കവന്‍ട്രി: യുകെ മലയാളികളുടെ മറ്റൊരു വര്‍ഷം കൂടി പടിയിറങ്ങുമ്പോള്‍ സ്‌കോട്ലന്‍ഡിലെ മലയാളി വിദ്യാര്‍ത്ഥിനി സാന്‍ഡ്ര സാജുവിന്റെ അസ്വാഭാവിക മരണമാണ് വേദനയായി മാറുന്നത്. ഈ മാസം ആറിന് സാന്‍ഡ്രയെ കാണാതാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ശേഷം ഓരോ മലയാളി കുടുംബത്തിലും ഉയര്‍ന്ന പ്രാര്‍ത്ഥനകള്‍ എങ്ങനെയും സാന്‍ഡ്രയെ സുരക്ഷിതമായി കണ്ടെത്താനാകണമേ എന്നത് മാത്രമായിരുന്നു. കൗമാരക്കാരും ടീനേജുകാരും ഉള്ള യുകെ മലയാളികളുടെ വീടുകളില്‍ നിന്നും ഇപ്പോള്‍ ഇത്തരം കാണാതാകലുകള്‍ ഒറ്റപ്പെട്ട സംഭവം അല്ലാത്തതിനാല്‍ അത് സൃഷ്ടിക്കുന്ന വേദന എത്ര കടുത്തതാണെന്നു ഏവര്‍ക്കും കൃത്യമായി അറിയാം. ഭാഗ്യവശാല്‍ ഭൂരിഭാഗം സംഭവങ്ങളിലും കാണാതാകുന്നവരെ മണികൂറുകള്‍ക്കകം തന്നെ കണ്ടെത്താന്‍ കഴിയാറുണ്ട്. എന്നാല്‍ ആഴ്ചകള്‍ പിന്നിട്ടിട്ടും സാന്‍ഡ്രയെ കണ്ടെത്താനാകാതെ വന്നതോടെ എവിടെയും ഭയം അതിന്റെ മൂര്‍ധന്യാവസ്ഥയില്‍ എത്തിയിരുന്നു. ഒടുവില്‍ നീണ്ട 22 ദിവസത്തെ അന്വേഷണ ശേഷം ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ന്യൂബ്രിഡ്ജിലെ അല്‍മാന്‍ഡ് നദി തീരത്തു നിന്നുമാണ് സാന്‍ഡ്രയുടെ ജീവനറ്റ ശരീരം കണ്ടെത്തുന്നത്.

ഇന്ത്യയില്‍ നിന്നും വിദേശത്തു പഠനത്തിന് പോകുന്ന വിദ്യാര്‍ത്ഥികളില്‍ ആത്മഹത്യ പ്രവണത ഏറുകയാണ് എന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ വെളിപ്പെടുത്തുന്നു. പല രാജ്യങ്ങളിലും സാമൂഹ്യ സാഹചര്യങ്ങളോടും ജീവിത ചിലവിനോടും പൊരുത്തപെടാന്‍ കഴിയാത്തതു മുതല്‍ താന്‍ സ്വപ്നം കണ്ട വിദ്യാര്‍ത്ഥി ജീവിതമല്ല കാത്തിരിക്കുന്നത് എന്ന തിരിച്ചറിവ് വരെ ഈ ആത്മഹത്യകളുടെ പുറകില്‍ നിഴലിക്കുന്ന ഘടകങ്ങളാണ്. വ്യക്തിപരമായ കാരണങ്ങളില്‍ ജീവന്‍ വെടിയുന്നവരുടെ എണ്ണം ഇക്കൂട്ടത്തില്‍ താരതമ്യേനേ കുറവുമാണ്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിന് ഇടയില്‍ യുകെയില്‍ എത്തിയ 58 വിദ്യാര്‍ത്ഥികള്‍ ജീവന്‍ വെടിഞ്ഞു എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന തെളിവ്. സ്വാഭാവികമായും ഇതില്‍ മലയാളികളുടെ എണ്ണം ആയിരിക്കും മറ്റു സംസ്ഥാനങ്ങളേക്കാള്‍ കൂടുതലും. ലഭിക്കുന്ന കണക്കില്‍ തന്നെ കഴിഞ്ഞ ഒന്നോ രണ്ടോ വര്‍ഷമായി ഒരു ഡസനോളം മലയാളി വിദ്യാര്‍ത്ഥികളുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

അഞ്ചു വര്‍ഷത്തിനിടെ വിവിധ വിദേശ രാജ്യങ്ങളില്‍ ആകെ മരിച്ച ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 633 ആയി ഉയര്‍ന്നിരിക്കുകയാണ്. ഓരോ വര്‍ഷവും ശരാശരി നൂറിന് മുകളിലാണ് ഈ കണക്ക് എന്ന് വ്യക്തം. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച കണക്ക് എത്തുന്നത് കാനഡയില്‍ നിന്നുമാണ്. ആകെ 172 പേരാണ് ഇവിടെ മരിച്ചത്. ആഭ്യന്തര സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിങ് ആണ് ഈ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. അമേരിക്കയില്‍ 108 വിദ്യാര്‍ത്ഥികളും യുകെയില്‍ 58, ഓസ്‌ട്രേലിയ 57 എന്നീ നിലയിലാണ് തൊട്ടു പിന്നിലെ കണക്കുകള്‍. റഷ്യയില്‍ 37 പേരും ജര്‍മനിയില്‍ 24, ഉക്രൈനില്‍ 18, ജോര്‍ജിയ 12, എട്ടുവീതം കിര്‍ഗിസ്ഥാന്‍, സൈപ്രസ്, ചൈന എന്നതാണ് മറ്റു രാജ്യങ്ങളിലെ മരണക്കണക്ക്. സ്‌കോട്ലന്‍ഡില്‍ മരിച്ച സാന്ദ്രയുടെ വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യവേ ഇന്ത്യന്‍ ദേശീയ മാധ്യമങ്ങളാണ് മന്ത്രിയില്‍ നിന്നും ശേഖരിച്ച കണക്കുകള്‍ പുറത്തു വിട്ടിരിക്കുന്നത്.

യുകെയില്‍ എത്തുന്ന മലയാളി വിദ്യാര്‍ത്ഥികള്‍ ഇയ്യാമ്പലുകളെ പോലെ പിടഞ്ഞു വീഴുകയാണോ?

ഓരോ കുടുംബത്തിന്റെയും പ്രതീക്ഷയും സ്വപ്നവും ആയാണ് മലയാളി വിദ്യാര്‍ത്ഥികള്‍ യുകെയില്‍ ഉപരി പഠനത്തിന് എത്തികൊണ്ടിരിക്കുന്നത്. എന്നാല്‍ നാട്ടില്‍ നിന്നും പറഞ്ഞു കേള്‍ക്കുന്ന യുകെയല്ല അവരെ കാത്തിരിക്കുന്നതെന്ന് ഓരോ വിദ്യാര്‍ത്ഥിയും യുകെയില്‍ എത്തിയ നാള്‍ മുതല്‍ തിരിച്ചറിയുകയാണ്. നാട്ടില്‍ സ്വന്തം വിശാലമായ വീടും മുറിയും സൗകര്യങ്ങളും ഒക്കെയുള്ള വിദ്യാര്‍ത്ഥികള്‍ യുകെയില്‍ എത്തുന്നതോടെ ഒരു കുടുസു മുറിയിലേക്ക് ഒതുക്കപ്പെടുകയാണ്.

അതും രണ്ടോ മൂന്നോ മുറികള്‍ ഉള്ള വീടുകളില്‍ നാലും അഞ്ചും കുടുംബങ്ങള്‍ വരെ താമസിക്കുന്ന അതി ദയനീയ ചുറ്റുപാടില്‍ കഴിയേണ്ടി വരുമ്പോള്‍ സ്വകാര്യത എന്നത് ഒരു സ്വപ്നമായി അവശേഷിക്കുകയാണ്. ഒരു ഹാളില്‍ അഞ്ചെട്ടു പേര്‍ക്ക് ഒന്നിച്ചു കിടക്കേണ്ടി വരുന്ന അവസ്ഥയൊക്കെ പലരും വിവരിക്കുന്നത് അവിശ്വസനീയമായി മാത്രമേ മറ്റുളളവര്‍ക്ക് തോന്നൂ. കിടക്കാന്‍ സ്ഥലം ഇല്ലാത്തതു കൊണ്ട് പതിവായി രാത്രികളില്‍ ജോലി ചെയ്യുന്നവര്‍ ഒട്ടും വിരളമല്ല. കിടക്കാന്‍ ഇടമില്ലാതെ റയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങിയ മലയാളി വിദ്യാര്‍ത്ഥിയെ വിവരം അറിഞ്ഞു കൂട്ടിക്കൊണ്ടു പോയി കിടക്കാന്‍ ഇടം കൊടുത്തത് പ്രദേശത്തെ ഹോട്ടല്‍ നടത്തുന്ന മലയാളിയാണ്.

യൂണിവേഴ്‌സിറ്റി ഫീസിനെ കുറിച്ച് മാത്രം ധാരണയുള്ള വിദ്യാര്‍ഥികള്‍ കേരളത്തില്‍ നിന്നും വിമാനം കയറുന്നത് വീട്ടുവാടകയോ ബില്ലുകളോ യാത്ര ചിലവോ ഭക്ഷണത്തിന്റെ വിലയോ ഒന്നും മനസിലാക്കാതെയാണ്. എങ്ങനെയും യുകെയില്‍ എത്തിയാല്‍ മതിയെന്ന ധാരണയില്‍ വലിയ സൗകര്യങ്ങള്‍ ഇല്ലാത്ത യൂണിവേഴ്‌സിറ്റികളില്‍ വരെ എത്തിപ്പെടുമ്പോള്‍ ഒരു പാര്‍ട്ട് ടൈം ജോലിയെങ്കിലും കിട്ടാന്‍ ഉള്ള സാധ്യതയും നഷ്ടമാകുകയാണ്. ഒടുവില്‍ പഠിക്കാന്‍ ആണ് വന്നതെന്ന് എന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടാതെ ഒന്ന് സുരക്ഷിതമായി കിടക്കാനും രണ്ടു നേരം ഭക്ഷണം കഴിച്ചു പട്ടിണി ഒഴിവാക്കാനും വേണ്ടി പെടാപ്പാട് പെടുന്ന അവസ്ഥയിലേക്ക് എത്തുകയാണ് ഭൂരിഭാഗം വിദ്യാര്‍ത്ഥികളും.

എങ്ങനെയെങ്കിലും നാട്ടില്‍ നിന്നും മുന്‍പേ കുടിയേറിയ യുകെ മലയാളികളെ തപ്പി പിടിച്ചു ഒരു സഹായം തേടിച്ചെന്നാല്‍ അവര്‍ക്ക് പറയാനുണ്ടാവുക മുന്‍പേ സഹായിച്ചത് വഴി കിട്ടിയ എന്തെങ്കിലും ദുരനുഭവം മാത്രം ആയിരിക്കും. അതിനാല്‍ ഏതാനും വര്‍ഷമായി സ്റ്റുഡന്റ് വിസക്കാര്‍ എന്ന് കേട്ടാല്‍ നേരെ മുഖം തിരിച്ചു നടക്കുന്നവരായി മാറിക്കഴിഞ്ഞിരിക്കുകയാണ് മിക്കവാറും മലയാളികളും. ഇങ്ങനെ കുഴഞ്ഞു മറിഞ്ഞ അന്തരീക്ഷത്തിലെക്ക് എത്തുന്ന ഓരോ വിദ്യാര്‍ത്ഥിയും വാസ്തവത്തില്‍ കത്തിച്ചുവച്ച വിളക്കിലേക്ക് ആകര്‍ഷിക്കപ്പെടുന്ന ഇയ്യാമ്പലുകളെയാണ് ഓര്‍മിപ്പിക്കുന്നത്.

ഈ സാഹചര്യം സൃഷ്ടിക്കുന്നതില്‍ മോഹന സുന്ദര സ്വപനങ്ങള്‍ നല്‍കുന്ന സ്റ്റുഡന്റ് വിസ കച്ചവട ഏജന്‍സികള്‍ തന്നെയാണ് ഒന്നാം പ്രതി. സ്വന്തം നിലയില്‍ കാര്യങ്ങള്‍ തിരക്കി അറിയാത്ത വിദ്യാര്‍ഥികള്‍ കേരളത്തില്‍ നിന്നും യുകെയിലേക്ക് പോരാനുള്ള ആഗ്രഹത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ മനസിലാകാതെ ഏജന്‍സികള്‍ പറയുന്നത് കണ്ണടച്ച് വിശ്വസിക്കുന്നതാണു പൊതു രീതി. യുകെയില്‍ എത്തിയാല്‍ പിറ്റേന്ന് മുതല്‍ കൈ നിറയെ പണം കിട്ടുന്ന പാര്‍ട്ട് ടൈം ജോലികള്‍ കാത്തിരിക്കുന്നതിനാല്‍ മടിക്കാതെ വിമാനം കയറിക്കോളൂ എന്ന മധുര വാക്കുകളില്‍ അലിഞ്ഞാണ് ഓരോ വിദ്യാര്‍ത്ഥിയും യുകെയുടെ സ്വപ്ന സുന്ദര ഭൂമിക തേടി എത്തുന്നത്.

പക്ഷെ അവരെ കാത്തിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളില്‍ ഇപ്പോള്‍ ഭീകര രൂപം പൂണ്ട മരണവും ഉണ്ടെന്നതാണ് നഗ്ന സത്യമായി പല്ലിളിച്ചു നില്‍ക്കുന്നത്. ഈ അവസ്ഥ സൃഷ്ടിക്കുന്ന റിക്രൂട്ട് ഏജന്‍സികളുടെ ദുര മുഴുത്ത പ്രവര്‍ത്തനത്തില്‍ കടിഞ്ഞാണിടാണോ വിദേശ പഠനത്തിലെ യഥാര്‍ത്ഥ വസ്തുതകള്‍ വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനോ കേന്ദ്ര - സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്തപൂര്‍ണ സമീപനം സ്വീകരിക്കുന്നില്ല എന്നതാണ് ഓരോ വിദ്യാര്‍ത്ഥി മരണവും ഓര്‍മ്മപ്പെടുത്തുന്നത്.

സാന്‍ഡ്ര ഒരു ഒറ്റപ്പെട്ട പേരല്ല, ഓരോ വര്‍ഷവും ഓര്‍മ്മയായി മാറുന്നത് ഒരു ഡസനിലേറെ മലയാളി വിദ്യാര്‍ത്ഥികള്‍

കഴിഞ്ഞ ഏതാനും വര്‍ഷമായി ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കാണപ്പെടുന്ന മലയാളി വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുകുകയാണ്. മുന്‍പൊക്കെ ഒന്നോ രണ്ടോ മലയാളി വിദ്യാര്‍ത്ഥികള്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ആത്മഹത്യ ചെയ്തിരുന്ന സ്ഥാനത്ത് ഇപ്പോള്‍ സാമൂഹ്യമായ കാരണങ്ങള്‍ മൂലവും മരണത്തെ തേടുന്നവരുടെ എണ്ണം കൂടുകയാണ്. തിരികെ നാട്ടിലേക്ക് പോകണോ നാട്ടില്‍ നിന്നും കൂടുതല്‍ പണം എത്തിക്കാനോ സാധികാത്ത സാഹചര്യമാണ് മിക്കവാറും പേരുടേത്.

കഴിഞ്ഞ ഒന്ന് രണ്ടു വര്‍ഷമായി ഒരു ഡസനോളം മലയാളി വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്യുന്നത്. പലരുടെയും മരണ വിവരം പൊതു സമൂഹം അറിയാറുമില്ല. മതപരമായ കാരണങ്ങളാലും ചില മരണങ്ങള്‍ പൊതുസമൂഹത്തില്‍ നിന്നും മറച്ചു വയ്ക്കാറുണ്ട്. അങ്ങനെയുള്ളവരുടെ മൃതദേഹങ്ങള്‍ യുകെയില്‍ തന്നെ അടക്കം ചെയ്യുകയാണ് പതിവ്. ചുരുക്കത്തില്‍ ആത്മഹത്യ എന്നത് യുകെയില്‍ എത്തുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ വലിയ തോതില്‍ വര്‍ധിക്കുകയാണ്.

ഏതാനും മാസം മുന്‍പ് സൗത്ത് വെയ്ല്‍സ് യൂണിവേഴ്‌സിറ്റിയില്‍ എത്തിയ ഇടുക്കികാരിയായ മലയാളി വിദ്യാര്‍ത്ഥിക്ക് താമസത്തിനും ഭക്ഷണത്തിനും ഉള്ള പണം നാട്ടില്‍ നിന്നും തുടരെ എത്തിക്കേണ്ടി വന്ന സാഹചര്യം ഒടുവില്‍ ചെന്നെത്തിയത് സമ്മര്‍ദ്ദം സഹിക്കാനാകാതെ പെണ്‍കുട്ടിയുടെ അച്ഛന്‍ ഹൃദയാഘാതം മൂലം മരിക്കുന്ന അവസ്ഥയിലേക്കാണ്. സ്‌കോളര്‍ഷിപ്പ് കിട്ടിയതോടെ സൗജന്യമായി പഠിക്കാം എന്ന പ്രതീക്ഷയില്‍ സാധാരണക്കാരായ ആ കുടുംബം പെണ്‍കുട്ടിയെ യുകെയിലേക്ക് യാത്രയാകുമ്പോള്‍ വാടകയും ഭക്ഷണവും യാത്രാച്ചിലവും ഒക്കെ താങ്ങാനാകാത്ത ഒരു രാജ്യം ആണെന്ന കാര്യമാണ് മറന്നത്.

നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടിക്ക് അഞ്ചു മാസത്തോളം പാര്‍ട്ട് ടൈം ജോലി കണ്ടെത്താന്‍ ആകാതെ പോയതാണ് നാട്ടിലെ കുടുംബത്തെ സമ്മര്‍ദ്ദത്തിലാക്കിയത്. ഇപ്പോള്‍ ഇത്തരം സംഭവങ്ങള്‍ തുടര്‍ച്ചയായി യൂണിവേഴ്‌സിറ്റി ഓഫിസുകളിലും വിദ്യാര്‍ത്ഥികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇതോടെയാണ് കുറഞ്ഞത് ഒന്‍പതു മാസത്തെ ജീവിത ചിലവിനുള്ള പണം കൂടി അക്കൗണ്ടില്‍ കാണിച്ചാല്‍ മാത്രം വിസ അനുവദിക്കാം എന്ന നിലപാടിലേക്ക് ബ്രിട്ടന്‍ മാറുന്നതും. ജീവിത ചിലവേറിയ ഒരു രാജ്യത്തേക്ക് വരുന്നവര്‍ ആ ചിലവിനുള്ള പണം കൂടി കരുതണം എന്നാണ് സര്‍ക്കാര്‍ പറയുന്നത്. പഠിക്കാന്‍ ആസ്തിയുള്ളവര്‍ മാത്രം യുകെയിലേക്ക് എത്തിയാല്‍ മതിയെന്ന് പറയാതെ പറയുകയാണ് ബ്രിട്ടനിപ്പോള്‍.