ലോസ് ആഞ്ചലസ്: കൂട്ടം കൂട്ടമായി നില്‍ക്കുന്ന സസ്യജാലങ്ങള്‍... വരണ്ട സാഹചര്യം... പതിവില്ലാത്ത കറ്റ്...ലോസ് ആഞ്ചലസിന്റെ 20 മൈല്‍ ചുറ്റളവിനെ ദഹിപ്പിക്കാനെത്തിയ അഗ്നിക്ക് സഹായകരമായത് ഇതെല്ലാം തന്നെ. വെറും 48 മണിക്കൂര്‍ കൊണ്ടാന് ഇത്രയും വിസ്തൃതിയില്‍ താണ്ഡവമാടിയ അഗ്നി എല്ലാം ഭസ്മമാക്കിയത്. ചൊവ്വാഴ്ച രാവിലെ, നഗരപ്രാന്തത്തിലുള്ള ഒരു വീട്ടിന്റെ പുറകുവശത്തെ പറമ്പിലുണ്ടായ ഒരു ചെറിയ തീപ്പൊരിയാണ് ഇത്രയും വലിയ നാശം വിതച്ചത്.

ആദ്യം ഒരു ചെറിയ പുക മാത്രമായിരുന്നു കണ്ടത്. പിന്നീട് അത് കനം കൂടിവന്ന് വന്‍ അഗ്നി നാളമായി മാറുകയായിരുന്നു.ഉണങ്ങിക്കരിഞ്ഞ കുറ്റിച്ചെടികളും മറ്റും അഗ്നിക്ക് ആഹാരമായി മാറിയതോടെ തീ ആളിക്കത്തുകയായിരുന്നു.അധികം വൈകാതെ നഗര പ്രാന്തപ്രദേശങ്ങളെ വിഴുങ്ങിയ തീയണയ്ക്കാന്‍ കഴിയാതെ ലോക വന്‍ശക്തിയായ അമേരിക്ക നാണം കെട്ടിരിക്കുകയാണ്. പല ആഡംബര സൗധങ്ങളെയും ഭസ്മമാക്കിയ തീനാളങ്ങള്‍ ഇതുവരെ ഉണ്ടാക്കിയത് ഏകദേശം 48 ബില്യന്‍ ഡോളറിന്റെ നഷ്ടമാണെന്നാണ് കണക്കുകള്‍ പറയുന്നത്.

ചൊവ്വാഴ്ച രാവിലെ പത്ത് മണിയോടെ ഒരു വീടിന്റെ പുറകിലുള്ള ഉദ്യാനത്തിലാണ് അവിചാരിതമായി അഗ്നിബാധ ആരംഭിച്ചത് എന്നാണ് ലോസ് ഏഞ്ചലസ് ഫയര്‍ ചീഫ് ക്രിസ്റ്റിന്‍ ക്രോളി പറയുന്നത്. ഇതിനു മുന്‍പെങ്ങും കണ്ടിട്ടില്ലാത്തത്ര വേഗത്തിലാണ് തീ പടരുന്നതെന്നും അവര്‍ മാധ്യമങ്ങളോട് പറഞ്ഞു.ജീവിതത്തില്‍ ഇതുവരെ ഇതുപോലൊരു അഗ്നിബാധ കണ്ടിട്ടില്ലെന്നും അവര്‍ പറഞ്ഞു. അതിതീവ്രവായ ഈര്‍പ്പം നിറഞ്ഞ കാലാവസ്ഥയും അപകടരകമായ വിധത്തിലുള്ള വന്‍ വരള്‍ച്ചയും ഏറെ കാലതാമസമില്ലാതെ മാറിമാറി വരുന്ന ഹൈഡ്രോക്ലൈമറ്റ് വിപ്ലാഷ് എന്ന പ്രതിഭാസമാണ് ഇത്തരത്തിലുള്ള അപകടങ്ങള്‍ക്ക് കാരണം എന്നാണ് യൂണിവേഴ്സിറ്റി ഓഫ് കാലിഫോര്‍ണിയ ലോസ് ഏഞ്ചലസിലെ ശാസ്ത്രജ്ഞ്ഞ്മാര്‍ പറയുന്നത്.

എല്‍ നിനോ പ്രതിഭാസം മൂലം ലോസ് ഏഞ്ചലസില്‍ കഴിഞ്ഞ വര്‍ഷം കനത്ത മഴയായിരുന്നു ലഭിച്ചത്. ഇത് സസ്യജാലങ്ങള്‍ തഴച്ചു വളരുവാന്‍ കാരണമായി. തുടര്‍ന്നുണ്ടായ വരള്‍ച്ചയില്‍ അവയെല്ലാം ഉണങ്ങിക്കരിയുകയും ചെയ്തു. ഇതാണ് തീ അതിവേഗം പടരുന്നതിന് ഇടയാക്കിയത്. ഒപ്പം ഒരു ത്വരകമായി, കരയുടെ ഉള്‍ഭാഗത്തു നിന്നും കടലിലെക്ക് വീശുന്ന, ചെകുത്താന്‍ കാറ്റുകള്‍ എന്ന് അറിയപ്പെടുന്ന സാന്റാ ആന കാറ്റും കൂടിയായപ്പോള്‍ എല്ലാം പൂര്‍ത്തിയായി.

ഏറെ സെലിബ്രിറ്റികള്‍ താമസിക്കുന്ന ഇടമാണിത്. ഇപ്പോഴും പലരെയും ഒഴിപ്പിക്കുവാനുള്ള ശ്രമങ്ങള്‍ നടക്കുകയാണ് പല പ്രമുഖ ടി വി സിനിമാ താരങ്ങളും ഗായകരും എല്ലാം സമൂഹമാധ്യമങ്ങളില്‍ എത്തി അവരുടെ വീടുകള്‍ കത്തി നശിച്ച കഥകള്‍ പറയുന്നുണ്ട്. ആയിരത്തിലധികം അഗ്‌നിശമന സേനാംഗങ്ങളാണ് തീയണക്കാനുള്ള ശ്രമത്തില്‍ പങ്കെടുക്കുന്നത്. പത്ത് റോട്ടറി വിംഗ് എയര്‍ക്രാഫ്റ്റുകളും രണ്ട് സി- 130 വിമാനങ്ങളും അഗ്നിശമന പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. അഗ്നി നിയന്ത്രണാധീനമായാല്‍, മനുഷ്യരെ കണ്ടെത്താന്‍ പ്രത്യേക പരിശീലനം നല്‍കിയ നായ്ക്കളെ കൊണ്ടുവന്ന് തിരച്ചില്‍ നടത്തും.

അതേസമയം, അഗ്‌നിക്കിരയായ പല വീടുകള്‍ക്കും ഇന്‍ഷുറന്‍സ് ലഭിക്കില്ല എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. മാലിഫോര്‍ണിയയിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനികളില്‍ ഒന്ന് കഴിഞ്ഞ വേനല്‍ക്കാലത്ത് തന്നെ അഗ്നിബാധക്കെതിരെയുള്ള ഇന്‍ഷുറന്‍സ് കവറേജ് റദ്ദാക്കിയിരുന്നു.സാമ്പത്തിക പ്രശ്നങ്ങളില്‍ കുടുങ്ങാതിരിക്കുന്നതിനായിരുന്നു. ഇത്. കഴിഞ്ഞവര്‍ഷം കാലിഫോര്‍ണയയില്‍ ഏകദേശം 72,000 വീടുകളുടെ കവറേജ് റദ്ദാക്കിയതായി കമ്പനി അറിയിച്ചിരുന്നു.

സംസ്ഥാനത്ത് അഗ്‌നിബാധയും കാട്ടുതീയുമൊക്കെ കൂടെക്കൂടെ ഉണ്ടാകാന്‍ തുടങ്ങിയതോടെയാണ് സ്റ്റേറ്റ്ഫാം, ഇന്‍ഷുറന്‍സ് ഇത്തരത്തിലൊരു തീരുമാനം എടുത്തത്. ഏകദേശം 48 ബില്യന്‍ ഡോളറിന്റെ നഷ്ടമാണ് ഈ അഗ്‌നിബാധ വരുത്തി വെച്ചത് എന്നാണ് ഇതുവരെയുള്ള പ്രാഥമിക വിലയിരുത്തല്‍.