തിരുവനന്തപുരം: ഒരു സ്‌ക്വയര്‍ ഫീറ്റ് വീട് നിര്‍മ്മാണത്തിന് 1400 രൂപ മുതല്‍ ചെലവ് മാത്രമേ വരൂവെന്ന പരസ്യ ബോര്‍ഡുകള്‍ കേരളത്തിലെ നിരത്തുകളില്‍ ഉടനീളം കാണാം. അത്യാവശ്യം മികച്ചൊരു വീട് നിര്‍മ്മിക്കാന്‍ സ്‌ക്വയര്‍ ഫീറ്റിന് 1700 രൂപ ചെലവിട്ടാല്‍ മതി. 1800 രൂപ സ്‌ക്വയര്‍ ഫീറ്റിന് ചെലവിട്ടാല്‍ നല്ല അടിത്തറയില്‍ രണ്ടു നില വീടും നിര്‍മ്മിക്കാം. സ്‌ക്വയര്‍ ഫീറ്റിന് 2000 രൂപ നല്‍കിയാല്‍ ഫര്‍ണിഷിംഗ് പോലും ചെയ്ത് നല്‍കുന്ന സ്ഥാപനങ്ങള്‍ കേരളത്തിലുണ്ട്. തിരുവനന്തപുരത്തും കൊച്ചിയിലും അത്യാഡംബര ഫ്‌ളാറ്റുകള്‍ പോലും സ്‌ക്വര്‍ഫീറ്റിന് 5200 രൂപയ്ക്ക് ചെയ്തു കൊടുക്കുന്ന സ്ഥാപനങ്ങളുണ്ട്. ഇതില്‍ സ്ഥല വില അടക്കം വരും. ഇതാണ് വീട് നിര്‍മ്മാണത്തിലെ കേരളാ കണക്ക്.

എന്നാല്‍ വയനാട്ടിലെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ടൗണ്‍ഷിപ്പിലെ വീടുകളുടെ നിര്‍മാണച്ചെലവ് ഈ കണക്കുകളെല്ലാം വെല്ലും. സ്‌ക്വയര്‍ ഫീറ്റിന് 3000 രൂപയാണ് സര്‍ക്കാര്‍ നിശ്ചയിക്കുന്നത്. എങ്ങനെ പോയാലും സ്‌ക്വയര്‍ ഫീറ്റിന് 2000 രൂപയ്ക്ക് മുകളില്‍ പോകാത്ത പണിക്കാണ് ഈ നിരക്ക് നിശ്ചയിക്കല്‍. ടെന്‍ഡറില്ലാതെ കരാറെല്ലാം നല്‍കുന്നത് ഊരാളുങ്കല്‍ കോപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ്. മേല്‍നോട്ടം കിഫ്ബിയുടെ സംവിധാനത്തിനും. അതായത് ഊരാളുങ്കലിന് കോളടിക്കും വിധമാണ് പദ്ധതിയുടെ പ്രാരംഭ ചര്‍ച്ചകളുടെ പോക്ക്. ഇതോടെ പ്രതിസന്ധിയിലായത് സ്‌പോണ്‍സര്‍മാരാണ്. വലിയ ദുരന്തത്തെ അതിജീവിച്ചവര്‍ക്ക് വേണ്ടിയാണ് ടൗണ്‍ഷിപ്പ്. ഇതിനിടെയിലും നിര്‍മ്മാണ കമ്പനിക്ക് ലാഭം ഉണ്ടാക്കാനുള്ള ഓണത്തിനിടയില്‍ പുട്ടു കച്ചവടം എന്ന പഴമൊഴിക്ക് സമാനമായ കാര്യങ്ങളാണ് നടക്കുന്നത്. ടൗണ്‍ഷിപ്പ് നിര്‍മ്മാണത്തിന് നിശ്ചിത മാനദണ്ഡങ്ങളുമായി ടെന്‍ഡര്‍ വിളിക്കുകയായിരുന്നു വേണ്ടിയിരുന്നത്. അങ്ങനെ ടെന്‍ഡര്‍ വിളിച്ചാല്‍ കുറഞ്ഞ തുക ക്വാട്ട് ചെയ്തവര്‍ക്ക് അത് നല്‍കാം. ഇത് സ്‌പോണ്‍സര്‍മാര്‍ക്കും ഖജനാവിനും എല്ലാം ആശ്വാസമായി മാറുമായിരുന്നു. കൃത്യമായ മേല്‍നോട്ടത്തിലൂടെ വീട് നിര്‍മ്മാണത്തിലെ നിലവാരവും ഉറപ്പിക്കാന്‍ കഴിയുമായിരുന്നു. ഇതിന് പകരം ഏകപക്ഷീയമായി 3000 രൂപ സ്‌ക്വയര്‍ ഫീറ്റിലെ നിര്‍മ്മാണമാണ് സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നത്.

ഓഗസ്റ്റ് 29നു ചേര്‍ന്ന സര്‍വകക്ഷിയോഗത്തില്‍ 1000 ചതുരശ്രയടി വീട് 16 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കാമെന്നാണു മുഖ്യമന്ത്രി അറിയിച്ചിരുന്നത്. ഒരെണ്ണത്തിന് 810 ലക്ഷം രൂപ കണക്കാക്കിയാണ് വീടുകളുടെ എണ്ണം പ്രഖ്യാപിച്ചതെന്ന് അറിയിച്ച സ്‌പോണ്‍സര്‍മാര്‍, 16 ലക്ഷം ആയാലും എണ്ണം കുറയ്ക്കില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍, ഇപ്പോള്‍ നിര്‍മാണച്ചെലവ് 30 ലക്ഷത്തിലേക്ക് എത്തിയതോടെ വീടുകളുടെ എണ്ണം കുറയുമോയെന്ന് ആശങ്കയുമുണ്ടെന്നാണ് വിലയിരുത്തല്‍. ഭാവിയില്‍ രണ്ടാംനില നിര്‍മിക്കാനുള്ള സൗകര്യത്തോടെ ഒറ്റനിലയില്‍ 1000 ചതുരശ്രയടി വീട് എന്നതായിരുന്നു സര്‍വകക്ഷിയോഗത്തില്‍ സര്‍ക്കാര്‍ അറിയിച്ചത്. ഒരു ചതുരശ്രയടി നിര്‍മിക്കാന്‍ നാട്ടിലെ സാധാരണ നിരക്കായ 1600 രൂപ കണക്കാക്കി. വീടിന്റെ നിര്‍മാണരീതി മാറാതെതന്നെ ചെലവ് ചതുരശ്രയടിക്ക് 3000 രൂപയിലേക്ക് ഉയര്‍ന്നുവെന്നതാണ് ഇപ്പോഴുണ്ടായ വ്യത്യാസം. ഇത് എന്തുകൊണ്ടാണെന്ന് ആര്‍ക്കും പിടിയില്ല. ഊരാളുങ്കലിന് വേണ്ടിയാണ് ഇതെന്നാണ് സംശയം. ഭാവിയില്‍ സ്‌ക്വയര്‍ ഫീറ്റിന് നാലായിരമായി തുക ഉയര്‍ത്താനും സാധ്യതയുണ്ട്.

100 വീട് വീതം വാഗ്ദാനം ചെയ്ത കോണ്‍ഗ്രസും മുസ്ലിം ലീഗും എന്‍എസ്എസും കര്‍ണാടക സര്‍ക്കാരും ഇതിനായി 30 കോടി രൂപ വീതം കണ്ടെത്തണം. കഴിഞ്ഞദിവസം മുഖ്യസ്‌പോണ്‍സര്‍മാരുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചയില്‍ ആരും വീടിന്റെ എണ്ണം സംബന്ധിച്ച് ഉറപ്പു നല്‍കിയില്ല. ടൗണ്‍ഷിപ് നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന ഭൂമിയില്‍ 4 ഏജന്‍സികള്‍ പരിശോധന നടത്തിയശേഷമാണ് ഏകദേശ എസ്റ്റിമേറ്റ് തയാറാക്കിയതെന്ന് സര്‍ക്കാര്‍ പറയുന്നു. നിര്‍മാണം നടത്തുന്ന ഏജന്‍സി വിശദ പ്ലാന്‍ തയാറാക്കുമ്പോള്‍ ചിലപ്പോള്‍ ചെലവു കുറഞ്ഞേക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. എങ്കിലും മൂവായിരം രൂപയില്‍ നിന്നും വലിയ കുറവ് അവര്‍ വരുത്താന്‍ ഇടയില്ല. സ്‌പോണ്‍സര്‍മാര്‍ എല്ലാവരുംതന്നെ നേരിട്ടു വീടു നിര്‍മിച്ചുനല്‍കാനാണു താല്‍പര്യമറിയിച്ചത്. എന്നാല്‍, സര്‍ക്കാര്‍ വഴി മാത്രമേ നിര്‍മിക്കാനാകൂവെന്നു മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അതായത് എല്ലാ വീടും ഊരാളുങ്കല്‍ തന്നെ നിര്‍മ്മിക്കുമെന്ന് ഉറപ്പിക്കുകയാണ് സര്‍ക്കാര്‍.

മുണ്ടക്കൈ, ചൂരല്‍മല പുനരധിവാസം മന്ത്രിസഭ അംഗീകരിച്ചതിനു പിന്നാലെ ഉന്നതതല യോഗം വിളിച്ച് റവന്യു മന്ത്രി കെ.രാജന്‍ നടപടികളും തുടങ്ങി. ആദ്യഘട്ട പുനരധിവാസത്തിന് അര്‍ഹരായവരുടെ അന്തിമപട്ടിക ജനുവരി 15ന് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഫെബ്രുവരി 10-ന് രണ്ടാംഘട്ട പട്ടികയ്ക്ക് രൂപമാകുമെന്നും അറിയിച്ചു. ദുരന്തബാധിതര്‍ക്ക് നല്‍കുന്ന ഭൂമിയുടെ അളവ് സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കും. 263 പേര്‍ ദുരന്തത്തില്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. 35 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. ഇവര്‍ക്ക് കൂടിയുള്ള മരണസര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കാനുള്ള നടപടിയുണ്ടാകും. പുനരധിവാസ പദ്ധതിക്കായി ഐ.എ.എസ് റാങ്കിലുള്ള ഉന്നത ഉദ്യോഗസ്ഥനെ ഉടന്‍ സ്പെഷ്യല്‍ ഓഫീസറായി നിയമിക്കും.

വയനാട് മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ബാധിതരെ പുനരധിവസിപ്പിക്കാന്‍ കല്പറ്റ വില്ലേജിലെ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും കോട്ടപ്പടി വില്ലേജിലെ നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറും ഭൂമി ഏറ്റെടുക്കും. രണ്ടു ടൗണ്‍ഷിപ്പായാണ് നിര്‍മാണം. ഭൂമിവില വ്യത്യാസമുള്ളതിനാല്‍ എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ ഒരു കുടുംബത്തിന് അഞ്ചുസെന്റും നെടുമ്പാലയില്‍ 10 സെന്റും നല്‍കും. ദുരന്തമേഖലയിലുണ്ടായിരുന്നവരും ജോണ്‍ മത്തായി സമിതി ഇനി താമസിക്കാനാകില്ലെന്ന് അടയാളപ്പെടുത്തിയ മേഖലയിലെ കുടുംബങ്ങളെയുമാണ് പുനരധിവസിപ്പിക്കുക. ടൗണ്‍ഷിപ്പിനുപുറത്ത് താമസിക്കാനാഗ്രഹിക്കുന്ന ദുരന്തബാധിതര്‍ക്ക് അതിനായി 15 ലക്ഷം രൂപ നല്‍കും. ഇതേ തുക കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ മേഖലയിലെ അഞ്ച് ട്രൈബല്‍ കുടുംബങ്ങളെ പുനരധിവസിപ്പിക്കാനും അനുവദിക്കും. അതായത് ഊരാളുങ്കലിന് 30 ലക്ഷം കൊടുക്കാന്‍ പദ്ധതി ഇടുന്നവര്‍ സ്വന്തമായി വീട് വയ്ക്കുന്നവര്‍ക്ക് 15 ലക്ഷമേ നല്‍കൂ. ഇത് വസ്തു നല്‍കാതെയുള്ള തുകയുമാണ്.

പുനരധിവാസത്തിനായി സ്പോണ്‍സര്‍ഷിപ്പ് പ്രകാരം ലഭിക്കുന്ന തുകയുടെ വിനിയോഗത്തിന് പ്രത്യേക ബാങ്ക് അക്കൗണ്ട് തുറക്കും. സി.എം.ഡി.ആര്‍.എഫ്., എസ്.ഡി.ആര്‍.എഫ്., സ്പോണ്‍സര്‍ഷിപ്പ്, സി.എസ്.ആര്‍. ഫണ്ട്, പി.ഡി.എന്‍.എ. റിപ്പോര്‍ട്ട് അടിസ്ഥാനത്തില്‍ ലഭ്യമാകുന്ന കേന്ദ്രസഹായം എന്നിവ പ്രയോജനപ്പെടുത്തും. വൈദ്യുതി, കുടിവെള്ള, ശുചിത്വസംവിധാനം, വിദ്യാലയം, അങ്കണവാടി, കളിസ്ഥലം, ആരോഗ്യകേന്ദ്രം, മാര്‍ക്കറ്റ്, വിനോദസൗകര്യം എന്നിവ ടൗണ്‍ഷിപ്പിലുണ്ടാകുമെന്നാണ് പ്രഖ്യാപനം.