- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏക്കർ കണക്കിന് സ്ഥലങ്ങൾ 'തീ' വിഴുങ്ങി; ഇതിനോടകം അഞ്ച് പേർ വെന്ത് മരിച്ചു; എല്ലാം പരമാവധി നിയന്ത്രിക്കാൻ ശ്രമിച്ച് അഗ്നിരക്ഷാസേന; വ്യാപക നാശനഷ്ടം; വില്ലനാകുന്നത് കാറ്റ്; ഹോളിവുഡ് ഹിൽസിലും ആശങ്ക; 'നാസ'യുടെ ലാബിനും രക്ഷയില്ല; ഒഴിപ്പിക്കൽ തുടരുന്നു; അടിയന്തരാവസ്ഥ; നേരിടുന്നത് നൂറ്റാണ്ടിലെ തന്നെ വലിയ 'കാട്ടുതീ'; കാലിഫോര്‍ണിയയിൽ അതീവ ജാഗ്രത!
ലോസ് ആഞ്ചലിസ്: അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ജനങ്ങൾ നൂറ്റാണ്ടിലെ തന്നെ വലിയ 'കാട്ടുതീ' യെയാണ് നേരിടുന്നത്. ഇതിനോടകം പ്രദേശങ്ങളിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചെലെസില്‍ പടരുന്ന കാട്ടുതീ വലിയ ആശങ്കയാണ് ഉണ്ടാക്കുന്നതെന്ന് അധികൃതരും വ്യക്തമാക്കി. അതിവേഗമുള്ള കാറ്റിനൊപ്പം ആളിപ്പടരുന്ന കാട്ടുതീ കാലിഫോര്‍ണിയ സംസ്ഥാനത്തെ ഒന്നടങ്കം വിറപ്പിക്കുകയാണ്.
ഇപ്പോഴിതാ, ആളിക്കത്തുന്ന കാട്ടുതീയില്‍ അഞ്ചു മരണം സ്ഥിരീകരിച്ചിരിക്കുകയാണ്. 10,600 ഏക്കറോളം സ്ഥലത്ത് കാട്ടുതീ പടര്‍ന്നു പിടിച്ചതായാണ് റിപ്പോര്‍ട്ട്. അഗ്‌നിരക്ഷാസേനാ അംഗങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. കാട്ടുതീ പടരുന്ന സാഹചര്യത്തില്‍ പ്രദേശവാസികളായ 30,000ല്‍ അധികം ആളുകളെ ഇതിനോടകം മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
സംഭവത്തില്‍ കാലിഫോര്‍ണിയ സംസ്ഥാനത്ത് ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. മഴ കൃത്യമായി പെയ്യാത്തതും വരണ്ട കാലാവസ്ഥയും ഉണക്കമരങ്ങളുമാണ് തീ പെട്ടെന്ന് വ്യാപകമായി പടര്‍ന്നുപിടിക്കാന്‍ കാരണമായത്. ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന പസഫിക് പാലിസേഡ്‌സിലും കാട്ടുതീ അതിരൂക്ഷമായി പടർന്നുപിടിക്കുകയാണ്.
തുടര്‍ന്ന് ഹോളിവുഡ് ഹില്‍സില്‍ വീണ്ടും തീപിടിത്തം നടന്നതായി വിവരങ്ങൾ ഉണ്ട്. പ്രദേശത്ത് വെള്ളം വര്‍ഷിച്ച് തീകെടുത്താന്‍ ശ്രമം തുടരുകയാണെന്ന് അഗ്‌നിശമനസേനാ വിഭാഗം മേധാവി ക്രിസ്റ്റിന്‍ ക്രൗലി പറഞ്ഞു.
രണ്ട് സ്‌കൂളുകള്‍ പൂര്‍ണമായും കത്തി നശിച്ചതായി ലോസ്ആഞ്ചലിസ് യൂണിഫൈഡ് സ്‌കൂള്‍ സൂപ്രണ്ട് ആര്‍ബെര്‍ട്ടോ കാര്‍വല്‍ഹോ വ്യക്തമാക്കി. കുട്ടികള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാനായി എട്ട് കേന്ദ്രങ്ങള്‍ തുറക്കുകയും ചെയ്തിട്ടുണ്ട്. അപകടസാഹചര്യം നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്തെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അധികൃതരുടെ നിർദ്ദേശങ്ങൾ വളരെ കൃത്യമായി പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അതേസമയം, സാന്‍ ഗബ്രിയേല്‍ കുന്നുകളുടെ താഴ്‌വാരത്ത് 177 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന നാസയുടെ ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി താല്‍ക്കാലികമായി അടച്ചു. ലാബിനോട് വളരെ ചേര്‍ന്ന് കാറ്റ് ചില കേടുപാടുകള്‍ സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്. എന്നതൊഴിച്ചാല്‍ ജെപിഎല്ലില്‍ കാട്ടുതീ അപകടമൊന്നും ഇതുവരെ സൃഷ്ടിച്ചില്ല.
അതേസമയം നൂറുകണക്കിന് ജീവനക്കാര്‍ വീടുകള്‍ ഒഴിഞ്ഞു. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമായി. ദുരിതാശ്വാസ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക നന്ദി അറിയിക്കുകയാണ്, എല്ലാവരും സുരക്ഷിതരായിക്കുവാന്‍ ശ്രദ്ധിക്കുക എന്നും ജെറ്റ് പ്രൊപല്‍ഷ്യന്‍ ലബോററ്ററി ഡയറക്ടര്‍ ലൗറി ലെഷിന്‍ എക്സിലൂടെ വ്യക്തമാക്കി.