകടകരമായ രീതിയിലാണ് ഓസ്‌കാര്‍ ഇവന്റ്സ് നൃത്തപരിപാടിയ്ക്കുള്ള സ്റ്റേജ് നിര്‍മ്മിച്ചതെന്ന് പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞിട്ടുണ്ട്. കൃഷ്ണകുമാര്‍ തന്നെയാണ് ഉമ തോമസ് എം.എല്‍.എയെ പരിപാടിയിലേയ്ക്ക് ക്ഷണിച്ചു കൊണ്ടുവന്നത്. കൃത്യമായ ബാരിക്കേഡ് സജ്ജീകരിക്കാതെയും മുന്‍വശത്ത് ഒരാള്‍ക്ക് നടന്നുപോകുവാന്‍ പോലും സ്ഥലമില്ലാത്ത രീതിയിലുമാണ് സ്റ്റേജ് ക്രമീകരിച്ചിരുന്നത്. അതാണ് അപകടത്തിലേക്ക് നയിച്ചത് എന്നാണ് വിലയിരുത്തല്‍.

ഉമാ തോമസ് എംഎല്‍എ വേദിയില്‍ നിന്ന് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ സംഘാടകര്‍ക്ക് സംഭവിച്ചത് ഗുരുതര വീഴ്ചയെന്ന് പ്രാഥമിക റിപ്പോര്‍ട്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ പങ്കെടുത്ത വേദിയില്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഉണ്ടായിരുന്നില്ല. ഉറപ്പുള്ള ബാരിക്കേഡുകള്‍ അടക്കം സ്ഥാപിച്ചില്ലെന്നും ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മൃദംഗ വിഷന്‍, സ്റ്റേജ് നിര്‍മാതകള്‍ക്ക് എന്നിവരുടെ പേരില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിരുന്നു. സ്റ്റേജ് നിര്‍മാണത്തില്‍ അപാകതയെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

ഉമ തോമസിന്റെ വീഴ്ചയ്ക്ക് കാരണമായ സ്റ്റേജ് നിര്‍മിച്ചതില്‍ അടിമുടി അപാകതയെന്നാണ് കണ്ടെത്തല്‍. സ്റ്റേഡിയത്തിന്റെ ഉടമസ്ഥാവകാശമുള്ള ജിസിഡിഎയില്‍ നിന്ന് അനുമതി വാങ്ങാതെയാണ് ഇവിടെ സ്റ്റേജ് നിര്‍മിച്ചത്. ഉമ തോമസിനു പുറമെ വേദിയിലുണ്ടായിരുന്നത് മന്ത്രി സജി ചെറിയാന്‍, ഹൈബി ഈഡന്‍ എംപി, സിറ്റി പൊലീസ് കമ്മിഷണര്‍ പുട്ട വിമലാദിത്യ, ജിസിഡിഎ ചെയര്‍മാന്‍ കെ.ചന്ദ്രന്‍ പിള്ള അടക്കമുള്ളവരായിരുന്നു.




നിലവിളക്ക് കൊളുത്താന്‍ മാത്രമുള്ള സംവിധാനമേ ഇവിടെ ഒരുക്കൂ എന്നായിരുന്നു സംഘാടകര്‍ ജിസിഡിഎയെ അറിയിച്ചിരുന്നത്. എന്നാല്‍ വിഐപികള്‍ക്ക് അടക്കം നില്‍ക്കാവുന്ന വിധത്തില്‍ വലിയ സ്റ്റേജ് തന്നെ ചട്ടങ്ങള്‍ ലംഘിച്ച് സംഘാടകര്‍ നിര്‍മിക്കുകയായിരുന്നു. ഐഎസ്എല്‍ ഉള്‍പ്പെടെ നടക്കുമ്പോള്‍ കനത്ത സുരക്ഷ ഒരുക്കുന്ന സ്റ്റേഡിയത്തിലാണ് ഒന്നാം നിലയിലെ 13 നിര കസേരകള്‍ക്ക് മുകളില്‍ സ്റ്റേജ് നിര്‍മിച്ചത്.

ഈ കസേരകള്‍ക്ക് മുകളില്‍ കമ്പികള്‍ ഉറപ്പിച്ച ശേഷം അതില്‍ പലക ഇട്ടായിരുന്നു സ്റ്റേജ് നിര്‍മാണം. നിര്‍മാണ സമയത്തു തന്നെ ഇത് പാടില്ലെന്നു ചൂണ്ടിക്കാട്ടിയതായി ഇന്നു രാവിലെ സ്റ്റേഡിയത്തില്‍ പരിശോധന നടത്തിയ ജിസിഡിഎ എന്‍ജിനീയര്‍മാര്‍ പറയുന്നു. എന്നാല്‍, നിലവിളക്ക് കൊളുത്താന്‍ മാത്രമേ ഇത് ഉപയോഗിക്കൂ എന്നായിരുന്നു സംഘാടകര്‍ അറിയിച്ചത്.സംഘാടകര്‍ക്കെതിരെ പൊലീസ് കേസിനു പുറമെ ജിസിഡിഎയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

സ്റ്റേഡിയത്തിന്റെ ഗ്രൗണ്ടിലാണ് ആദ്യം വിളക്ക് കൊളുത്താന്‍ തീരുമാനിച്ചതെന്നും ഇത് അനുവദിക്കാതിരുന്നതിനാലാണ് വേദിയിലേക്ക് മാറ്റിയതെന്നുമായിരുന്നു സംഘാടകരുടെ ആദ്യ വിശദീകരണം. അതുകൊണ്ടു തന്നെ വിഐപികളെ ഉള്‍പ്പെടെ ഉള്‍ക്കൊള്ളിക്കാന്‍ ആദ്യം മുതലേ ഉദ്ദേശിച്ചുള്ളതായിരുന്നു വേദി എന്നു വ്യക്തമാണ്.

ഉമ തോമസിനുണ്ടായ അപകടത്തിനു പുറമെ വലിയ അപകടങ്ങള്‍ക്കും സാധ്യതയുണ്ടായിരുന്നു. മൃദംഗനാദം എന്ന നൃത്ത സന്ധ്യയില്‍ പങ്കെടുത്ത 12,000 നര്‍ത്തകിമാരേയും സ്റ്റേഡിയത്തിലേക്ക് പ്രവേശിപ്പിച്ചതും പുറത്തിറക്കിയതും ഒരേ ഗേറ്റ് വഴിയായിരുന്നു. മൈതാനത്തേക്ക് നേരിട്ടു കടക്കാനുള്ള മറ്റു വാതിലുകളെല്ലാം അടച്ച നിലയിലായിരുന്നു. എന്തെങ്കിലും അപകടം സംഭവിച്ചിരുന്നെങ്കില്‍ പുറത്തിറങ്ങാനായി മറ്റു വഴികള്‍ ഉണ്ടായിരുന്നില്ല എന്നതും സംഘാടനത്തിലെ പിഴവായി ചൂണ്ടിക്കാട്ടപ്പെട്ടുന്നു.

ഒന്നാം നിലയില്‍ നിന്നു രണ്ടരമൂന്നു മീറ്ററോളം ഉയരത്തില്‍ കെട്ടിയുണ്ടാക്കിയ വേദിയിലെ ചെറിയ സ്ഥലത്ത് രണ്ടു നിര സീറ്റുകളാണ് ഇട്ടിരുന്നത്. താഴെ വിഐപി ഗേറ്റിലൂടെ കയറി വരുന്നവര്‍ താഴെ വന്ന ശേഷം ഒന്നാം നിലയിലേക്കുള്ള ഗോവണി വഴി കയറി എത്തിയ ശേഷം വീണ്ടും 2 പടികള്‍ കൂടി കയറിയാലേ വേദിയിലെത്തൂ. ബുദ്ധിമുട്ടിയാണ് ഉമ തോമസും ചന്ദ്രന്‍ പിള്ളയും അടക്കമുള്ളവര്‍ ഇതിലേക്ക് കയറിയതും. രണ്ടു നിര സീറ്റുകള്‍ ഇട്ടതിനു ശേഷം ഒരാള്‍ക്ക് നടന്നു പോകാവുന്നത്ര സ്ഥലമാണ് മുന്നില്‍ ഉണ്ടായിരുന്നത്. ഈ സ്ഥലവും കസേരയിട്ടിരിക്കുന്നതും തമ്മില്‍ വേര്‍തിരിച്ചത് ആകട്ടെ ക്യൂ ബാരിയറും.

11 അടി ഉയരത്തിലുള്ള വേദിയിലാണ് 'സുരക്ഷയ്ക്കായി' റിബണ്‍ ഘടിപ്പിച്ച ബാരിക്കേഡ് ഉണ്ടായിരുന്നത്. വേദിയില്‍ കയറി മൂന്നാമത്തെ സീറ്റിലിരുന്ന ഉമ തോമസ് കുറച്ചു കഴിഞ്ഞ് വേദിയുടെ നടുവിലേക്ക് നീങ്ങുന്നതിനിടെ വേച്ചു പോവുകയും ബാരിക്കേഡില്‍ പിടിക്കുകയുമായിരുന്നു. ഉറപ്പില്ലാത്ത ബാരിക്കേഡ് മറിഞ്ഞ് അതിനൊപ്പം അവര്‍ താഴേക്കു പതിക്കുകയും ചെയ്തു.

ഉറപ്പുള്ള ബാരിക്കേറ്റുകള്‍ സ്ഥാപിക്കുക എന്നതാണ് പ്രാഥമികസുരക്ഷ നടപടി. സ്റ്റേജുകള്‍ രണ്ടു മീറ്ററില്‍ കൂടുതല്‍ ഉയരം ഉള്ളതാണെങ്കില്‍ 1.2 ഉയരം ഉള്ള ഉറപ്പുള്ള ബാരിക്കേടുകള്‍ വശങ്ങളില്‍ സ്ഥാപിക്കണം. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ പരിശോധിച്ച ഇക്കാര്യം ഉറപ്പിക്കണം.

കലൂരില്‍ ഇത് രണ്ടും ഉണ്ടായില്ല. ഒരു വരി കസേര ഇടാനുള്ള സ്ഥലത്ത് രണ്ടുവരി കസേര ഇട്ടു ആംബുലന്‍സുകള്‍ ഉണ്ടായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തകരോ ഡോക്ടര്‍മാരെ ഉണ്ടായിരുന്നു. പുല്‍ത്തകടിയില്‍ നടത്താന്‍ ഉദ്ദേശിച്ച പരിപാടി സ്റ്റേജിലേക്ക് മാറ്റിയ കാര്യം സുരക്ഷ ഏജന്‍സികളെ അറിയിച്ചില്ലെന്നും കണ്ടെത്തല്‍. ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക പരിശോധനയിലാണ് ഗുരുതരമായ വീഴ്ചകള്‍ കണ്ടെത്തിയത്.

ഉമ തോമസ് വീണയുടന്‍ സംഘാടകര്‍ വേദിയിലെ കസേരകള്‍ ഒരു നിരയാക്കി മാറ്റി. 2 വരി കസേര ഇട്ടാല്‍ നടക്കാന്‍ സ്ഥലമില്ല എന്നു സംഘാടകര്‍ക്ക് ബോധ്യം വന്നത് അപ്പോള്‍ മാത്രമാണ്. എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും പാലിച്ച് കായിക മത്സരങ്ങള്‍ നടക്കുമ്പോഴാണ് അനുമതി പോലുമില്ലാതെ വേദി നിര്‍മിച്ചതും അതില്‍ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനികളെ അടക്കം ഉള്‍ക്കൊള്ളിച്ച് പരിപാടി നടത്തിയതും. പൊലീസ് കേസെടുത്ത സാഹചര്യത്തില്‍ സംഘാടകര്‍ അഭിഭാഷകരുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. പരിപാടി നടത്താന്‍ തങ്ങള്‍ ഒരു ഈവന്റ് മാനേജ്‌മെന്റ് കമ്മിറ്റിയെ ഏല്‍പ്പിച്ചിരുന്നു എന്നാണ് ഇവരുടെ പ്രാഥമികവാദം.