- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വലത് വംശീയ രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക്; ട്രംപിന്റെ അടുക്കളയിലെ നടത്തിപ്പുകാരനായ മസ്‌ക് വരുമാനം മൂന്നിരട്ടിയാക്കിയ ശേഷം ലക്ഷ്യം ഇടുന്നത് യൂറോപ്പിലെ വലത് മുന്നേറ്റം; യുകെയില്‍ പുതിയ പാര്‍ട്ടിക്കായി കോടികള്‍; ജര്‍മനിയില്‍ വംശീയ ലേഖനത്തിന്റെ പേരില്‍ എഡിറ്ററുടെ രാജി
വലത് വംശീയ രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുത്ത് ഇലോണ്‍ മസ്‌ക്
ബെര്‍ലിന്‍: വലത് വംശീയ രാഷ്ട്രീയത്തിന്റെ മൊത്തക്കച്ചവടം ഏറ്റെടുക്കാന്‍ ഒരുങ്ങി ശതകോടീശ്വരനായ ഇലോണ്‍ മസ്‌ക്. യൂറോപ്യന്‍ രാജ്യങ്ങളിലെ വലത് മുന്നേറ്റമാണ് മസ്‌ക് ലക്ഷ്യമിടുന്നതെന്നാണ് സൂചന. ജര്‍മ്മനിയിലെ തീവ്ര വലതുപക്ഷ പ്രസ്ഥാനമായ എ.എഫ്.ഡി പാര്‍ട്ടിയെ ന്യായീകരിച്ചുകൊണ്ട് മസ്‌ക് ഒരു ജര്‍മ്മന്‍ പത്രത്തില്‍ ലേഖനവും എഴുതിയിരുന്നു. വെല്‍റ്റ് ആം സോന്‍ടാഗ് എന്ന പത്രത്തിലാണ് മസ്‌ക് ഇത്തരത്തില്‍ ഒരു ലേഖനം എഴുതിയത്.
ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച് ഈ പത്രത്തിന്റെ എഡിറ്റര്‍ ഈ ലേഖനത്തിന്റെ പേരില്‍ രാജി വെച്ചു എന്നാണ്. ലേഖനത്തില്‍ മസ്‌ക് പറയുന്നത് എ.എഫ്.ഡിക്ക് മാത്രമേ ജര്‍മ്മനിയെ രക്ഷിക്കാന്‍ കഴിയുകയുള്ളൂ എന്നാണ്. സാമ്പത്തികമായും സാംസ്‌ക്കാരികമായും തകര്‍ന്നു കൊണ്ടിരിക്കുന്ന ജര്‍മ്മനിയെ രക്ഷിക്കാനുള്ള അവസാനത്തെ പ്രകാശ നാളമാണ് എ.എഫ്.ഡി എന്നും മസ്‌ക്ക് ചൂണ്ടിക്കാട്ടുന്നു.
കുടിയേറ്റത്തെ എതിര്‍ക്കുന്ന തീവ്ര വലതു നിലപാടുകളുള്ള പ്രസ്ഥാനമാണ് എ.എഫ്.ഡി. പാര്‍ട്ടിയുടെ നേതാവായ ആലിസ് വീഡലിനേയും മസ്‌ക്ക് വാനോളം പുകഴ്ത്തുന്നുണ്ട്. ആലിസ് വീഡലിന്റെ ജീവിത പങ്കാളി ശ്രീലങ്കയില്‍ നിന്നുള്ള വ്യക്തിയാണെന്നും അത് കൊണ്ട് തന്നെ
അവര്‍ തീവ്ര വലതുപക്ഷ നിലപാട് ഉള്ള വ്യക്തിയല്ല എന്നും മസ്‌ക് ന്യായീകരിക്കുന്നു. അമേരിക്കയില്‍ അടുത്ത മാസം പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന ഡൊണാള്‍ഡ് ട്രംപ് വളരെ പ്രധാനപ്പെട്ട ചുമതലകളാണ് തന്റെ വിശ്വസ്തനായ മസ്‌ക്കിനെ ഏല്‍പ്പിച്ചിരിക്കുന്നത്.
അമേരിക്കന്‍ സര്‍ക്കാരിന്റെ ഉദ്യോഗസ്ഥ തലത്തില്‍ മാറ്റങ്ങള്‍ കൊണ്ടു വരാനായി നിയോഗിച്ച സമിതിയുടെ മുഖ്യ ചുമതലക്കാരന്‍ ഇലോണ്‍ മസ്‌ക്കാണ്. എന്നാല്‍ ജര്‍മ്മനിയുടെ ആഭ്യന്തര കാര്യങ്ങളില്‍ മസ്‌ക് ഇടപെടുന്നതിന് എതിരെ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരി 23 നാണ് ജര്‍മ്മനിയില്‍ പൊതു തെരഞ്ഞെടുപ്പ് നടക്കുന്നത്.
എ.എഫ്.ഡിക്ക് രാജ്യത്ത് 19 ശതമാനത്തോളം വോട്ടുകള്‍ ഉണ്ട് എന്നാണ് കണക്കാക്കപ്പെടുന്നത്. പത്രത്തില്‍ മസ്‌ക്കിന്റെ ലേഖനത്തെ എതിര്‍ത്ത് കൊണ്ട് വന്‍ തോതില്‍ പ്രതികരണം ഉണ്ടായതിനെ തുടര്‍ന്ന് അതിന്റെ പത്രാധിപര്‍ക്ക് രാജി വെയ്ക്കേണ്ടി വന്നിരിക്കുകയാണ്. ഇക്കാര്യം വെല്‍റ്റ് ആം സോന്‍ടാഗ് പത്രത്തിന്റെ പത്രാധിപരായ ഇവാ മാരി കോഗല്‍ സമൂഹ മാധ്യമമായ എക്സിലൂടെ അറിയിച്ചിട്ടുണ്ട്.
യൂറോപ്പിലെ ജനാധിപത്യത്തെ തുരങ്കം വെയ്ക്കാന്‍ ഇലോണ്‍മസ്‌ക്കുമാരെ അനുവദിക്കുകയില്ലെന്ന പ്രഖ്യാപനവുമായി ഗ്രീന്‍സ് ക്യാമ്പയിന്‍ ഡയറക്ടറായ ആന്‍ഡ്രിയാസ് ഔദ്രേവിച്ചും രംഗത്ത് എത്തി. കൂടാതെ പത്രങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്ന രീതിയില്‍ ലേഖനങ്ങള്‍ വരുന്നതിനെതിരെ ജര്‍മ്മനിയിലെ മാധ്യമപ്രവര്‍ത്തകരുടെ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്.
എ.എഫ്.ഡി എന്ന പ്രസ്ഥാനം നാസികളുടെ നിരോധിക്കപ്പെട്ട പല മുദ്രാവാക്യങ്ങളും ഉപയോഗിച്ചതിന് പല പ്രാവശ്യം പോലീസ് കേസെടുത്തിട്ടുണ്ട്. നേരത്തേ ബ്രിട്ടനിലെ റിഫോം യു.കെ എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് 100 ദശലക്ഷം ഡോളര്‍ സംഭവന നല്‍കാനുള്ള മസ്‌ക്കിന്റെ തീരുമാനത്തിന് എതിരെയും രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. പാര്‍ട്ടി നേതാവായ നിഗല്‍ ഫരേജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നത്.
ഡൊണാള്‍ഡ് ട്രംപിന്റെ വീട്ടില്‍ വെച്ച്്് ഇരുവരും ചേര്‍ന്നെടുത്ത ഫോട്ടോയും അദ്ദേഹം പുറത്ത് വിട്ടിരുന്നു. അമേരിക്കന്‍ രാഷ്ട്രീയത്തില്‍ ട്രംപ് ഭരണത്തില്‍ എത്തുന്നതോടെ ശക്തനായി തീര്‍ന്ന മസ്‌ക്ക് ഇനി ബ്രിട്ടീഷ് രാഷ്ട്രീയത്തിലും ഇടപെടുകയാണോ എന്ന സംശയം പലരും ഈ സന്ദര്‍ഭത്തില്‍ ഉന്നയിച്ചിരുന്നു. ബ്രിട്ടനിലെ നിയമം അനുസരിച്ച് അവിടെ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് പരിധിയുണ്ട്. എന്നാല്‍ സംഭാവനകള്‍ സ്വീകരിക്കുന്ന കാര്യത്തില്‍ പരിധി ബാധകമല്ല. മസ്‌ക്കിന് ബ്രിട്ടനിലും സ്വന്തം പേരില്‍ കമ്പനിയുള്ളത് കൊണ്ട് തന്നെ അദ്ദേഹത്തിന് എത്ര കോടി രൂപ വേണമെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന ചെയ്യാം.