വാഷിംഗ്‌ടൺ: ന്യൂഇയർ രാത്രിയിലെ എല്ലാ സന്തോഷങ്ങളും കെടുത്തി വലിയൊരു ദുരന്തത്തിലോട്ടാണ് കൊടും ഭീകരൻ ഷംസുദ്ദീൻ ജബ്ബാർ അമേരിക്കയെ തള്ളിവിട്ടത്. പുതുവത്സര രാവിലെ ദുരന്ത വാർത്ത അറിഞ്ഞ് ലോകം ഒന്നടങ്കം ഞെട്ടി. പുതുവത്സര ആഘോഷത്തിനിടയിലാണ് ന്യൂ ഓര്‍ലിയന്‍സില്‍ ജനക്കൂട്ടത്തിനിടയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റി 15 പേരെ അതിക്രൂരമായി കൊലപ്പെടുത്തിയത്.

ടെക്സാസില്‍ ജനിച്ചു വളര്‍ന്ന ഷംസുദ്ദീന്‍ ജബ്ബാര്‍ എന്ന 42 കാരനാണ് ഈ ക്രൂരകൃത്യം ചെയ്തത്. ഇടിച്ചു കൊല്ലാന്‍ ഉപയോഗിച്ച ഫോര്‍ഡിന്റെ ഇലക്ട്രിക് വാഹനം പക്ഷെ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ളതാണെന്നും വിവരങ്ങൾ ഉണ്ട്.

ഇപ്പോഴിതാ, മറ്റൊരു ഞെട്ടിപ്പിക്കുന്ന വാർത്തയാണ് ലോകത്തിന് മുന്നിൽ ഷംസുദ്ദീൻ പങ്ക് വെച്ചിരിക്കുന്നത്. ജനക്കൂട്ടത്തിലേക്കു പിക്കപ്പ് ട്രക്ക് ഓടിച്ചുകയറ്റി അപകടമുണ്ടാക്കിയ ഷംസുദ്ദീൻ ജബ്ബാർ ആദ്യം കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്താൻ പദ്ധതിയിട്ടിരുന്നുവെന്ന് എഫ്ബിഐ ഇപ്പോൾ വെളിപ്പെടുത്തുന്നത്.

ബോർബൺ സ്ട്രീറ്റിൽ പുതുവർഷം ആഘോഷിക്കാനായി എത്തിയ ജനക്കൂട്ടത്തിനുനേർക്കു നടന്ന ആക്രമണത്തിൽ 14 പേരാണു കൊല്ലപ്പെട്ടത്. ആക്രമണത്തിനു മുൻപ് ഷംസുദ്ദീൻ ജബ്ബാർനിരവധി വീഡിയോകൾ റെക്കോർഡ് ചെയ്തിരുന്നുവെന്നും ഇവയിലാണു കുടുംബത്തെയും സുഹൃത്തുക്കളെയും കൊലപ്പെടുത്തുന്നതിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്നും എഫ്ബിഐ ഭീകരവിരുദ്ധ വിഭാഗം ഡപ്യൂട്ടി അസിസ്റ്റന്റ് വെളിപ്പെടുത്തുന്നു.

അതുമാത്രമല്ല ഭീകര സംഘടനയായ ഐഎസിൽ ചേരാൻ പ്രേരിപ്പിച്ച സ്വപ്നങ്ങളെക്കുറിച്ചും ജബ്ബാർ വീഡിയോയിൽ പങ്ക് വെയ്ക്കുന്നുണ്ട്. ആക്രമണത്തിന് മണിക്കൂറുകൾക്കും മിനിറ്റുകൾക്കും മുൻപും ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്ഫോമായ ഫെയ്സ്ബുക്കിൽ അഞ്ച് വിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ടെക്സസിൽ ജനിച്ചുവളർന്ന യുഎസ് പൗരനായ ജബ്ബാർ, അഫ്ഗാനിസ്ഥാനിൽ സൈനിക സേവനം നടത്തിയിരുന്നു.

തന്റെ വിവാഹമോചനത്തെക്കുറിച്ചും കുടുംബത്തെ ഒരു ആഘോഷത്തിനെന്ന പേരിൽ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിട്ടതിനെക്കുറിച്ചും ജബ്ബാർ ഈ വിഡിയോയിൽ കറക്ടായി വെളിപ്പെടുത്തുന്നു. എന്നാൽ പദ്ധതി മാറ്റിയത് ‘വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള യുദ്ധം’ എന്നതിൽനിന്നു വാർത്താ തലക്കെട്ടുകൾ മാറിപ്പോകുമെന്നതിനാലാണെന്നും വീഡിയോയിൽ പറയുന്നു.

ഈ വേനൽക്കാലത്തിനു മുൻപായാണ് ഐഎസിൽ ചേർന്നതെന്നും ഇയാൾ പറയുന്നു. ഇയാളുടെ ഫെയ്സ്ബുക് പേജിൽ പ്രാദേശിക സമയം ബുധനാഴ്ച പുലർച്ചെ 1.29നും 3.02നുമായിരുന്നു വീഡിയോകൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആക്രമണത്തിനുശേഷം പോലീസുമായുള്ള ഏറ്റുമുട്ടലിൽ ഇയാൾ പിന്നീടു കൊല്ലപ്പെടുകയും ചെയ്തിരുന്നു.

പക്ഷെ, ഇയാള്‍ ഈ ക്രൂര കൃത്യം ഒറ്റക്ക് ചെയ്തതാണെന്ന് വിശ്വസിക്കുന്നില്ല എന്നും എഫ് ബി ഐ പറയുന്നു. മാത്രമല്ല, മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും, ഈ പ്രദേശത്ത് സ്‌ഫോടകവസ്തുക്കള്‍ എന്ന് സംശയിക്കുന്ന വസ്തുക്കള്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. ജനക്കൂട്ടത്തിലേക്ക് വാഹനം ഓടിച്ചുകയറ്റിയ ശേഷം പിന്നീട് അതില്‍ നിന്നും പുറത്തിറങ്ങിയ ഇയാള്‍ ആള്‍ക്കൂട്ടത്തിനു നേരെ നിറയൊഴിക്കാനും തുടങ്ങി.

ഈ സമയത്തായിരുന്നു പോലീസ് അയാളെ വെടിവെച്ച് കൊലപ്പെടുത്തിയത്. അതുപോലെ ആക്രമണം നടന്ന സമയം ട്രക്കില്‍ ഐസിസിന്റെ പതാക ഉണ്ടായിരുന്നതായും സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായും റിപ്പോർട്ടുകൾ ഉണ്ട്.

*സൈനികനിൽനിന്ന് ഭീകരനിലേക്ക് എത്തിയത് എങ്ങനെ?

പത്ത് വർഷത്തിലേറെ ഇയാൾ സൈന്യത്തിൽ പ്രവർത്തിച്ചിരുന്നു. 2007 മാർച്ച് മുതൽ 2015 ജനുവരി വരെയായിരുന്നു പ്രവർത്തന കാലാവധി. സൈന്യത്തിൽ എച്ച്ആർ, ഐടി വിദഗ്ധനായിരുന്നു. 2009 ഫെബ്രുവരി മുതൽ 2010 ജനുവരി വരെ അഫ്ഗാനിസ്ഥാനിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. 2015 ജനുവരിയിൽ സജീവ സേവനത്തിൽനിന്നു മാറിയെങ്കിലും റിസർവ് യൂണിറ്റിന്റെ ഭാഗമായി 2020 ജൂലൈ വരെ പ്രവർത്തിച്ചിരുന്നു.

സ്റ്റാഫ് സർജന്റ് എന്ന റാങ്കിലാണു ഒടുവിൽ വിരമിച്ചത്. 2010ൽ സെൻട്രൽ ടെക്സസ് കോളജിൽനിന്ന് അസോഷ്യേറ്റ് ബിരുദവും 2017ൽ ജോർജിയ സ്റ്റേറ്റ് സർവകലാശാലയിൽനിന്ന് ബിരുദവും നേടിയിട്ടുണ്ടെന്ന് ഷംസുദ്ദീന്റേതായി ഓൺലൈനിൽ ലഭ്യമായ റെസ്യൂമെയിൽ പറയുന്നു. കംപ്യൂട്ടർ സയൻസ്, ഐടി എന്നീ മേഖലകളിലാണ് ബിരുദങ്ങൾ. ബിസിനസ് ഡെവലപ്മെന്റ്, ഡേറ്റ എൻജിനീയറിങ് എന്നീ മേഖലകളിൽ പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്.

നവമാധ്യമമായ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോകളും ജബ്ബാറിന്റെ ഫോണുകളും ലാപ്ടോപ്പുകളും എഫ്ബിഐയും സുരക്ഷാ സേനകളും പരിശോധനയ്ക്കു വിധേയമാക്കുകയാണ്. സൈനികനായിരുന്ന ഒരാൾ എങ്ങനെയാണ് ഭീകരവാദത്തിലേക്കു പോയതെന്നതിലേക്കു സൂചന എന്തെങ്കിലും ലഭിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ നൽകുന്നത്. കുടുംബത്തിനും എന്താണ് സംഭവിച്ചതെന്ന് അറിയില്ല. ശാന്തനായ, ദയാലുവായ ഒരാൾ എങ്ങനെയാണ് ഇത്രയും ക്രൂരനായതെന്ന ഞെട്ടലിലാണ് സഹോദരൻ അബ്ദുർ ജബ്ബാറും പിതാവ് റഹീം ജബ്ബാറും.

കഴിഞ്ഞ ഒന്നര വർഷമായി ദിവസവുമെന്ന പോലെ അബ്ദുർ ഷംസുദ്ദീനോട് സംസാരിച്ചിരുന്നു. അതുകൊണ്ടുതന്നെ വിവരം അറിഞ്ഞപ്പോൾ ആളുമാറിയത് ആയിരിക്കുമെന്നാണു ആദ്യം കരുതിയതെന്നും അദ്ദേഹം വ്യക്തമാക്കി. ഷംസുദ്ദീൻ ഒരിക്കൽപ്പോലും ഐഎസിനെക്കുറിച്ചു സംസാരിക്കുകയോ ഇത്തരം ചിന്താഗതികൾ വച്ചുപുലർത്തുന്നതായി തോന്നിപ്പിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

*വിവാഹമോചിതനായത് രണ്ടു തവണ

ജനക്കൂട്ടത്തിലേക്ക് ട്രക്ക് ഇടിച്ചുകയറ്റിയ ജബ്ബാർ രണ്ടുവട്ടം വിവാഹമോചിതനായെന്ന് കോടതി രേഖകൾ പറയുന്നു. 2012ൽ വിവാഹമോചനത്തിനു പിന്നാലെ ആദ്യ ഭാര്യ കുട്ടിയുടെ ജീവനാംശത്തിനുവേണ്ടി ജബ്ബാറിനെതിരെ കേസ് കൊടുത്തിരുന്നു. കോടതി അതിന് അനുമതി കൊടുക്കുകയും ചെയ്തു. ഒടുവിൽ 2022ലാണ് ഈ കേസ് അവസാനിപ്പിച്ചത്. 2020ൽ രണ്ടാം ഭാര്യയും വിവാഹമോചന സമയത്ത് കോടതിയിൽനിന്ന് ജബ്ബാറിനെതിരെ റിസ്ട്രെയ്നിങ് ഓർഡർ നേടിയിരുന്നു. ഭാര്യയെയോ കുട്ടികളെയോ ഭീഷണിപ്പെടുത്തുകയോ ദേഹോപദ്രവം ഏൽപ്പിക്കുകയോ മറ്റോ ചെയ്യുന്നതിൽനിന്നു വിലക്കുന്നതാണ് റിസ്ട്രെയ്നിങ് ഓർഡർ.

അതുപോലെ മോഷണത്തിന്റെ പേരിൽ ഒൻപതു മാസം ‘സാമൂഹിക സേവന’മെന്ന ശിക്ഷ 2002ൽ ഇയാൾക്ക് ലഭിച്ചിരുന്നു. മദ്യപിച്ച് വാഹനമോടിച്ചതിനെത്തുടർന്ന് ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. 12 മാസം പ്രൊബേഷനിൽ കഴിയേണ്ടിവന്നു. 200 യുഎസ് ഡോളർ പിഴയും 24 മണിക്കൂർ ‘സാമൂഹിക സേവനവും’ ശിക്ഷ ലഭിച്ചു. വിവാഹമോചനക്കേസ് പെട്ടെന്ന് തീർക്കണമെന്നും ജീവിക്കാൻ കാശ് ഇല്ലെന്നും ഇയാൾ കോടതിക്ക് അയച്ച ഇമെയിലിൽ പറയുന്നുണ്ട്. സ്വന്തമായി തുടങ്ങിയ വ്യാപാരവും നഷ്ടത്തിലാണെന്നും കടമുണ്ടെന്നും രേഖകൾ പറയുന്നു.

ഷംസുദ്ദീൻ ജബ്ബാർ എന്ന 42 കാരന്റെ പ്രവർത്തിയിൽ ലോകം ഒന്നടങ്കം ഞെട്ടിയിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ കൂടുതൽ വെളിപ്പെടുത്തലുകൾ കാണുമെന്നും അധികൃതർ പ്രതിക്ഷീക്കുന്നു. ന്യൂഇയർ രാത്രിയെ കറുത്ത രാത്രിയാക്കിയ ഞെട്ടലിലാണ് അമേരിക്കൻ ജനത.